കൂടുതലും പുനഃപ്രദര്‍ശന ചിത്രങ്ങള്‍, അഗ്രേറിയന്‍ ഉട്ടോപ്യയും കാതലിന്‍ വര്‍ഗയും
Posted on: 15 Dec 2009
ഗ്രാമത്തിലെ നെല്‍കൃഷിയെക്കുറിച്ചുള്ള ഇരുപത് വര്‍ഷം പഴക്കമുള്ള ഓര്‍മയുമായാണ് അയാള്‍ തന്റെ പഴയ ഗ്രാമത്തില്‍ വീണ്ടുമെത്തുന്നത്. ചെറിയ തുണ്ടുപാടങ്ങളില്‍ ലളിതമായ കൃഷിരീതികള്‍ പിന്തുടര്‍ന്ന് നടത്തിയിരുന്ന പഴയരീതി അവിടെ കാണാന്‍ കഴിഞ്ഞില്ല. പ്രദേശത്തെ പഴയ കര്‍ഷകരെ സംഘടിപ്പിച്ച് പാരമ്പര്യ രീതിയില്‍ കൃഷിയിറക്കാനായി പിന്നെ അയാളുടെ ശ്രമം. കാര്‍ഷികവൃത്തിയോടും പ്രാദേശിക ജനതയ്ക്കും സമ്പദ്ഘടനയ്ക്കും അനുയോജ്യമായ മാര്‍ഗങ്ങളോടുമുള്ള ആദരം അഗ്രേറിയന്‍ ഉട്ടോപ്പ്യ എന്ന തായ്‌ലന്‍ഡ് ചിത്രത്തിലൂടെ വെളിപ്പെടുന്നു. കാതലിന്‍ വര്‍ഗ എന്ന റൊമാനിയന്‍ ചിത്രം ആണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ചിത്രം. ഭര്‍ത്താവ് ഉപേക്ഷിച്ച കാതലിന്‍ വര്‍ഗ എന്ന യുവതിയും അവളുടെ കുഞ്ഞ് ഓര്‍ബനും കാര്‍പ്പാത്തിയന്‍ മലനിരകളിലൂടെ നടത്തുന്ന ഹതാശമായ യാത്രയുടെ കഥപറയുന്നു ഈ സിനിമ.
പുനഃപ്രദര്‍ശന ചിത്രങ്ങളാണ് ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കുന്നവയിലേറെയും. രണ്ടിലേറെതവണയായി പ്രദര്‍ശിപ്പിക്കുന്നവ പോലും ഇക്കൂട്ടത്തിലുണ്ട്. നേരത്തേ നടന്ന പ്രദര്‍ശനങ്ങളില്‍ വന്‍ജനത്തിരക്ക് അനുഭവപ്പെട്ട ഡ്രീം, ആന്റി ക്രൈസ്റ്റ് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനമുണ്ട്. ഫ്രാന്‍കോയ്‌സ് ട്രുഫാത്ത്, ലൂയി മാലെ, എറിക് റോമര്‍, ഴീന്‍- ലൂക്- ഗൊദ്ദാര്‍ദ്ദ് എന്നിവരുടെ ചിത്രങ്ങള്‍ ഫ്രഞ്ച് നവതരംഗ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ആര്‍ച്ചുറോ റിപ്സ്റ്റീന്‍, ഫ്രാന്‍സിസ്‌കോ റോസി, മൃണാള്‍സെന്‍, മികിയോ നരൂസെ, പെനെക് രത്‌നറുവാങ്, ജാക്വിസ് ടാറ്റി എന്നിവരുടെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ ഇറാനിയന്‍ ചലച്ചിത്രമായ എബൗട്ട് എല്ലി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്‍ഡൊനീഷ്യന്‍ ചലച്ചിത്രം ഫിഷിങ് പ്ലാറ്റ്‌ഫോം, മലയാള ചലച്ചിത്രം മധ്യവേനല്‍, അമിത് റായിയുടെ റോഡ് ടു കോണ്‍ഫ്‌ളുവന്‍സ്, അള്‍ജീരിയന്‍ ചലച്ചിത്രം (അണ്‍) ലക്കി തുടങ്ങിയവയും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സ്നേഹനിരാസം കുടുംബത്തെയും സമൂഹത്തെയും എത്രമാത്രം പ്രശ്‌നത്തിലാഴ്ത്തുന്നുവെന്ന വിഷയം ചര്‍ച്ച ചെയ്യുന്ന ദി അബ്‌സീന്‍ എന്ന സെനഗല്‍ ചലച്ചിത്രം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ കേരള കഫേ, പകല്‍ നക്ഷത്രങ്ങള്‍, പത്താം നിലയിലെ തീവണ്ടി എന്നിവയും പ്രദര്‍ശിപ്പിക്കും.