മികച്ച പാമ്പിന് മകുടിയും പ്രശസ്തിപത്രവും
Posted on: 16 Dec 2009
** ** ** **
മേള കഴിഞ്ഞയുടന്‍ ഐ.എഫ്.എഫ്.കെ. ഒരു സിനിമ നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ അതിന്‍െ പേര് ഇങ്ങനെയായിരിക്കും-'റണ്‍ ഡെലിഗേറ്റ് റണ്‍...' അത്രയ്ക്കാണ് സ്‌നേക്കുകള്‍ നല്‍കുന്ന പ്രചോദനം. പാമ്പുകളെ കുറ്റം പറയുകയല്ല. അവര്‍ മേളയുടെ ആവാസവ്യവസ്ഥയുടെ ഭാഗമാണ്-'മേളയുടെ അവകാശികള്‍'. മികച്ച സിനിമയ്ക്ക് അവാര്‍ഡ് നല്‍കുംപോലെ മേളയില്‍ ഇഴഞ്ഞുനടന്ന മികച്ച പാമ്പിന് മകുടിയും പ്രസശ്തിപത്രവും നല്‍കുന്ന കാര്യം പരിഗണിക്കണം. കഴിഞ്ഞ ദിവസം നടന്ന മീറ്റ് ദ പ്രസില്‍ സമകാലിക മലയാളം സംവിധായകര്‍ക്കു മുന്നില്‍ ചോദ്യങ്ങള്‍ ചീറ്റിയ ചങ്ങാതിയെ പുറത്താക്കിയതിനെതിരെ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കാന്‍ ഈ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ആരെങ്കിലുമുണ്ടാകുമെന്ന് 'ബര്‍ഗര്‍മാന്‍' പ്രതീക്ഷിച്ചു. പിണറായി വിജയനെയും ആഗോളവല്‍ക്കരണത്തെയും കുറിച്ച് ഒരു സംവാദമായിരുന്നു പുള്ളിക്കാരന്റെ ലക്ഷ്യം. അലമ്പ് ഓവറായപ്പോള്‍ ഒരു ഡെലിഗേറ്റി പരാതിപ്പെട്ടു. കക്ഷിയെ പുറത്തുമാക്കി. എങ്കിലും തിരികെ ഇഴഞ്ഞുവന്ന് അണ്ണന്‍ ജോണ്‍ എബ്രഹാമിനെപ്പോലെ വിളിച്ചുപറഞ്ഞു- 'ഓപ്പണായിട്ടു പറയുവാ, ഇവടെ നടക്കണത് ഓപ്പണ്‍ ഫോറമല്ല. ഇറ്റീസ് ക്ലോസ്ഡ് ഫോറം'.
അരവിന്ദന്‍ അനുസ്മരണ ചടങ്ങില്‍ കവി അയ്യപ്പന്‍ എത്തിയപ്പോള്‍ ആകെ കലഹത്തിന്റെ കള്ള് കവിത പോലൊരു സുഖം. ഉച്ചത്തില്‍ അയ്യപ്പന്റെ ഒച്ച. അനുസ്മരണപ്രഭാഷണം നടത്തിയ പ്രശസ്ത സംവിധായകന്‍ റോള്‍പെക്ക് നാട്ടിലേക്ക് മടങ്ങിയാലും ഇടയ്ക്കിടെ അയ്യപ്പനെ അനുസ്മരിക്കും. ഇംഗ്ലീഷ് കേട്ടിരിക്കുന്നവരോട് 'ഐ ആം നോട്ട് ഇന്‍ ദ പിക്ച്ചര്‍' എന്നാണ് കവി പരാതിപ്പെട്ടതെങ്കിലും പിക്ച്ചറില്‍ നിറഞ്ഞുനിന്നത് അദ്ദേഹംതന്നെ. ആരോ തഞ്ചത്തില്‍ അയ്യപ്പനെ ചുമന്നു മാറ്റുകയായിരുന്നു. ഇതാരാ ഈ പുള്ളിയെന്ന് പുറകിലിരുന്ന ചില തരുണീമണികള്‍ ചോദിക്കുന്നതും കേട്ടു. മേളയിലെ അവാര്‍ഡ് ശില്‍പ്പങ്ങളാണെന്നു തോന്നും ഈ ചേച്ചിമാരെ കണ്ടാല്‍!
** ** ** **
ചൂടനെന്നും കുളിരനെന്നുമുള്ള വിപരീതപദങ്ങള്‍ കോമണായി ഒരു കാര്യത്തെ സൂചിപ്പിക്കുന്നത് സിനിമയില്‍ മാത്രമാണ്. സിനിമ ഇങ്ങനെ സ്മൂത്തായി പൊയ്‌ക്കൊണ്ടിരിക്കെ യാതൊരു മുന്നറിയിപ്പുമില്ലാതെ 'ബ്ലും' എന്നാകും ബ്ലൂ രംഗങ്ങള്‍ കടന്നുവരിക. അങ്ങനെയൊരു ഇരുട്ട് കാലാവസ്ഥയില്‍ ഒരുപറ്റം പെണ്‍കൊടികള്‍ രസകരമായി പ്രതികരിച്ചു. സ്‌ക്രീന്‍ നീലയാകുമ്പോള്‍ ഹ്യൂമര്‍സെന്‍സുള്ള ഈ ഡെലിഗേറ്റികള്‍ ഉച്ചത്തില്‍ ''നാരായണ... നാരായണ..'' ജപിക്കുന്നു. ശ്രദ്ധ മുഴുവന്‍ നാമം ജപിക്കുന്നവരിലായപ്പോഴേക്ക് സീന്‍ കടന്നുപോവുകയും ചെയ്തു. ഒരു വരി മുഴുവന്‍ നിരന്നിരുന്ന ഈ ചേച്ചിമാരോട് ചൂടാകാനൊന്നും ആരും പോയില്ല. അല്ലെങ്കില്‍തന്നെ മിണ്ടാതിരിക്ക് ഇതൊന്നു കണ്ടോട്ടേയെന്ന് വിളിച്ചു പറയാന്‍ പറ്റില്ല്യാലോ മാന്യപ്രേക്ഷകര്‍ക്ക്.
കൈരളിക്കു തിരുനടയില്‍ 24 മണിക്കൂറും നെടുനീളത്തില്‍ ഒരു ബസ് നിര്‍ത്തിയിട്ടിട്ടുണ്ട്. കേരള ബുക്ക് മാര്‍ക്കിന്റെ സഞ്ചരിക്കുന്ന പുസ്തകശാല. ഡ്രൈവറും കണ്ടക്ടറുമൊന്നുമില്ലാതെ വാതില്‍ മലര്‍ക്കെ തുറന്നുകിടന്നിട്ടും ഒരൊറ്റ കുഞ്ഞും ബസ്സില്‍ കയറുന്നില്ല. എന്തായാലും സിനിമ കണ്ടതല്ലേ, ഇനിയൊരു പുസ്തകം വായിച്ചുകളയാം എന്ന് ചിന്തിക്കുന്ന ബുജികളൊന്നുമില്ലെന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും ബുക്ക് മാര്‍ക്ക്കാക്ക് പിടികിട്ടിയില്ല. തിയേറ്ററിന് മുന്നിലെ പാര്‍ക്കിങ് സ്ഥലം അപഹരിക്കപ്പെടുന്നതു മിച്ചമെന്നാണ് ചിലരുടെ കമന്റ്.