Mathrubhumi Logo

സ്വപ്നത്തിലാണ്ടവര്‍; വേര്‍പാടില്‍ വലഞ്ഞവര്‍

സ്‌പെഷല്‍ ഫീച്ചര്‍ Posted on: 15 Dec 2009



തിരുവനന്തപുരം: അന്താരാഷ്ട്രചലച്ചിത്രമേളയില്‍ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് നടത്തിയ ഇടപെടലിന്റെ ആഘാതത്തിലായിരുന്നു പ്രേക്ഷകര്‍. രജനികാന്തിന്റെ സിനിമയുടെ ആദ്യപ്രദര്‍ശനത്തിന് തമിഴ് രസികര്‍ മണ്‍ട്രങ്ങള്‍ കൂട്ടമായി എത്തുന്നതുപോലെ കിം കി ഡുക്കിന്റെ 'ഡ്രീം' കാണാന്‍ ധന്യ തിയേറ്ററിലേക്ക് പ്രേക്ഷകര്‍ ഒഴുകിയെത്തി. 11.45 ന്റെ ഷോയ്ക്ക് രണ്ടുമണിക്കൂര്‍ മുമ്പേ തുടങ്ങിയ ക്യൂ എം.ജി. റോഡുവരെ നീണ്ടു. കിം, പതിവുപോലെ ആരെയും നിരാശപ്പെടുത്തിയില്ല.

ഒരാളുടെ സ്വപ്നം മറ്റൊരാളുടെ ജീവിതം പിടിച്ചുലയ്ക്കുന്നതും സ്വപ്നത്തുടര്‍ച്ചകള്‍ രണ്ടുപേരെയും വിഭ്രാന്തിയിലേക്ക് തള്ളിവിടുന്നതുമാണ് അടിസ്ഥാന പ്രമേയം. അവനൊന്നുറങ്ങിയാല്‍ അവന്റെ സ്വപ്നങ്ങള്‍ അവളെ കീഴടക്കും. അവള്‍ ഉറക്കത്തില്‍ നടക്കും. അപഥസഞ്ചാരിണിയാകും. ഇഷ്ടമില്ലാത്ത കാമുകന്റെ കൂടെ ശയിക്കും. കൊലപാതകം ചെയ്യും. അവളുടെ ദിനം ശുഭകരമാക്കാന്‍ അവന്‍ സ്വപ്നം കാണാതെയിരുന്നു. ഉറക്കം ആഴത്തിലേക്ക് കൊണ്ടുപോകുമ്പോള്‍, കാലില്‍ ചുറ്റികയടിച്ചും തലയില്‍ ആണികൊണ്ട് മുറിവേല്‍പ്പിച്ചും അവന്‍ ഞെട്ടിയുണര്‍ന്നു. ഭൂതകാലങ്ങള്‍ ഉപേക്ഷിച്ച് ഇരുവരും വിവാഹിതരായാലേ ദുഃസ്വപ്നങ്ങള്‍ക്ക് അറുതിവരികയുള്ളൂവെന്ന് സൈക്യാട്രിസ്റ്റ് പറയുന്നു. പക്ഷേ അവള്‍ക്ക് വേറൊരു കാമുകനുണ്ട്.

ഉറക്കത്തില്‍ വേഴ്ച നടത്താനെത്തുന്ന ജാരനുണ്ട്. അവന് വേറൊരു കാമുകിയുണ്ട്. സ്വാസ്ഥ്യമില്ലാത്തൊരു ജീവിതമുണ്ട്. പക്ഷേ ഉറക്കമില്ലായ്മയില്‍ അവന്‍ മരിക്കുന്നു. ഉടനെ അവള്‍ സ്വപ്നം കണ്ടുതുടങ്ങുന്നു. അത് താങ്ങാതെ അവള്‍ ആത്മഹത്യ ചെയ്യുന്നു. അവളും അവളുടെ സ്വപ്നവും ഒടുങ്ങുന്നതോടെ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. പ്രമേയംപോലെ സങ്കീര്‍ണമാണ് ചിത്രത്തിന്റെ ആഖ്യാന ശൈലിയും. സ്വപ്നത്തിന്റെ തുടര്‍ച്ച ജീവിതവും ജീവിതത്തിന്റെ അന്ത്യം സ്വപ്നവുമാകുന്നു. പ്രേക്ഷകന്‍ സ്വപ്നം മനസ്സിലാക്കുമ്പോഴേക്ക് ജീവിതകഥയുടെ ചരട് കൈമോശം വരുന്നു. ഒടുവില്‍ ജീവിതം മനസ്സിലാക്കുമ്പോള്‍ സ്വപ്നം വില്ലനായെത്തുന്നു. ആസ്വാദനരീതിക്ക് തന്നെ മാറ്റം വരണമെന്ന് ഓര്‍മപ്പെടുത്തുന്ന 'ഡ്രീം' ചൊവ്വാഴ്ച രാത്രി 9.15ന് വീണ്ടും ധന്യ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ 'ആന്റി ക്രൈസ്റ്റും' 'ട്രൂ നൂണും' തിങ്കളാഴ്ച വീണ്ടും പ്രദര്‍ശിപ്പിച്ചു. ഇരുചിത്രങ്ങളുടെയും ഓണ്‍ലൈന്‍-എസ്.എം.എസ്. റിസര്‍വേഷന്‍ ഞായറാഴ്ച ഉച്ചയോടെതന്നെ അവസാനിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ പുതിയ രാജ്യങ്ങളുണ്ടാകുകയും ഗ്രാമങ്ങള്‍ രണ്ടിടത്തായി വെട്ടിമുറിക്കപ്പെടുകയും ചെയ്യുന്ന കഥയാണ് 'ട്രൂ നൂണ്‍' പറഞ്ഞത്. താജിക്കിസ്ഥാന്‍ മലമ്പ്രദേശങ്ങളുടെ ഗ്രാമ്യ ജീവിതവും ശുദ്ധ സംഗീതവും അനുഭവിപ്പിക്കാന്‍ 'ട്രൂ നൂണി'ന് കഴിയുന്നു. ലളിതസുന്ദരമായിരുന്നു ഈ ചിത്രം. 'ട്രൂ നൂണ്‍' ബുധനാഴ്ചയും മൂന്നാം പ്രദര്‍ശനം നടത്തും. അരാജകജീവിതത്തിന്റെ അശാന്തികളുടെ കഥപറയുന്ന 'ആന്റി ക്രൈസ്റ്റ്' കഴിഞ്ഞ ദിവസം പ്രേക്ഷകരെ ഞെട്ടിപ്പിച്ച ചിത്രമാണ്. ചെഷസ്‌ക്യൂവിന്റെ കാലത്തെ കഥപറയുന്ന 'ടെയ്ല്‍സ് ഫ്രം ദ ഗോള്‍ഡന്‍ ഏജ്', നേരത്തേ സൂചിപ്പിച്ച 'ട്രൂനൂണ്‍' എന്നിവയ്‌ക്കൊപ്പം ചലച്ചിത്രമേളയുടെ മുദ്രയായി മാറിയ ഈ ചിത്രം ചൊവ്വാഴ്ച വീണ്ടും പ്രദര്‍ശിപ്പിക്കും.






ganangal
iffk reservation


മറ്റു വാര്‍ത്തകള്‍

  12 3 4 5 »
movie channel iFFK photogallery
Discuss