അടുത്ത സീസണിലെങ്കിലും ഒരു ഡെലിഗേറ്റനായി പിറക്കാം...
Posted on: 18 Dec 2009
അടുത്ത വളവില്‍ ഹെല്‍മെറ്റ് പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞാല്‍ തലയില്‍ ഹെല്‍മെറ്റ് വെച്ചവനും തൊട്ടടുത്ത ഇടവഴീല്‍ക്കൂടി തിരിഞ്ഞുപോകും. അതുപോലായിരുന്നു റെട്രോകള്‍ പ്രദര്‍ശിപ്പിച്ച ചില വേദികളുടെ അവസാന അവസ്ഥ. ബോറിങ് റെട്രോകളാണെന്ന് മുന്‍വിധിയോടെ ആ തിയേറ്ററിരിക്കുന്ന ജങ്ഷനിലേക്കുപോലും പലരും കടന്നില്ല. മികച്ച റെട്രോകളുണ്ടായിരുന്നെങ്കിലും ചുരുക്കം ചില പഴഞ്ചനുകളെ സിനിമാ പ്രേമികള്‍ ആദ്യമേ കൈയൊഴിഞ്ഞു. മേളയുടെ അവസാന ദിനങ്ങള്‍ സിനിമാ പ്രേമികള്‍ക്ക് 'അത്രയ്ക്കങ്ങട്' പിടിച്ച മട്ടുണ്ടായിരുന്നില്ല. സാംസ്‌ക്കാരിക രംഗത്തെ ഒരു നിറസാന്നിധ്യത്തോട് ഏതൊക്കെ സിനിമ കണ്ടു എന്നു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ-കൈരളീലെ രാവിലത്തെ പടം. കലാഭവനിലെ ഉച്ചപ്പടം..പിന്നെ വൈകീട്ട് ധന്യയില്‍ പോയി. രാത്രിയിനി ന്യൂവിലെ സിനിമ കാണണം. സിനിമയുടെ പേരുകളൊന്നും ഓര്‍മ്മയില്ലത്രേ!
നിറയെ കാണികളെയുമിരുത്തി ഇറാന്‍ സിനിമ തകര്‍ത്തോടുകയാണ്. തമാശകളും പ്രണയവുമൊക്കെയായി ഹാപ്പിയായി കഥ പകുതിയും കടന്ന് പോകുന്നു. കടല്‍തീരത്ത് ആഹ്ലാദം പങ്കുവെയ്ക്കുന്ന നായികയ്ക്കും നായകനുമൊപ്പം കാണികള്‍ക്കും സന്തോഷം. ഇതിനിടെ കടലില്‍ കളിച്ചുകൊണ്ടിരുന്ന കൊച്ചുമകളോട് കയറിവരാന്‍ നായിക ഇടയ്ക്കിടെ പറയുന്നുണ്ട്. നല്ല അനുസരണയുള്ള കുട്ടിയായതുകൊണ്ട് അവള്‍ വീണ്ടും കടലില്‍ കളി തന്നെ. പെട്ടെന്നാണ് കുട്ടി തിരയില്‍പെടുന്നത്. ഉല്ലാസ രംഗങ്ങളെല്ലാം ഒരു ഞൊടിയില്‍ അവസാനിച്ചു. കഥ നേരേ 'സെന്റി'യിലേക്ക്. ഇതു സഹിക്കാനാകാതെ ഒരു പ്രേക്ഷകന്‍ ഉറക്കെ വിളിച്ചു പറഞ്ഞു-''ആ കൊച്ചിനെ നേരത്തേയങ്ങ് പിടിച്ചു കേറ്റിയിരുന്നേല്‍ സിനിമ എന്ത് സ്മൂത്തായി പോയേനെ. തള്ളമാരായാല്‍ കുറച്ചൂടെ ശ്രദ്ധ വേണ്ടേ''. കുറച്ചുകഴിഞ്ഞ് സെന്റി സഹിക്കാനാകാതെ അമര്‍ഷത്തോടെ ഈ ചങ്ങാതി ഇറങ്ങിപ്പോയതുകണ്ടപ്പോഴാണ് പുള്ളിക്കാരന്‍ വെറും കമന്റ് പറഞ്ഞതല്ല, ആള് സീരിയസായിരുന്നുവെന്ന് മറ്റുള്ളവര്‍ക്ക് മനസിലായത്.
ഏതു സിനിമയ്ക്കുപോയാലും നെടുനീളത്തില്‍ ക്യൂ. അനുസരണയുള്ള ഡെലി'ഗോട്ടു'കളായി ക്യൂനില്‍ക്കുന്നവര്‍ വാതില്‍പാളി തുറന്നുകഴിഞ്ഞാല്‍ കയംകണ്ട കന്നുകളാകും. ഒറ്റ നിമിഷംകൊണ്ട് ക്യൂവിന്റെ രൂപംമാറും ഭാവം മാറും. ആള്‍ക്കൂട്ടമായി രൂപാന്തരം പ്രാപിക്കുമ്പോള്‍ കൈയൂക്കുള്ളവന്‍ കയറിപ്പറ്റും. ഈ രംഗങ്ങള്‍ കണ്ടുമടുത്ത തിയേറ്റര്‍ ജീവനക്കാര്‍ക്കും അമര്‍ഷം- വലിയ ബുദ്ധിജീവികളാണെന്നാണ് വെയ്പ്പ്. ബിവറേജസിന് മുന്നിലെ ന്യുഇയര്‍ ക്യൂവില്‍പോലും ഇത്രയ്ക്ക് കശപിശ നിങ്ങള്‍ക്ക് കാണിച്ചുതരാമോ. എന്തൊക്കെയായാലും തമാശകളും ഗൗരവചിന്തകളുമൊക്കെ നിറഞ്ഞ് മേള ഗംഭീരമായിരുന്നുവെന്നതിനെ സംവിധായകന്‍ വിനയന്‍പോലും എതിര്‍ക്കില്ല. 'ബര്‍ഗര്‍മാനും' സ്വീഡനിലേക്ക് മടങ്ങുകയാണ്. അടുത്തമേളയ്ക്ക് കൈരളി പടിക്കെട്ടില്‍വെച്ചു കാണാം. പിന്നെ ഒരു കാര്യം പറയാന്‍വിട്ടു-മ്മടെ 'ആന്റീക്രൈസ്റ്റ്'. വെള്ളിയാഴ്ച രാവിലെ പ്രേക്ഷകരുടെ ആക്രാന്തം മാനിച്ച് വീണ്ടും കാണിക്കുന്നുണ്ട്; മിസ്സ് ചെയ്യണ്ട.