Mathrubhumi Logo

മേളയിലെ ആകര്‍ഷണങ്ങള്‍ Posted on: 10 Dec 2009

ടേക്കിങ് വുഡ്‌സ്‌റ്റോക്ക്
(അമേരിക്ക, 2009, 120 മിനിറ്റ്)
സംവിധാനം: ആങ് ലീ

കാന്‍, ലണ്ടന്‍ ചലച്ചിത്രോത്സവങ്ങളില്‍ പുരസ്‌കാരം നേടിയ ചിത്രം. ഹിപ്പി സംഗീതജീവിതത്തിന്റെ ദ്രുതതാളത്തില്‍ ചിട്ടപ്പെടുത്തിയ ഈ ചലച്ചിത്രം വേഗമേറിയ അമേരിക്കന്‍ ജീവിതശൈലിയെക്കുറിച്ച് പറയുന്നു. ഒരു തലമുറയുടെ ഭാഗധേയം നിര്‍ണ്ണയിച്ച ചരിത്ര സംഭവമായി മാറിയ സംഗീതോത്സവത്തിന്റെ നേര്‍ക്കാഴ്ചകളാണിതില്‍.



ഷിറിന്‍
(ഇറാന്‍, 2008, 94 മിനിറ്റ്)
സംവിധാനം:
അബ്ബാസ്
കിയരോസ്തമി

പ്രശസ്ത സംവിധായകന്‍ കിയരോസ്തമിയുടെ പരീക്ഷണ ചിത്രമാണിത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ പ്രണയകഥ ആസ്വദിക്കുന്ന 112 ഇറാനിയന്‍ സ്ത്രീകളുടെ മുഖഭാവങ്ങളിലൂടെ ചിത്രം അഗാധമായൊരു പ്രമേയത്തെ അനാവരണം ചെയ്യുന്നു. അരങ്ങില്‍ നടക്കുന്നതെന്തെന്ന് പ്രേക്ഷകനെ കാണിക്കാതെയാണ് കിയരോസ്തമി കഥ പറയുന്നത്.



റീവിസിറ്റഡ്
(പോളണ്ട്, 2009, 90 മിനിറ്റ്)
സംവിധാനം: ക്രിസ്‌റ്റോഫ് സനൂസ്സി
സിനിമയില്‍ തകര്‍ത്താടുന്ന കഥാപാത്രങ്ങളുടെ അനന്തരജീവിതം സംവിധായകനും ആസ്വാദകരും തമ്മില്‍ പുതിയൊരു സംവാദത്തിനു തുടക്കമിടുന്നു. സനൂസ്സി തന്നെയാണ് സിനിമയ്ക്കുള്ളിലെയും സംവിധായകന്‍. സിനിമകള്‍ക്കു ശേഷം തന്റെ കഥാപാത്രങ്ങളെ സമീപിക്കുകയാണ് അദ്ദേഹം.




സ്വീറ്റ് റഷ്
(പോളണ്ട്, 2009, 85 മിനിറ്റ്)
സംവിധാനം: ആന്ദ്രെ വെയ്ദ

സനിമയ്ക്കകത്തുള്ള സിനിമയുടെ കഥ പറഞ്ഞ് സഫലമാകാത്ത പ്രണയത്തിന്റെയും മരണത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് ആസ്വാദകനെ നയിക്കുകയാണ് വെയ്ദ. വ്യത്യസ്ത തലങ്ങളുള്ള ഈ ചിത്രത്തിനുള്ളിലെ സിനിമയുടെ നായിക ഛായാഗ്രാഹകനായ അവരുടെ ഭര്‍ത്താവിന്റെ അകാല മരണത്തെ എങ്ങനെ നേരിടുന്നുവെന്ന് ചിത്രം പരിശോധിക്കുന്നു.




ഡ്രീം
(ദക്ഷിണ
കൊറിയ, 2009,
95 മിനിറ്റ്)
സംവിധാനം:
കിം കി ഡുക്ക്

സംവിധാനത്തോടൊപ്പം കിം കി ഡുക്ക് തന്നെ ചിത്രസംയോജനവും തിരക്കഥാരചനയും നിര്‍വഹിച്ച ഈ ചിത്രം ഒരു സ്വപ്നലോകത്തിന്റെ കഥ പറയുന്നു. സ്വപ്നത്തില്‍ കണ്ട വാഹനാപകടം യഥാര്‍ത്ഥമെന്നു വിശ്വസിക്കുന്ന ജിന്‍ എന്ന യുവാവിന്റെയും ആ സ്വപ്നവുമായി മറ്റൊരു തരത്തില്‍ അബോധബന്ധം പുലര്‍ത്തുന്ന റാന്‍ എന്ന അയാളുടെ കാമുകിയുടെയും വിചിത്രലോകമാണ് പ്രമേയം.



വിഷന്‍
(ജര്‍മ്മനി, 2009, 111 മിനിറ്റ്)
സംവിധാനം: മാര്‍ഗരത്ത് വോണ്‍ ട്രോട്ട
പന്ത്രണ്ടാം നൂറ്റാണ്ടിലെ ദാര്‍ശനികയായ സംന്യാസിനി ഹില്‍ഡെഗാര്‍ഡ് വോണ്‍ ബിന്‍ജന്റെ ജീവിതമാണ് പ്രമേയം. ശാസ്ത്രജ്ഞ, ഡോക്ടര്‍, എഴുത്തുകാരി, സംഗീതജ്ഞ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ ഭക്തിക്ക് വിപ്ലവകരമായ പുതിയ വഴി വെട്ടിത്തുറന്നു. യൂറോപ്പിനെ മധ്യയുഗത്തിന്റെ ഇരുണ്ട കാലത്തുനിന്ന് ആധുനികതയിലേക്കു നയിക്കുന്നതില്‍ ബിന്‍ജന്റെ സംഭാവന വലുതാണ്.




ദ ലോങ്
നൈറ്റ്
(സിറിയ, 2009, 91 മിനിറ്റ്)
സംവിധാനം:
ഹാതെം അലി

തടവറയിലാക്കപ്പെട്ട നാടകപ്രവര്‍ത്തകരുടെ കഥ പറയുന്ന ഈ ചിത്രം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഒരു കാലത്തെ പ്രമുഖ നടനായിരുന്ന കരീമിന്റെ ജയില്‍ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ദീര്‍ഘകാലത്തെ ജയില്‍വാസം അയാളെ നിസ്സംഗനാക്കിയിരിക്കുന്നു.



മൊളോക്
ട്രോപ്പിക്കല്‍
(അമേരിക്ക, 2009, 105 മിനിറ്റ്)
സംവിധാനം:
റൗള്‍ പെക്ക്

ഹെയ്തിയന്‍ സ്വേച്ഛാധിപതിയുടെ രതിവൈകൃതവും ക്രൂരതയും ഒട്ടൊരു പരിഹാസത്തോടെ അവതരിപ്പിക്കുന്ന ചിത്രം. അയാളുടെ അന്ത്യനിമിഷങ്ങളില്‍ നിന്നാണ് ചിത്രം വളരുന്നത്. ടൊറന്‍േറാ ചലച്ചിത്രമേളയില്‍ പുരസ്‌കൃതമായ സിനിമ.



ലൈറ്റ്‌സ് ഇന്‍
ദ ഡസ്‌ക്
(ജര്‍മ്മനി, 2006,
78 മിനിറ്റ്)
സംവിധാനം:
അകി കൗരിസ്മാകി

മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദ്ദേശം ലഭിച്ചെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ വിദേശനയത്തില്‍ പ്രതിഷേധിച്ച് കൗരിസ്മാകി അതു നിരസിച്ചതിലൂടെ ശ്രദ്ധേയമായ ചിത്രം. കഠിനമായ ലോകത്തില്‍ ഒരിറ്റ് ദയയ്ക്കു വേണ്ടി പ്രയത്‌നിച്ച് പരാജയപ്പെടുന്ന കാവല്‍ക്കാരന്റെ ജീവിതമാണ് കഥാതന്തു.



ദ അദര്‍ ബാങ്ക്
(ജോര്‍ജിയ -കസാക്കിസ്ഥാന്‍, 2009, 90 മിനിറ്റ്)
സംവിധാനം: ജോര്‍ജ്ജ് ഒവാഷ്വിലി

അഭയാര്‍ത്ഥിയായ പന്ത്രണ്ടുകാരന്‍ ജീവിതസത്യങ്ങള്‍ തേടി പുറപ്പെടുന്ന സംഭവബഹുലമായ യാത്രയാണ് പ്രമേയം. ആ യാത്രയില്‍ പല ദുരിതങ്ങളും അവന്‍ ഏറ്റുവാങ്ങുന്നു. യാത്ര അവസാനിക്കുമ്പോള്‍ അവന്‍ മറ്റൊരാളായി മാറുന്നു.



ganangal
iffk reservation


മറ്റു വാര്‍ത്തകള്‍

  12 3 4 5 »
movie channel iFFK photogallery
Discuss