വെളിച്ചത്തിലേക്കുള്ള പടവുകള്‍
Posted on: 16 Dec 2009

രംഗപ്രവേശം
സിനിമാ പ്രവര്‍ത്തകരായിരുന്ന സെല്‍ക് ഇനാകും നെവിന്‍ കാന്‍ഗറുമാണ് മാതാപിതാക്കള്‍. ഇരുവരും പുകയുന്ന തുര്‍ക്കിയുടെ രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിച്ചതിന് ജയിലിലടയ്ക്കപ്പെട്ടവര്‍. സ്വാഭാവികമായും ചലച്ചിത്രവാസന എനിക്കുമുണ്ടായി. വിദ്യാഭ്യാസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി അമേരിക്കയിലേക്ക് പോയെങ്കിലും തുര്‍ക്കി എന്നെ തിരിച്ചുവിളിച്ചു. തുര്‍ക്കിയിലെയും ഇറാഖിലെയും രാഷ്ട്രിയ സാഹചര്യങ്ങള്‍ എന്നെ സിനിമയിലേക്ക് കൊണ്ടുവന്നു. രാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ ഇത്തരം തിരിച്ചുവരവുകള്‍ നിര്‍ണായകമാണല്ലോ!
സിനിമയില്‍...
രാഷ്ട്രീയ പ്രതിസന്ധികള്‍ നമ്മെ പ്രതികരിക്കാന്‍ പഠിപ്പിക്കുന്നു. പ്രതികരിക്കാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം സിനിമയായിരുന്നു. ആധുനിക രാഷ്ട്രീയത്തിന്റെ ഉപകരണമായ സൈനിക നടപടികള്‍ പ്രമേയമായ 'സിന്‍കിര്‍ബോസാന്‍' (2007) ആണ് ആദ്യചിത്രം. രാഷ്ട്രീയത്തിന്റെ കാപട്യങ്ങളും ക്രൂരതകളും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. റിയലിസ്റ്റിക് സിനിമയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഷ്ട്രീയബോധമുണ്ടാകാന്‍ യാഥാര്‍ത്ഥ്യബോധം വേണം. കാല്പനികതയുടെ ഭൂമികയില്‍ ഒന്നിനും സ്ഥായിയായ നിലനില്പില്ല.
ഇരുട്ടിലേക്കുള്ള പടവുകള്‍....
രണ്ടാമത്തെ ചിത്രമായ 'എ സ്റ്റെപ്പ് ഇന്‍ടു ദി ഡാര്‍ക്‌നസി'ന്റെ നിര്‍മ്മാണം എന്നെ പിടിച്ചുലച്ചു. സുന്നികളും ഷിയകളും പോരടിക്കുന്ന ഇറാഖ്. അമേരിക്കയുടെ ക്രൂരവിനോദങ്ങള്‍ കളങ്കപ്പെടുത്തിയ ഇറാഖ്. ചിത്രനിര്‍മ്മാണത്തിന് മുന്നോടിയായി രാഷ്ട്രീയത്തിന്റെ വിഴുപ്പുഭാണ്ഡങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ഇറാഖികളുമായി ഞാന്‍ നേരിട്ട് സംവദിച്ചു. പ്രവര്‍ത്തിച്ചു. ചിത്രത്തിന്റെ പ്രമേയം ലളിതവും അതേസമയം ഇറാഖിലെ സാമൂഹികാവസ്ഥകളുടെ കൃത്യമായ പ്രതിഫലനവുമാണ്. സങ്കീര്‍ണതകള്‍ നിറഞ്ഞ പുറംലോകത്തിലേക്ക് വലിച്ചെറിയപ്പെടുന്ന 'സെന്നറ്റെ'ന്ന ബാലികയുടെ കഥ. പര്‍ദ്ദയ്ക്ക് പുറത്തുള്ള ലോകത്തിന്റ നഗ്‌നതയും വൈകൃതങ്ങളും അവള്‍ ആദ്യമായി കാണുകയാണ്. യാത്രയ്ക്കിടയില്‍ അവള്‍ നിരവധി പീഡനങ്ങളേല്‍ക്കുന്നു. ബലാല്‍ത്സംഗം ചെയ്യപ്പെടുന്നു. ആത്മഹത്യയുടെയും തീവ്രവാദത്തിന്റെയും വക്കുകളില്‍ മുറിവേറ്റ ഹൃദയവുമായി അവള്‍ യാത്ര തുടരുന്നു.
യൂറോപ്പിലെ രോഗി
തുര്‍ക്കിയെ ഞാന്‍ സ്നേഹിക്കുന്നു. പാമുക്കിന്റെ രചനകളിലൂടെ തുര്‍ക്കിയെ ലോകത്തിനറിയാം. 'മഞ്ഞി'ലും 'ഇസ്താംബൂളി'ലും 'ചുവപ്പാണെന്റെ പേരി'ലും തുര്‍ക്കിയുടെ സാമൂഹിക സാഹചര്യങ്ങള്‍ പാമുക് സത്യസന്ധമായി കോറിയിടുന്നുണ്ട്. പാമുക്കിന്റെ ആരാധകന്‍കൂടിയാണ് ഞാന്‍. ഫാതി അകിന്റെ 'ദ എഡ്ജ് ഓഫ് ഹെവനി'ലും വിതുമ്പുന്ന തുര്‍ക്കിയെ കാണാം. പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കും രാഷ്ട്രങ്ങളുടെ ഭാവിയെ തിരിത്തിക്കുറിക്കാന്‍ കഴിയും. അത് പൊടുന്നനെയുള്ള ഒരു മാറ്റമായിരിക്കില്ല. ക്രമാനുഗതമായ, സുഖമുള്ള ഒരു മാറ്റം. അതിനായി ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഇന്ത്യയും രാജ്യാന്തര ചലച്ചിത്രമേളയും
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര കമ്പോളമായ ഇന്ത്യയിലെ സിനിമകളെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല എന്ന് പറയുന്നതില്‍ ലജ്ജയുണ്ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനായതില്‍ സന്തോഷവുമുണ്ട്. ഇത്രയും ഉത്സാഹവും ജിജ്ഞാസയുമുള്ള കാഴ്ചക്കാരെ ഞാന്‍ മറ്റെവിടെയും കണ്ടിട്ടില്ല. ഏതുതരം സിനിമകളും കാണാനും വിമര്‍ശിക്കാനും അവര്‍ തയ്യാറാണ്. സംഘാടനവും വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനവും ഗംഭീരം. അവിശ്വസനീയമെന്ന് പറയാം. ഈ മേള എന്നെ അടിമുടി മാറ്റി. ഒരിക്കലും ഞാനിത്രയും ശാന്തനായിരുന്നിട്ടില്ല (നിര്‍മ്മാതാവായ ഡെറിയയെ നോക്കി ചിരിക്കുന്നു).