നല്ല ചിത്രങ്ങള്‍ ഇനിയും
Posted on: 15 Dec 2009
ഇരുളിലേക്ക്...
കലാപങ്ങളുടെയും വിലാപങ്ങളുടെയും ഇരയാക്കപ്പെട്ട തുര്‍ക്കി പെണ്‍കുട്ടിയുടെ തീവ്ര വ്യസനങ്ങളും ആത്മഹത്യാപരമായ പ്രതികാര ദാഹവും വിഷയമാക്കിയ 'എ സ്റ്റെപ്പ് ഇന്‍ടു ദി ഡാര്‍ക്‌നെസ്' എന്ന ഉദ്ഘാടന ചിത്രം ഒരിക്കല്‍ കൂടി കാണാം. ഇനാക് സംവിധാനം ചെയ്ത ഈ സിനിമ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചതാണ്. 15 ന് രമ്യയില്‍ 12 മണിക്ക് 'എ സ്റ്റെപ് ഇന്‍ടു ദി ഡാര്‍ക്‌നെസിന്റെ ഒരു പ്രദര്‍ശനം കൂടിയുണ്ട്.
ആന്റി ക്രൈസ്റ്റ്
കാമമോഹിതരുടെ പാപബോധ വിചാരങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷകരിലാകെ ആഘാതമുളവാക്കിയ 'ആന്റി ക്രൈസ്റ്റി'ന്റെ മൂന്നാമത്തെയും അവസാനത്തെയും പ്രദര്‍ശനവും ചൊവ്വാഴ്ച നടക്കും. ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി സദാചാര സങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ആഖ്യാന സ്വാതന്ത്ര്യം പുലര്‍ത്തുന്ന ചിത്രം വിവാദ സിനിമകളിലൂടെ നല്ല സിനിമകളിലേക്കെത്തിയ ഡാനിഷ് സംവിധായകന്‍ ലാര്‍സ്‌വോണ്‍ ട്രയറുടെ സൃഷ്ടിയാണ്. ചൊവ്വാഴ്ച രാത്രി 9.15 ന് ന്യൂ തിയേറ്ററിലാണ് 'ആന്റി ക്രൈസ്റ്റ്' വീണ്ടും കാണിക്കുന്നത്.
സംഗമം
ചരിത്രസംസ്‌കൃതിയുടെ പുനര്‍ നിര്‍മ്മാണത്തിനൊരുമ്പെടണോ സാമുദായിക യാഥാസ്ഥിതിക സമവാക്യങ്ങളിലേക്ക് ഒതുങ്ങിക്കൂടണമോ എന്ന ധര്‍മ്മ സങ്കടത്തിലകപ്പെടുന്ന ഹഷ്മത്തുള്ളയുടെ കഥ പറയുന്ന 'റോഡ് ടു സംഗം' എന്ന ചിത്രമാണ് ഇന്ത്യന്‍ ചിത്രങ്ങളില്‍ വീണ്ടുമൊരു മുന്നേറ്റത്തിന് തിരനോക്കുന്നത്. ചൊവ്വാഴ്ച 6.15 ന് കൃപയിലാണ്, അമിത് റായ് സംവിധാനംചെയ്ത ഈ ചിത്രം പ്രേക്ഷകരെ തേടിയെത്തുന്നത്.
ഷിറിന്‍
ആഖ്യാന വഴികളിലെ അപൂര്‍വ മാനങ്ങളിലൂടെ പ്രതിഭ തെളിയിച്ച അബ്ബാസ് കിയരോസ്തമിയുടെ 'ഷിറിന്‍' കാണാന്‍ ബുധനാഴ്ച വീണ്ടും അവസരം. ഇറാനിയന്‍ സിനിമയുടെ പരീക്ഷണ പഥങ്ങളില്‍ 'ഷിറിന്‍' ഉണര്‍ത്തുന്ന ശബ്ദങ്ങളും മനക്കണ്ണാടിയുടെ മുഖപട കാഴ്ചകളുമാണ് 'ഷിറിനെ' വ്യത്യസ്തമാക്കുന്നത്. 16 ന് കലാഭവനില്‍ 9 മണിക്കാണ് ഷിറിന്റെ പുനപ്രദര്‍ശനം.
കാറ്റിന്റെ മര്‍മ്മരം
യുദ്ധവും സംഘര്‍ഷവുംകൊണ്ട് അടിച്ചമര്‍ത്തപ്പെട്ട കുര്‍ദ്ദ് ജനതയുടെ സന്ദേശങ്ങളുമായി വിദൂര പര്‍വത ദേശങ്ങളിലെത്തുന്ന മാം ബല്‍ദാറിലേക്ക് ക്യാമറ കേന്ദ്രീകരിക്കുന്ന 'വിഷ്പര്‍ വിത്ത് ദി വിന്‍ഡ്' രണ്ട് പ്രദര്‍ശനങ്ങളുമായെത്തുന്നുണ്ട്. അതിജീവനത്തിന്റെയും പ്രത്യാശയുടെയും ശബ്ദം കേള്‍പ്പിക്കാനൊരുമ്പെടുന്ന ഈ ഇറാഖിചിത്രത്തിന്റെ സംവിധായകന്‍ ഷഹറം അലിയാണ്. 16 ന് 9.15 ന് അജന്തയിലും 17 ന് 9 മണിക്ക് കൈരളിയിലുമാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
ഡ്രീം
മേളയുടെ മുമ്പുതന്നെ ചലചിത്ര പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ 'ഡ്രീം' 15 ന് അജന്തയില്‍ 9.15 നാണ് വീണ്ടും വരുന്നത്. കാമുകന്റെ ദുഃസ്വപ്നം കാമുകിയുടെ അബോധ പ്രേരണകളുടെ യാഥാര്‍ഥ്യവുമായി കെട്ടുപിണയുന്ന സ്വപ്നാടനങ്ങളുടെ ആഖ്യാനമാണ് ഈ ചിത്രത്തെയും സ്വപ്നസമാനമായി ചേതോഹരമാക്കുന്നത്.
ട്രൂ നൂണ്‍
ഒരു സുപ്രഭാതത്തില്‍ അയല്‍പക്ക ഗ്രാമങ്ങള്‍ രണ്ട് രാജ്യത്തിലാകുമ്പോള്‍ ജനജീവിതത്തിലുണ്ടാകുന്ന സങ്കീര്‍ണതകളാണ് ട്രൂ നൂണ്‍ എന്ന അതിമനോഹരചിത്രം പറയുന്നത്. വേലിക്കപ്പുറത്തെ അധ്യാപകന്‍ ഇപ്പുറത്തെ 'രാജ്യത്തിലെ' കുട്ടികളെ പഠിപ്പിക്കുന്നതും കുഴിബോംബുകളെ നാടന്‍ രീതിയിലൂടെ നേരിടുന്നതും ഈ ചിത്രത്തില്‍ കാണാം. 16ന് ഉച്ചയ്ക്ക് 2.30നാണ് ട്രൂ നൂണിന്റെ മൂന്നാം പ്രദര്‍ശനം.
ദ അദര്‍ ബാങ്ക്
ശിഥിലമായ സോവിയറ്റ് യൂണിയന്റെ രണ്ടു കഷണങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥ പറയുന്ന 'ദ അദര്‍ ബാങ്ക്' പ്രേക്ഷകരുടെ കൈയടി നേടിയ ചിത്രമാണ്. 17ന് രമ്യയില്‍ രാത്രി 9.30നും 18ന് അജന്തയില്‍ രാവിലെ 9.30നും പുനപ്രദര്‍ശനങ്ങള്‍.
ജിറി ചൗ
സൈന്യത്തില്‍ നിന്നും പറഞ്ഞയക്കപ്പെടുന്ന യുവാവിന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ഈ തുര്‍ക്കിഷ് - അര്‍ബന്‍ ചിത്രത്തെക്കുറിച്ച് ചലച്ചിത്രമേള തുടങ്ങിയ സമയത്ത് അധികം പറഞ്ഞുകേട്ടിരുന്നില്ല. എന്നാല്‍ ആദ്യപ്രദര്‍ശനത്തില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ജിറി ചൗ ന് കഴിഞ്ഞു. 16ന് രാവിലെ 9.45ന് ധന്യയിലാണ് പുനപ്രദര്‍ശനങ്ങള്‍.