Mathrubhumi Logo

പ്രേക്ഷകന്‍ v/s ജൂറി

സ്വന്തം ലേഖകന്‍ Posted on: 16 Dec 2009

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള കൊടിയിറങ്ങാന്‍ ഇനി ഒരു ദിനം കൂടി. മത്സരവിഭാഗത്തിലെ മൂന്നു ചിത്രങ്ങളുടെ പുനഃപ്രദര്‍ശനമടക്കം അറുപതോളം സിനിമകള്‍ വ്യാഴം, വെള്ളി ദിനങ്ങളിലായി പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളില്‍ 12 ഉം പ്രദര്‍ശിപ്പിച്ച നിലയ്ക്ക് സൂവര്‍ണ ചകോരം ഏതു സിനിമയ്ക്ക് എന്ന കാര്യത്തില്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചകള്‍ പൊടിപൊടിയ്ക്കുകയാണ്.

മികച്ച സിനിമയ്ക്ക് സുവര്‍ണ ചകോരം (പത്തുലക്ഷം രൂപയും ട്രോഫിയും), മികച്ച സംവിധായകനും മികച്ച പുതുമുഖ സംവിധായകനും പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനും രജത ചകോരങ്ങള്‍ എന്നിവയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നല്‍കുന്ന പുരസ്‌ക്കാരങ്ങള്‍. ചലച്ചിത്രമേളയുടെ ചരിത്രമെടുത്താല്‍ മിക്കവര്‍ഷങ്ങളിലും പ്രേക്ഷകരുടെ ഇഷ്ടവും ജൂറി തീരുമാനവും വിരുദ്ധ ദിശയിലാണെന്ന് കാണാം. കഴിഞ്ഞ വര്‍ഷം ഹെന്റിക് റിവെറോ സംവിധാനം ചെയ്ത 'പാര്‍ക്ക് വിയ'യ്ക്കായിരുന്നു സുവര്‍ണ ചകോരം ലഭിച്ചത്. എന്നാല്‍ പ്രേക്ഷകര്‍ ഒന്നടങ്കം തിരഞ്ഞെടുത്തത് ശ്രീലങ്കന്‍ ചിത്രമായ 'മച്ചാനെ' ആയിരുന്നു.

ഇതിനുപുറമേ, ചലച്ചിത്രമേളയില്‍ മികച്ച പ്രതികരണം നേടിയ 'പോസ്റ്റ് കാര്‍ഡ് ഫ്രം ലെനിന്‍ ഗ്രാഡ്' എന്ന ചിത്രത്തിന്റെ സംവിധായികയ്ക്ക് മികച്ച സംവിധാനത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചത് പ്രേക്ഷകര്‍ക്ക് അല്‍പ്പം ആശ്വാസം പകര്‍ന്നു. തൊട്ടുമുന്നിലത്തെ വര്‍ഷം, ചലച്ചിത്രമേളയുടെ തന്നെ മുദ്രയായി മാറിയ 'വയലിന്‍' എന്ന ചിത്രത്തെ ജൂറി തഴഞ്ഞത് ഞെട്ടലോടെയാണ് ചലച്ചിത്രാസ്വാദകര്‍ ശ്രവിച്ചത്. ഇക്കുറി നാല് ഇന്ത്യന്‍ ചിത്രങ്ങളടക്കം 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ഇന്ത്യയില്‍ നടക്കുന്ന മേളയില്‍ ഇന്ത്യന്‍ ചിത്രത്തിന് പുരസ്‌ക്കാരം ലഭിക്കുകയില്ലെന്ന മുന്‍വിധിയുണ്ട് പ്രേക്ഷകന്.

എങ്കിലും അമിത് റായിയുടെ 'റോഡ് ടു സംഗം' എന്ന ചിത്രത്തെക്കുറിച്ച് നിരവധി പ്രേക്ഷകര്‍ക്ക് ചില പ്രതീക്ഷകളുണ്ട്. ഇന്ത്യന്‍ സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മത്സരവിഭാഗത്തിലെ പത്തു സിനിമകളില്‍ താജിക്സ്ഥാന്‍ ചിത്രമായ 'ട്രൂ നൂണ്‍', ഇറാനിയന്‍ ചിത്രമായ 'എബൗട്ട് എല്ലി' എന്നീ ചിത്രങ്ങളോട് ഇക്കുറി പ്രേക്ഷകന് പ്രത്യേകമായൊരു മമതയുണ്ട്. ഇന്‍ഡോനേഷ്യന്‍ ചിത്രമായ 'ജെര്‍മല്‍', കസാഖ് ചിത്രമായ 'ബിര്‍ഷാന്‍ സാല്‍' എന്നിവയ്ക്കും മോശമല്ലാത്ത പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

താജിക് ചിത്രമായ ട്രൂ നൂണ്‍ ഇതിനോടകം തന്നെ പ്രേക്ഷകന്‍ നെഞ്ചേറ്റിക്കഴിഞ്ഞു. ലളിതമായ പ്രമേയവും അസാധാരണമായ ചിത്രീകരണവും കൊണ്ട് മികവാര്‍ന്ന ഈ ചിത്രം മൂന്നുതവണയും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. അനുപമ സുന്ദരമായ ഛായാഗ്രഹണവും സംഗീതവും കൊണ്ട് പ്രേക്ഷകനെ മഥിച്ച ചിത്രമായിരുന്നു ബിര്‍ഷാന്‍ സാല്‍. പ്രമേയത്തിന്റെ ശക്തികൊണ്ടും അവതരണ ശൈലികൊണ്ടും ശ്രദ്ധേയമായ എബൗട്ട് എല്ലിയാകട്ടെ ദുരൂഹതയ്ക്കുമൊരു സൗന്ദര്യമുണ്ടെന്ന് വെളിവാക്കുന്നു. ഒരു പന്ത്രണ്ടുകാരന്റെ അതിജീവന കഥ പറയുന്ന ജെറമലിനെയും പ്രേക്ഷകന്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നുണ്ട്.

പ്രിയനന്ദനന്റെ 'സൂഫി പറഞ്ഞ കഥ', മധു കൈതപ്രത്തിന്റെ 'മധ്യവേനല്‍' എന്നിവയാണ് മലയാളത്തില്‍ നിന്നുള്ള മത്സര ചിത്രങ്ങള്‍. എന്നാല്‍ 'മലയാളം സിനിമ ഇന്ന്' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'പത്താം നിലയിലെ തീവണ്ടി' എന്ന ചിത്രം മുന്‍വിധികളെ അതിജീവിച്ച് വന്‍ ജനാഭിപ്രായം നേടിയിട്ടുണ്ട്. ഈ സിനിമയും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നെന്ന് ചിത്രം കണ്ടിറങ്ങിയ നിരവധി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

പ്രിന്റുകള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഷെഡ്യൂള്‍ പ്രകാരം പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത മത്സരചിത്രങ്ങളായ 'ഹോമറൊ മാന്‍സിയും' 'ഫ്‌ളൈ ഇന്‍ ദി ഓഫീസും' വ്യാഴാഴ്ച രണ്ടുതവണ വീതം പ്രദര്‍ശിപ്പിക്കും.വെള്ളിയാഴ്ച സന്ധ്യയ്ക്ക് നിശാഗന്ധിയില്‍ നടക്കുന്ന സമാപന യോഗത്തില്‍ വച്ച് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കും. പ്രേക്ഷകന്റെയും ജൂറിയുടെയും അഭിരുചികള്‍ തമ്മിലുള്ള അന്തരം അന്നേരമറിയാം.






ganangal
iffk reservation


മറ്റു വാര്‍ത്തകള്‍

  12 3 4 5 »
movie channel iFFK photogallery
Discuss