Mathrubhumi Logo

കിം കി കഴിഞ്ഞു, ഇനി 'നീല'ത്താമരകള്‍ വിരിയട്ടെ...

Posted on: 15 Dec 2009

''അല്ലാ, ഈ ചങ്ങാതി കൊറിയാക്കാരനാണല്ലേ? കുറേ നാളായി ഈ പേരു കേള്‍ക്കുന്നു- കിം കി ഡുക്ക്''. ക്യൂവില്‍ നില്‍ക്കുന്ന ആരൊക്കയോ ഡൂക്കിനെ പ്രകീര്‍ത്തിക്കുന്നതു കേട്ടപ്പോള്‍ ഒരു വെഞ്ഞാറമൂടുകാരന്‍ തന്റെ 'ചേതോവികാരം' തുറന്നുപറഞ്ഞു- ''പേരെഴുതുമ്പോള്‍ 'സ' മറിച്ചിട്ട 'ഡ'യാണെന്നും മാത്രമറിയാം. തിരോന്തോരം ഫെസ്റ്റിലെ ഈ സ്ഥിരം സ്റ്റാറിന്റെ പടം കഴിഞ്ഞ തവണ ഇല്ലായിരുന്നതുകൊണ്ട് കാണാനൊത്തില്ല. ബീമാപള്ളിയില്‍ ഡി.വി.ഡിയും കിട്ടിയില്ല. സോ, ഇത്തവണ 'ഡ്രീം' കാണാനിറങ്ങി''. അങ്ങ് ദക്ഷിണകൊറിയവരെ നീളുന്ന വമ്പന്‍ ക്യൂ. ഒടുവില്‍ തിയേറ്ററില്‍ കയറിപ്പറ്റിയപ്പോള്‍ 'ബര്‍ഗര്‍മാ'ന്റെ തൊട്ടടുത്തുതന്നെയുണ്ട് വെഞ്ഞാറമൂട്ടുകാരന്‍. ഒരാളുടെ സ്വപ്നങ്ങള്‍ മറ്റൊരാളെ പിടിച്ചുലയ്ക്കുന്നതും ബോധവും അബോധവും മാറിമറിയുന്നതുമൊക്കെയായി അഭ്രപാളിയെ വിഭ്രാന്തിയിലാക്കുന്ന സിനിമ. അവന്റെ ഉറക്കത്തില്‍ അവള്‍ ഉണരുന്നു.

അപഥസഞ്ചാരിണിയായും കൊലപാതകിയായും അവള്‍ സ്വപ്നത്തില്‍. അവളെ രക്ഷിക്കാന്‍ അവന്‍ ഉറക്കം ഉപേക്ഷിക്കാന്‍പോലും തയ്യാറാകുന്നു. ഉറക്കമില്ലായ്മയില്‍ അവന്‍ മരിക്കുമ്പോള്‍ അവള്‍ സ്വപ്നത്തില്‍ അവനെ ജീവിപ്പിക്കുന്നു. സങ്കീര്‍ണതകളുടെ സൗന്ദര്യം നിറഞ്ഞ 'കിം കി ഡുക്ക്' ചിത്രം ആസ്വാദനതലത്തെപ്പോലും മാറ്റിമറിച്ചു. സിനിമ തീരുംവരെ നമ്മടെ വെഞ്ഞാറമൂട്ടുകാരന്‍ ചങ്ങാതിയുടെ ബോഡി തൊട്ടടുത്ത സീറ്റില്‍തന്നെയുണ്ട്; തലമുടി കമ്പിപോലെ. അഭിപ്രായം ചോദിച്ചപ്പോള്‍ കക്ഷി പറഞ്ഞു ''മാന്നാര്‍മത്തായി സ്​പീക്കിങ്ങി'ലെ ഒരു രംഗമില്ലേ, അതാണവസ്ഥ- ഞാന്‍ അങ്ങോട്ടു വിളിച്ചതാണോ... അതോ എന്നെ ഇങ്ങോട്ടു വിളിച്ചതാണോ... ആകെ കണ്‍ഫ്യൂഷന്‍...! എന്തായാലും ഡുക്ക് ആളത്ര ഡൂക്കിലിയൊന്നുമല്ലെന്നു മനസിലായി. ഇനി ലിസ്റ്റില്‍ നോക്കി ഏതേലും 'നീല'ത്താമര കണ്ടുപിടിച്ച് കണ്ടിട്ടുവേണം ഈ ഹാങ്ങോവര്‍ തീര്‍ക്കാന്‍''.

******
തമ്പാനൂരിലെ ഒരു ബാറില്‍നിന്ന് പലപ്പോഴായി നാലഞ്ച് ഡെലിഗേറ്റ് പാസുകള്‍ കളഞ്ഞുകിട്ടിയിട്ടുണ്ട്. ഫോട്ടോ കണ്ടാലറിയാം എല്ലാവരും സുന്ദരക്കുട്ടന്‍മാര്‍. പാസ് തിരഞ്ഞ് ചേട്ടന്‍മാര്‍ വരുമെന്ന പ്രതീക്ഷയില്‍ കൗണ്ടറില്‍ സൂക്ഷിച്ചെങ്കിലും ഒരുദിവസം പിന്നിട്ടിട്ടും ആരും എത്തിയില്ല. പാസ് കളഞ്ഞുപോയതിന്റെ സങ്കടം തീര്‍ക്കാന്‍പോലും ഈ ഡെലിഗേറ്റന്‍മാര്‍ ഈവഴി വന്നില്ല. മേള മതിയാക്കി ഇവര്‍ തോറ്റുമടങ്ങിക്കാണുമോ? ഡ്യൂപ്ലിക്കേറ്റ് എടുത്തു കാണുമോ? അതോ പാസൊന്നുമില്ലാതെ കൂളായി പടംകണ്ട് നടക്കുന്നുണ്ടാകുമോ? വെറുതേ ചിന്തിച്ച് തളരണ്ട. എട്ടുദിവസവും ഇവര്‍ ഇവിടെതന്നെയുണ്ടാകും; സര്‍വ്വവ്യാപികളായി കൈരളി, കലാഭവന്‍, കാന്റീന്‍, ബാര്‍ എല്ലായിടത്തും. ഓപ്പണ്‍ഫോറത്തില്‍ നല്ല പൊട്ടാസ് ചോദ്യങ്ങളുമുണ്ടാകും ഇവരുടെ വക.

******
ഏത് അന്താരാഷ്ട്ര മേളയാണേലുംശരി കേരള പോലീസ് നിയമം വിട്ടൊരു കളിയ്ക്കില്ല. കൈരളിക്ക് മുന്നിലെ തട്ടുകടയിലെല്ലാം ഹൗസ്ഫുള്‍ തിരക്ക്. സിനിമകണ്ട് തലപുകഞ്ഞ് ഇവിടെ പുകയും വലിച്ചുനിന്ന രണ്ട് മലയാളീസിനെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ചെക്കന്‍മാര്‍ വിരണ്ടു നില്‍ക്കുമ്പോഴുണ്ട് തോഴിയുടെ തോളില്‍ കൈയിട്ട് റോത്ത്മാന്‍സും വലിച്ച് ഒരു സായിപ്പ് ദാ വരുന്നു. എന്നാല്‍പിന്നെ അവര്‍ക്കുംകൂടി പെറ്റിയടിക്കണമെന്നായി നാടന്‍ ഡെലിഗേറ്റുകള്‍. നമ്മുടെ പോലീസ് അങ്ങോട്ട് അടുക്കുമോ? ''എടാ അത് സായിപ്പന്‍മാരല്ലേ, അവര്‍ക്ക് വലിക്കാം. അതുപോലാണോ നിങ്ങള്‍ പൊതുസ്ഥലത്ത്‌നിന്ന് വലിച്ച് കൂമ്പുവാട്ടുന്നത്''-പോലീസ് ചോദ്യം ന്യായം. സായിപ്പ് പുകയുംവലിച്ച് കടന്നുപോവുകയും ചെയ്തു. അവിടെ ചായകുടിച്ചുനിന്നിരുന്ന മറ്റ്ചില മേളച്ചങ്ങാതികളും അതോടെ വര്‍ഗസ്‌നേഹം കാട്ടി രംഗത്തിറങ്ങി. നാട്ടുകാര്‍ക്ക് മാത്രമാണോ നിയമം. ഒടുവില്‍ പോലീസ് അടങ്ങി. പുകവലി പൊതുസ്ഥലത്താണെങ്കില്‍ അത് ആരോഗ്യത്തിന് ഹാനികരമായിരിക്കുമെന്ന് ചെറിയൊരു വിരട്ടുനല്‍കി മടങ്ങി.

******
ഒരു പടം വിട്ടാലും സീറ്റ് കളയാണ്ടിരിക്കാന്‍ അവിടെത്തന്നെയിരുന്ന് മാരത്തോണ്‍ പടം കാണല്‍നടത്തുന്നവര്‍ ഒരു വലിയ 'സാമൂഹിക പ്രശ്‌ന'മായിരുന്നു കഴിഞ്ഞ മേളയിലൊക്കെ. അതുകൊണ്ട് ഇത്തവണ അക്കാര്യത്തില്‍ സംഘാടകര്‍ തീരുമാനമെടുത്തു. സിനിമ കഴിഞ്ഞാല്‍ എല്ലാവരും സീറ്റ്‌വിട്ട് പുറത്തിറങ്ങിയേ പറ്റൂ. ഈ സീറ്റ് കൈയടക്കല്‍ പ്രശ്‌നത്തിന് പരിഹാരവുമായി. കഴിഞ്ഞ ദിവസം ന്യൂ തിയേറ്ററില്‍ ഒരു സിനിമ തുടങ്ങുംമുന്‍പ് തന്നെ സംഘാടകപയ്യന്റെ വക അനൗണ്‍സ്‌മെന്റ്‌വന്നു-''ഷോ കഴിഞ്ഞാല്‍ എല്ലാവരും ദയവായി പുറത്തിറങ്ങുക. അടുത്ത ഷോയ്ക്ക് കാത്തുനില്‍ക്കുന്നവര്‍ക്ക് അവസരമൊരുക്കുക''. പറഞ്ഞുതീര്‍ന്നില്ല കൂട്ടക്കൂവലും ഓരിയിടലും മുഴങ്ങി. രാത്രിയിലെ അവസാന ഷോയാണിതെന്ന് മറന്നായിരുന്നു അനൗണ്‍സറുടെ വക വിളിച്ചുകൂവല്‍. പന്ത്രണ്ടരയ്ക്ക് ശേഷം മറ്റൊരു ഷോയോ? അതുകാണാന്‍ ആര്‍ക്കാണ് അവസരമൊരുക്കേണ്ടത്? ചിലരെങ്കിലും ഷെഡ്യൂള്‍ബുക്ക് തിരഞ്ഞുനോക്കി. അഥവാ വല്ല പാതിരാപ്പടവും കാണിക്കുമെങ്കിലോ?



ganangal
iffk reservation


മറ്റു വാര്‍ത്തകള്‍

  12 3 4 5 »
movie channel iFFK photogallery
Discuss