Mathrubhumi Logo
  film festival

'ബ്ലോക്ക്' വൃത്തിയാവാത്ത ചില ജീവിതങ്ങള്‍

Posted on: 28 Nov 2009

മുഖ്യധാരാ സമൂഹത്തിന് വൃത്തിയുള്ള ജീവിതം ഉറപ്പുവരുത്താന്‍ വേണ്ടി അഴുക്കിലേക്ക് വലിച്ചെറിയപ്പെടുന്ന അരികു ജീവിതങ്ങളുടെ വലിയ ദൈന്യതയിലേക്കാണ് 'ബ്ലോക്ക്' എന്ന ഹ്രസ്വചിത്രം കണ്ണുവെക്കുന്നത്. പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്ത 'ബ്ലോക്ക്' ഗോവ ചലച്ചിത്രമേളയുടെ ഭാഗമായുള്ള ഷോര്‍ട്ട് ഫിലിം സെന്ററില്‍ പ്രദര്‍ശിപ്പിച്ചു.

ചേരി ജീവിതത്തിന്റെ ഇല്ലായ്മകളില്‍ വൃത്തിയെക്കുറിച്ച് അതിയായി ബോധവാനാവുന്ന ഒരു യുവാവിന്റെ കുടുംബത്തിലേക്കാണ് ക്യാമറ ആദ്യം കടന്നുചെല്ലുന്നത്. നഖം വെട്ടി വൃത്തിയാക്കുന്ന അയാള്‍, വൃത്തിയില്‍ സോപ്പുതേച്ച് കുളിക്കുന്ന അയാള്‍, താമസിക്കുന്ന കൊച്ചുകൂരയിലെ വൃത്തികേടുകളെ കുറിച്ച് ഭാര്യയോട ്‌ദേഷ്യപ്പെടുന്ന ആയാള്‍. പാഠപുസ്തകം വായിക്കുന്ന മകളെ പ്രോത്സാഹിപ്പിക്കുന്ന അയാള്‍ അങ്ങിനെ വൃത്തിയുള്ള, പ്രതീക്ഷകളുള്ള ഒരു ദരിദ്രകുടുംബത്തെ ക്യാമറ നമുക്ക് കാണിച്ചു തരുന്നു.

രാവിലെ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനിടെ മകള്‍ അച്ഛനോട്, അയാള്‍ പണിയെടുക്കുന്ന സോപ്പുഫാക്ടറിയില്‍ നിന്നും സോപ്പ് കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നുണ്ട്. പെട്ടെന്ന് ഞെട്ടുന്ന അയാള്‍ വൈകുന്നേരം സോപ്പ്, പേസ്റ്റ്, മുല്ലപ്പൂ തുടങ്ങിയ വസ്തുക്കളുമായാണ് വീട്ടിലേക്ക് മടങ്ങുന്നത്. തുടര്‍ന്നയാള്‍ കുടുംബവുമായി ഒരു തട്ടുപൊളിപ്പന്‍ തമിഴ് പടത്തിന് പോകുവാനൊരുങ്ങുകയാണ്. സിനിമക്ക് പോകാനായി വാരി വലിച്ച് സാരി ഉടുക്കുന്ന ഭാര്യയെ സ്‌നേഹപൂര്‍വ്വം ശാസിച്ചുകൊണ്ട് ഭംഗിയായി ഞൊറിയുടുത്ത് സാരി ചുറ്റുന്നതെങ്ങിനെയെന്ന് അയാള്‍ കാണിച്ചുകൊടുക്കുന്നു.

സിനിമ കഴിഞ്ഞ് രാത്രി ശാന്തതയില്‍ സൈക്കിളില്‍ മടങ്ങി വരുമ്പോള്‍ അയാള്‍ മാത്രം ആശങ്കാകുലനാണ്. പുതിയ സംവിധാനങ്ങളുടെ കടന്നുവരവില്‍ ജോലി നഷ്ടമാകാനുള്ള സാധ്യതയെ കുറിച്ചുള്ള ഭീതി അയാള്‍ ഭാര്യയോട് പങ്കുവെക്കുന്നു.

തുടര്‍ന്നുള്ള പകല്‍ ദൃശ്യം ആരംഭിക്കുന്നത് ഒരു ഓവുചാലിന്റെ അകത്തുനിന്ന് ആകാശത്തിലേക്ക് തുറക്കുന്ന ദൃശ്യത്തോടെയാണ്. അടഞ്ഞുപോയ ഓവുചാലില്‍ നിന്ന് ചളി ഒരാള്‍ കോരികൊടുക്കുകയാണ്. ഒടുവില്‍ മാലിന്യത്തില്‍ മുങ്ങി പുറത്തേക്ക് വരുന്നയാള്‍ മുന്‍പുകണ്ട കുടംബനാഥനാണെന്ന് പ്രേക്ഷകര്‍ കാണുന്നു.വല്ലാത്തൊരു ദൈന്യത നിറയുന്ന ഈ ദൃശ്യം വൃത്തിയേയും വൃത്തികേടിനേയും കുറിച്ചുള്ള പ്രേക്ഷകന്റെ മുന്‍ധാരണകളെയെല്ലാം അട്ടിമറിക്കുന്നുണ്ട്. ചിത്രത്തന്റെ തുടക്കത്തില്‍ ഒരു ഈച്ചയെ ഗ്ലാസില്‍ കുടുക്കി കൊല്ലാന്‍ ശ്രമിക്കുന്ന മകളുടെ ശബ്ദപഥവും പിന്നീട് ദൃശ്യവും പ്രേക്ഷകനിലേക്കെത്തുന്നുണ്ട്. അഴുക്കുചാലിന്റെയകത്ത് ഇറങ്ങി നില്‍ക്കുന്നയാളില്‍ നിന്ന് ഗ്ലാസില്‍ കുടുങ്ങിയ ഈച്ചയുടെ ദൃശ്യത്തിലേക്ക് ഒരു തുടര്‍ച്ച സാധ്യമാക്കിക്കൊണ്ടാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

ശുദ്ധി/അശുദ്ധി തുടങ്ങിയ സങ്കല്പങ്ങളുടെ വിദഗ്ദ്ധമായ പ്രയോഗത്തിലൂടെയാണ് ഈ ഹ്രസ്വചിത്രം നിശിതമായ നിരീക്ഷണങ്ങള്‍ നടത്തുന്നത്. സമൂഹത്തിലെ പാവം മനുഷ്യരെ അരികുവത്കരിക്കുന്ന ഘടനാപരമായ വിവേചനങ്ങളെ കുറിച്ചുള്ള പരിശോധനയാണ് ഈ ഹ്രസ്വചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

വൃത്തി / വൃത്തികേട് എന്നിങ്ങനെ മാറിമാറിവരുന്ന ദൃശ്യ തുടര്‍ച്ച ഒരുക്കിയതില്‍ വി.എച്ച്.നിഷാദിന്റെ തിരക്കഥ ശക്തമായ പങ്കുവഹിച്ചിട്ടുണ്ട്. റിയലിസ മാതൃകയെ വൃത്തിയായി ഉപയോഗിക്കുന്ന ഈ ഹ്രസ്വചിത്രത്തിലെ മുഖ്യ അഭിനേതാക്കളില്‍ നിന്നും ഹൃദയത്തില്‍ തൊടുന്ന അഭിനയ മൂഹര്‍ത്തങ്ങള്‍ സൃഷ്ടിക്കാനും സംവിധായകനായിട്ടുണ്ട്. ജന്മം, വിന്നര്‍, ഹായ്, മിസ്സിങ്ങ്കളേഴ്‌സ് എന്നീ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള മാതൃഭൂമി ചൈന്നെ യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടറായ പ്രശാന്ത് കാനത്തൂര്‍ അരികു ജീവിതങ്ങളെ കുറിച്ചുള്ള തന്റെ അന്വേഷണം കൂടുതല്‍ പക്വമായ തലത്തിലെത്തിച്ചിരിക്കുകയാണ്. എന്‍.മുരളിധരന്‍ നമ്പ്യാര്‍ നിര്‍മ്മിച്ച ബ്ലോക്കിന്റെ ക്യാമറ പ്രതാപന്‍ .വി യും ചിത്രസംയോജനം ശശി.കെ.ബസന്തും ശബ്ദ സംവിധാനം മനോജ്‌നായരും കലാസംവിധാനം ശശികൃഷ്ണനും സംഗീതം ബിന്ദു പൗലോസും സഹസംവിധാനം ബേബി മാത്യൂസുമാണ് നിര്‍വഹിച്ചിരിക്കുന്നത്.






ganangal


മറ്റു വാര്‍ത്തകള്‍

  12 »

ഫോട്ടോഗാലറി

Discuss