ഗോവയെക്കാള്‍ മികച്ചത് പക്ഷെ പൊളിറ്റിക്‌സ്
Posted on: 15 Dec 2009

മികച്ച പാക്കേജ്, കണ്ടതെല്ലാം ക്യൂബയില്‍ നിന്നുള്ളവ. ഗോവയില്‍ നടന്നതിനെക്കാള്‍ മികച്ച ചലച്ചിത്രോത്സവം. പക്ഷേ മത്സരവിഭാഗത്തിന്റെ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമില്ലേ... ഉണ്ടാകാം. കേരള കഫേ തഴഞ്ഞതില്‍ മറ്റെന്ത് ന്യായീകരണം - ഇത് പറയുമ്പോള്‍ സംവിധായകന്‍ രഞ്ജിത്തിന് അസ്വസ്ഥത മറയ്ക്കാനാകുന്നില്ല.
കൈരളി തിയേറ്ററിന് അരികിലുള്ള കഫത്തീരിയയില്‍ വച്ചാണ് 'കേരള കഫേ'യോട് കാട്ടിയ അവഗണനയെക്കുറിച്ച് രഞ്ജിത് 'നഗര'ത്തോട് സംസാരിച്ചത്. നടന്‍ മണിയന്‍പിള്ള രാജു, കഫത്തീരിയ നടത്തിപ്പുകാരനും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍, നിര്‍മാതാവും സീനിയര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ രഞ്ജിത് എന്നിവര്‍ മേശയ്ക്ക് ചുറ്റും കസേരയിട്ടിരുന്നു.
യോഗ്യതയുള്ള ചിത്രം
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള ചിത്രമായിരുന്നു കേരളാ കഫേ. എന്നിട്ടും അവര്‍ അതിനെ തഴഞ്ഞു. മലയാള സിനിമയില്‍ ആദ്യത്തെ 'സമാഹാരം'. ഏറ്റവും നവീനം. ഇതൊക്കെ സെന്‍സിബിലിറ്റിയുടെ പ്രശ്‌നമാണ്. ഈ സിനിമയെ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞുകാണില്ല. പുതിയ പ്രമേയമെന്നാല്‍ ഇവര്‍ അര്‍ത്ഥമാക്കുന്നതെന്താണ്. പുതിയൊരു അനുഭവമാണ് പ്രേക്ഷകര്‍ക്ക് ഈ ചലച്ചിത്രം സമ്മാനിച്ചത്. ജനം ഇത് അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ തെളിവാണ് ഈ സിനിമയുടെ പ്രദര്‍ശനവേളയിലെ തിരക്ക്.
മേളയെ തള്ളിപ്പറയില്ല...
സിനിമാപ്രേമികള്‍ നല്ല സിനിമകള്‍ കാണുന്നുണ്ട്. മികച്ച സിനിമകള്‍ ഈ മേളയിലുണ്ട്. അധികം കാണാന്‍ കഴിഞ്ഞില്ല. എങ്കിലും ക്യൂബന്‍ സിനിമകള്‍ കാണാന്‍ സമയം കണ്ടെത്തി. കണ്ടവയെല്ലാം മികച്ചത്. ഒപ്പമിരുന്ന സുഹൃത്തുക്കളും ഇത് ശരിവച്ചു.
സൗഹൃദസദസുകളുടെ സ്ഥിരം 'വില്ലന്‍' ഈ സുഹൃത്തുക്കളെയും ഇടയ്ക്ക് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. മൊബൈല്‍ ഫോണിലൂടെയെത്തുന്ന വിളികള്‍. ഒടുവില്‍ 'വിളികളുടെ' സമ്മര്‍ദ്ദത്തിന് വഴങ്ങി ഓരോരുത്തരും അവരവരുടെ തിരക്കുകളിലേക്ക് മടങ്ങാനൊരുങ്ങി. വൈകീട്ട് കാണണമെന്ന ഉറപ്പോടെ..