Mathrubhumi Logo

തിരക്ക് നിയന്ത്രിക്കാന്‍ ലാത്തിവീശല്‍

Posted on: 17 Dec 2009

തിരുവനന്തപുരം: കലാശക്കൊട്ടിലേക്ക് മേള നീങ്ങുമ്പോള്‍ തിയേറ്ററുകളില്‍ വന്‍തിരക്ക്. 'ആന്റി ക്രൈസ്റ്റ്' എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് ലാത്തി വീശേണ്ടിവന്നു. ന്യൂ തിയേറ്ററില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു ഇതിനോടകം പ്രേക്ഷകരെ ഞെട്ടിച്ച 'ആന്റി ക്രൈസ്റ്റ്' എന്ന ചലച്ചിത്രത്തിന്റെ മൂന്നാം പ്രദര്‍ശനം നടന്നത്. മുന്‍കൂട്ടി റിസര്‍വ് ചെയ്തിട്ടും പോലീസിന്റെ ലാത്തിയടി ഏല്‍ക്കേണ്ടിവന്നു ചില ഡെലിഗേറ്റുകള്‍ക്ക്.

ചൊവ്വാഴ്ച മുതല്‍തന്നെ എല്ലാ തിയേറ്ററുകള്‍ക്ക് മുന്നിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. പുനഃപ്രദര്‍ശനങ്ങള്‍ക്കുപോലും വന്‍തിരക്കാണനുഭവപ്പെട്ടത്. റെട്രോസ്‌പെക്ടീവുകളില്‍ ഇക്കുറി പ്രേക്ഷകരുടെ മനം കവര്‍ന്നത് 'പെനക്കും' 'പെക്കും' ആയിരുന്നു. പ്രേക്ഷകര്‍ ഇവരുടെ സിനിമകള്‍ക്കായി ഇരച്ചു കയറി.

ന്യൂ തിയേറ്ററില്‍ ബുധനാഴ്ച രാവിലെ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പെനക്ക് റത്‌നാറുവാങ്ങിന്റെ സിനിമയുടെ പ്രദര്‍ശനം വൈകിയെന്നാരോപിച്ച് ഡെലിഗേറ്റുകളില്‍ ഒരു വിഭാഗം ബഹളംവച്ചു. സംവിധായകന്‍ വരുമെന്നറിയിച്ചിട്ടുണ്ടെന്നും പത്തുമിനിട്ട് കഴിഞ്ഞാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്നും അറിയിപ്പുണ്ടായതിനെ തുടര്‍ന്നാണ് പ്രേക്ഷകര്‍ ബഹളംവച്ചത്. പത്തുമിനിട്ടിലേറെ വൈകിയിട്ടും സംവിധായകന്‍ എത്താത്തതിനെത്തുടര്‍ന്ന് പ്രദര്‍ശനം ആരംഭിച്ചു.

മലയാള സിനിമാ സാങ്കേതിക വിദഗ്ദ്ധരും അഭിനേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ സജീവ സാന്നിധ്യമറിയിച്ചു. പവലിയനില്‍ സാന്നിധ്യമറിയിച്ച് മടങ്ങുന്നതിനുപകരം മിക്കവരും തിയേറ്ററുകളില്‍ സിനിമ കണ്ടാണ് മടങ്ങിയത്. ക്യൂബന്‍, ലാറ്റിനമേരിക്കന്‍ സിനിമകളോടായിരുന്നു മിക്കവര്‍ക്കും പ്രിയം. മലയാളം സിനിമാ ടെക്‌നീഷ്യന്മാരുടെ സംഘടന പിളര്‍ന്ന ശേഷമുള്ള ആദ്യമേളയായിരുന്നു ഇത്. എന്നാല്‍ സംഘടനാപരമായ ഭിന്നതകള്‍ മറന്നുപോലും സംവിധായകര്‍ മേളയില്‍ സജീവപങ്കാളിത്തം വഹിച്ചു.

'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകള്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും നിറഞ്ഞ സദസ്സിനു മുന്നിലാണ് പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രഹസനമായത് ഓപ്പണ്‍ഫോറങ്ങളായിരുന്നു. ഓപ്പണ്‍ഫോറങ്ങളിലെ മദ്യപശല്യം ഗൗരവപരമായ ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുന്നുവെന്ന് ഡെലിഗേറ്റുകള്‍ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ നിഷ്‌ക്രിയരാണ്. ഈ പരാതി ഉന്നയിക്കുന്ന വനിതകള്‍ക്ക് നിന്ദ്യമായ മറുപടിയാണ് പലപ്പോഴും ലഭിക്കുന്നത്.



ganangal
iffk reservation


മറ്റു വാര്‍ത്തകള്‍

  12 3 4 5 »
movie channel iFFK photogallery
Discuss