മാര്‍ക്‌സിനെപ്പറ്റി ഹോളിവുഡില്‍ സിനിമ വന്നാലും അത്ഭുതപ്പെടേണ്ട - റൗള്‍പെക്ക്
Posted on: 16 Dec 2009

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ അരവിന്ദന്‍ അനുസ്മരണ പ്രഭാഷണത്തിനുശേഷം അനുവാചകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു റൗള്‍.
യുവാവായ മാര്‍ക്‌സിന്റെയും പ്രായം കൂടിയ ജെന്നി മാര്‍ക്‌സിന്റെയും 1839 മുതല്‍ 49 വരെയുള്ള പ്രണയ, യൗവന ജീവിതത്തെപ്പറ്റി സിനിമയെടുക്കാന്‍ താന്‍ ഉദ്ദേശിക്കുന്നതായി റൗള്‍ പെക്ക് പറഞ്ഞു.
ഹെയ്തിയില്‍ ജനിച്ച് കോംഗോയില്‍ വളര്‍ന്ന് ജര്‍മ്മനിയിലും ഫ്രാന്‍സിലും പഠിച്ച താന്‍ ന്യൂയോര്‍ക്കില്‍ ടാക്‌സി ഓടിച്ചിട്ടുണ്ടെന്ന് റൗള്‍ പെക്ക് പറഞ്ഞു.
''സിനിമാ സംവിധായകന്‍ എന്ന നിലയില്‍ പ്രതിദിനം 8000 തീരുമാനങ്ങള്‍ എനിക്ക് എടുക്കേണ്ടിവരുന്നു. ഇതില്‍ 600 തീരുമാനങ്ങളെങ്കിലും ശരിയായാല്‍ എനിക്ക് ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ കഴിയും. കീസിലോവ്‌സിക്കി പോലെയുള്ള പ്രതിഭകള്‍ നിരവധി ജീവിത മുഹൂര്‍ത്തങ്ങളില്‍ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുത്തിട്ടാണ് സിനിമകള്‍ ചിത്രീകരിക്കുന്നത്'' - റൗള്‍ പെക്ക് പറഞ്ഞു.
''നിത്യജീവിതത്തില്‍ നിര്‍ണയം എടുക്കേണ്ടിവരുമ്പോള്‍ വിജയത്തിന്റെ ഭാഗത്തല്ല, ജീവതത്തിന്റെ ഭാഗത്ത് നിന്നാല്‍ മാത്രമേ നല്ല സിനിമ നിര്‍മ്മിക്കാനാകൂ'' - റൗള്‍ പെക്ക് പറഞ്ഞു.
സംവിധായകന്‍ രാജീവ്‌നാഥ്, വി.സി.ഹാരിസ്, കെ.ആര്‍.മോഹനന്‍, ബീനാപോള്‍, വേണുഗോപാല്‍, ഫിലിം ഫെസ്റ്റിവല്‍ ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ശ്രീ തീയേറ്ററിലായിരുന്നു അരവിന്ദന്‍ അനുസ്മരണം നടന്നത്.