സിനിമാകാന്റീന്‍
Posted on: 15 Dec 2009
ചലച്ചിത്രമേളയാകുമ്പോള്‍ സര്‍വം സിനിമാ മയമാകണം -ചായയും ദോശയുംപോലും. കൈരളി തിയേറ്ററിലെ കാന്റീനില്‍ സിനിമയുടെ ആവി പറക്കുന്ന ചായയും കാപ്പിയും ഊണുംവരെ തയാര്‍. നിര്‍മ്മാണം: 'ഫെഫ്ക'. സംവിധാനം: ബി. ഉണ്ണികൃഷ്ണന്‍. സിനിമാ യൂണിറ്റുകളിലെ പാചകക്കാരായ ഫെഫ്ക മെസ് വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് ഇവിടെ ഭക്ഷണം തയാറാകുന്നത്. വിളമ്പുകാരുടെ റോളില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരും. ഇതാദ്യമായാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക) യുടെ നേതൃത്വത്തിലുള്ള കാന്റീന്‍ മേളയില്‍ ഒരുങ്ങുന്നത്. സംഘടനാ ജനറല്‍സെക്രട്ടറി കൂടിയായ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനാണ് നടത്തിപ്പ് ചുമതല. ചായയും കാപ്പിയും മുതല്‍ ഊണും പെറോട്ടയുംവരെ വിളമ്പി മുഴുവന്‍ സമയവും തിരക്കിലാണ് കൈരളിയിലെ ഈ 'ഫെഫ്കാ കഫേ'. ചായയ്ക്ക് അഞ്ചു രൂപയും കോഫിക്ക് ഏഴുരൂപയുമാണ്. 17 രൂപ കൊടുത്താല്‍ ഇഡലി, ദോശ, വട സെറ്റ് കഴിച്ചിറങ്ങാം. വിദേശി പ്രതിനിധികളുള്‍പ്പെടെ മലയാള സിനിമയുടെ പാചക കൈപ്പുണ്യത്തില്‍ വീണു കഴിഞ്ഞു. ചപ്പാത്തി, പെറോട്ട തുടങ്ങി മെനു നീളുന്നു. മീന്‍ കറിയും ഫ്രൈയും ചേര്‍ന്ന ഊണിന് 50 രൂപ. തോരന്‍, സാമ്പാര്‍, അച്ചാര്‍ എല്ലാം ഊണില്‍ നിരക്കും. വെജിറ്റേറിയന്‍ ഊണിന് 30 രൂപയാണ്.
മുന്‍ വര്‍ഷങ്ങളില്‍ കോഫിഹൗസായിരുന്നു കൈരളിയില്‍ ഫെസ്റ്റിവെല്‍ കാന്റീന്‍ നടത്തിയിരുന്നതെങ്കില്‍ ഇത്തവണ അടുക്കളയില്‍പോലും സിനിമാക്കാര്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുകയാണ്. പ്രാതല്‍ മുതല്‍ രാത്രി ഭക്ഷണംവരെ ഇവിടെ തയാര്‍. സിനിമാ സെറ്റുകളില്‍ വിളമ്പുന്ന അതേ മെനുവാണ് ഇവിടെയും. പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരടക്കം 20 പേരാണ് കാന്റീനില്‍ സജീവമായുള്ളത്. മേളയ്‌ക്കെത്തുന്ന സിനിമാ പ്രവര്‍ത്തകര്‍ ഇവിടെയെത്തി ഒരു ചായയെങ്കിലും കുടിച്ചിട്ടേ മടങ്ങാറുള്ളൂ. പ്രമുഖ നടന്‍മാരും സംവിധായകരുമടക്കം ഊണു കഴിക്കുന്നതും ഈ കഫേയില്‍നിന്നുതന്നെ.