ഇന്ന് കൊടിയിറക്കം: ആന്റി ക്രൈസ്റ്റ് വീണ്ടും
Posted on: 18 Dec 2009

തിരുവനന്തപുരം: പ്രേക്ഷകരെ ആസ്വാദനത്തിന്റെ കനകക്കുന്നിലേറ്റിയ ലോകക്കാഴ്ചകള്‍ക്ക് വെള്ളിയാഴ്ച മടക്കം. നിശാഗന്ധിയില്‍ അവാര്‍ഡ് പ്രഖ്യാപനത്തോടെ പതിനാലാമത് ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങുമ്പോള്‍ പ്രേക്ഷകരുടെ ഓര്‍മയില്‍ തങ്ങുന്നത് ഒരാഴ്ചത്തെ ഉത്സവക്കാലമാണ്. പ്രേക്ഷകരെ ഉലച്ച നിരവധി ചിത്രങ്ങള്‍ ഇക്കുറി മേളയ്‌ക്കെത്തിയിരുന്നു.
ഇതില്‍ ഞെട്ടല്‍ക്കാഴ്ച സമ്മാനിച്ച 'ആന്റിക്രൈസ്റ്റ്' എന്ന ചലച്ചിത്രം വെള്ളിയാഴ്ച കൂടി പ്രദര്‍ശിപ്പിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മൂന്നും നാലും തവണ മത്സരചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിലൂടെ ഇക്കുറി പ്രേക്ഷകര്‍ക്ക് നല്ല സിനിമ തിരഞ്ഞെടുക്കാനുള്ള അവസരം കൂടിയാണ് ലഭിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം 3ന് ആണ് അവസാന പ്രദര്‍ശനങ്ങള്‍.
പ്രേക്ഷകരുടെ ചിത്രം തിരഞ്ഞെടുക്കുന്നതിനുള്ള പോളിങ് ആരംഭിച്ചുകഴിഞ്ഞു. കൈരളി തിയേറ്ററില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് സംവിധായകന്‍ മാണിക് ചക്രവര്‍ത്തിയാണ് ആദ്യമായി വോട്ട് ചെയ്തത്. കൈരളി, ശ്രീ, ന്യൂ തിയേറ്ററുകളിലായി മൂന്ന് പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
164 ചിത്രങ്ങളാണ് എട്ട് തിയേറ്ററുകളിലായി മേളയില്‍ പ്രദര്‍ശിപ്പിച്ചത്. മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണുള്ളത്. പ്രേക്ഷകരുടെ പൂര്‍ണപിന്തുണ ഇക്കുറി പാക്കേജുകള്‍ക്കായിരുന്നു.
മത്സരവിഭാഗത്തിലെ രണ്ട് ചിത്രങ്ങള്‍ അവസാന മണിക്കൂറുകളിലാണ് എത്തിച്ചേര്‍ന്നത്. കഴിഞ്ഞ മേളകളേക്കാള്‍ പ്രേക്ഷകാധിക്യം കൊണ്ട് ശ്രദ്ധ നേടിയ മേളയാണിതെന്ന് ചലച്ചിത്ര അക്കാഡമി അധ്യക്ഷന്‍ കെ.ആര്‍. മോഹനന്‍ പറഞ്ഞു.