മനം കവര്‍ന്ന് 'മെസാഞ്ചിലിസ്'; വേട്ടയാടുന്ന 'ജെര്‍മന്‍'
Posted on: 16 Dec 2009

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ രാഷ്ട്രീയം പറയുന്ന അധികം സിനിമകള്‍ ഇക്കുറിയില്ല. അതുകൊണ്ടുകൂടിയാവണം 1960കളിലെ ഉറുഗ്വേയിലെ രാഷ്ട്രീയം ചര്‍ച്ചചെയ്ത 'മെസാഞ്ചിലിസ്' കാണികളുടെ മനംകവര്‍ന്നത്. രണ്ടാമത്തെ പ്രദര്‍ശനമായിട്ടുകൂടി നിറഞ്ഞ സദസാണ് 'മസാഞ്ചിലിസ്' കണ്ടുമടങ്ങിയത്.
അറീലിയോ സാവേസ്ര എന്ന സെനറ്ററുടെ വീടിന്റെയും കലാപകലുഷിതമായ ഉറുഗ്വേയുടെയും കഥ ചേര്‍ത്തുവെച്ച ബിക്കാട്രിസ് ഫേ്‌ളാറ സില്‍വ എന്ന സംവിധായിക ഈ ചലച്ചിത്രോത്സവത്തില്‍ ഏറെ ആരാധകരെ നേടി. സാവേസ്രയ്ക്ക് വിവാഹേതര ബന്ധത്തിലുള്ള മകളാണ് മെസാഞ്ചിലിസ്. അച്ഛനോടൊപ്പം പാരീസിലേക്ക് പോകാന്‍ കൊതിച്ചിരുന്ന അവള്‍ പിന്നീട് അര്‍ധസഹോദരനും ഗറില്ലാ പോരാളിയുമായ സാന്‍യാഗോയില്‍ അനുരക്തയായി ഗര്‍ഭിണിയാകുന്നു. പട്ടാളം വളയുമ്പോള്‍ സാന്റിയാഗോക്ക് രക്ഷപ്പെടേണ്ടിവരുന്നു. ഒടുവില്‍ തനിക്ക് പിറന്ന കുഞ്ഞുമായി കലാപങ്ങള്‍ക്കിടയിലൂടെ രക്ഷപ്പെടുകയാണ് മെസാഞ്ചിലിസ്.
എന്നാല്‍, സെനഗലില്‍ നിന്ന് എത്തിയ മാമാ കെയ്തയുടെ 'ദി ആബ്‌സനിസ്' എന്ന ചിത്രം രാഷ്ട്രീയം പറഞ്ഞുതുടങ്ങിയെങ്കിലും ഒടുവില്‍ 'ഇടിപ്പടം' പോലെയായി. പതിനഞ്ച് വര്‍ഷം ഫ്രാന്‍സിലായിരുന്ന അദാമ സെനഗലിന്റെ സമകാലീന ദുരന്തങ്ങളിലേക്ക് മടങ്ങിവരുന്നതാണ് പ്രമേയം. അയാളുടെ അസാന്നിധ്യം വീട്ടിലും നാട്ടിലുമുണ്ടാക്കിയ മാറ്റങ്ങള്‍ ചാട്ടുളിപോലെ എറിഞ്ഞുകൊള്ളിക്കുന്ന ഫ്രെയിമുകളിലൂടെ സംവിധായകന്‍ പറയുന്നു. ഊമയും ബധിരയുമായ തന്റെ സഹോദരിയെ സെക്‌സ് മാഫിയയുടെ കൈകളില്‍ നിന്ന് രക്ഷിക്കാനുള്ള പോരാട്ടമാണ് പിന്നീട് അദാമ നടത്തുന്നത്. പതിനഞ്ച് വര്‍ഷം നാട്ടിനും വീട്ടിനും ഒന്നും ചെയ്യാതെ ഫ്രാന്‍സില്‍ ശാസ്ത്രജ്ഞനായിക്കഴിഞ്ഞ അദാമയെ ഈ സിനിമ ന്യായീകരിക്കുന്നതേയില്ല.
ഫിലിപ്പൈന്‍സില്‍ നിന്നുള്ള രവി ഭര്‍വാനിയുടെ 'ജെര്‍മല്‍' എന്ന ചിത്രവും ഏറെ ആസ്വാദകശ്രദ്ധ നേടി. അമ്മയുടെ മരണശേഷം അച്ഛനെ കണ്ടെത്തുന്ന പന്ത്രണ്ടുകാരനാണ് ഈ കഥയിലെ നായകന്‍. ഭാര്യയുടെ കാമുകനെ കൊന്ന് ഒളിച്ചോടിയ ജോഹര്‍ കടല്‍നടുവിലെ ജെര്‍മല്‍ എന്ന മീന്‍പിടിത്ത താവളത്തിലാണ്. മകന്‍ ജയ അവിടെ എത്തിപ്പെടുന്നു. തന്റെ രഹസ്യങ്ങളറിയാവുന്ന ജയയെ ആദ്യമൊന്നും ജോഹര്‍ അടുപ്പിക്കുന്നില്ല. ജെര്‍മലിലെ സഹപ്രവര്‍ത്തകരുടെ പീഡനങ്ങളും കഠിനജീവിതവുമെല്ലാം അതിജീവിച്ച ജയയും അച്ഛന്‍ ജോഹറും സത്യങ്ങള്‍ മനസ്സിലാക്കി പിന്നീട് അടുക്കുന്നു. അവര്‍ ഒരുമിച്ച് കരയിലേക്ക് മടങ്ങുന്നു. കടല്‍ മാത്രമാണ് കഥയുടെ വേദി. കടലുപോലെ അഗാധമായ ഈ അച്ഛന്റെയും മകന്റെയും ജീവിതവും കാഴ്ചക്കാരെ വല്ലാതെ വേട്ടയാടും.
കസാക്കിസ്ഥാനില്‍ നിന്നുള്ള 'ബിര്‍ഷാന്‍ സാല്‍' വിസ്മയകരമായൊരു കാഴ്ചയായിരുന്നു. സ്റ്റെപ്പികളുടെ പാട്ടുകാരന്‍ എന്ന് അറിയപ്പെടുന്ന ബിര്‍ഷാന്‍ കൊഷാഗുലോപിന്റെ ജീവതകഥയാണ് ഈ സിനിമ. സ്റ്റെഫീസ് പുല്‍മേടുകളുടെ അതിവിസ്തൃതവും മോഹനീയവുമായ പ്രകൃതിക്കാഴ്ചകളും പത്തൊമ്പതാം നൂറ്റാണ്ടിലെ കസാക്കിസ്ഥാനിലെ ജീവിതത്തിന്റെ വര്‍ണ്ണക്കൊഴുപ്പുമൊക്കെച്ചേര്‍ന്ന മനോഹരമായ ഈ സിനിമ രണ്ടാംതവണയാണ് പ്രദര്‍ശിപ്പിച്ചത്.
ഇറാനില്‍ നിന്നുള്ള അസ്ഗര്‍ ഫരാദിയുടെ 'എബൗട്ട് ലില്ലി'യുടെയും പശ്ചാത്തലം കുടുംബമാണ്. ഒഴിവുദിന ആഘോഷങ്ങള്‍ക്കിടയ്ക്ക് ഉണ്ടാകുന്ന ഒരു ദുരന്തം മനുഷ്യന്റെ വിചാരങ്ങളെയും വികാരങ്ങളെയും മാറ്റിമറിക്കുന്നതെങ്ങനെയെന്ന് സരസവും ലളിതവുമായി പറയുകയാണ് ഈ സിനിമ.
മേളയുടെ അഞ്ചാംദിവസം എല്ലാ വേദികളിലും ആസ്വാദകരുടെ വലിയ തിരക്കായിരുന്നു.