കുട്ടിസ്രാങ്ക്: പെണ്ണിലെഴുതിയ ഒരു ആണിന്റെ കഥ
Posted on: 28 Nov 2009

ഷാജി എന്‍. കരുണിന്റെ ചലച്ചിത്ര ജീവിതത്തിന്റെ പരിണാമഘട്ടത്തെ രേഖപ്പെടുത്തുന്ന ചലച്ചിത്രമായി 'കുട്ടിസ്രാങ്കി'നെ വിശേഷിപ്പിക്കാവുന്നതാണ്. സമുദായത്തിന്റെയും പ്രദേശത്തിന്റെയും വേരുകളില്ലാത്ത 'കുട്ടിസ്രാങ്കെ'ന്ന ഭ്രമാത്മക കഥാപാത്രത്തെ മൂന്നു പ്രദേശങ്ങളില്‍ നിന്നുള്ള മൂന്നു സ്ത്രീകളുടെ ജീവിതങ്ങളിലൂടെ എഴുതുവാനുള്ള ശ്രമമാണ് 'കുട്ടിസ്രാങ്ക്' എന്നു പറയാം. എന്നാല്‍ വേരുകളില്ലാതെ പ്രദേശത്തിന്റെയും സംസ്‌കൃതിയുടെയും അതിരുകളെ അതിലംഘിക്കുന്ന 'കുട്ടിസ്രാങ്കി'ന്റെ നിര്‍മിതി അന്തര്‍ദേശീയ കമ്പോളത്തിന്റെ സാധ്യതകളിലേക്ക് കണ്ണുനട്ടാണെന്നും വായിക്കപ്പെടാവുന്നതാണ്.
കുട്ടിസ്രാങ്കിന്റെതെന്ന് കരുതപ്പെടുന്ന അജ്ഞാതജഡത്തെ തേടി മൂന്ന് സ്ത്രീകള്‍ എത്തുകയാണ്. സ്വന്തം അമ്മയെ കൊന്ന പിതാവിനോടുള്ള എതിര്‍പ്പുമൂലം ബുദ്ധമതം സ്വീകരിക്കാനാഗ്രഹിക്കുന്ന രേവമ്മ (പത്മപ്രിയ), കൊച്ചി തീരത്തെ ലാറ്റിന്‍ ക്രിസ്്ത്യാനികള്‍ക്കിടയില്‍ കുട്ടിസ്രാങ്കിനെ പ്രണയിച്ചു ജീവിച്ച പെമണ്ണ (കമാലിനി മുഖര്‍ജി), കുട്ടിസ്രാങ്കിന്റെ കുട്ടിയെ ഗര്‍ഭം ധരിച്ച കാളി എന്ന ഊമയായ സ്്ത്രീ എന്നിവരാണ് കുട്ടിസ്രാങ്കിന്റെ ജീവിതം തന്നെ തങ്ങളുടെ ജീവിതങ്ങളിലൂടെ അറിയാന്‍ ശ്രമിക്കുന്നത്. കാളിയോടൊത്തുള്ള മൂന്നാം ജീവിതഘട്ടത്തെ ഒരു നോവലിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്ന എഴുത്തുകാരിയായ ഒരു സ്ത്രീയും കുട്ടിസ്രാങ്കിന്റെ ജീവിതത്തെ അറിയാന്‍ ശ്രമിക്കുന്നുണ്ട്.
ശ്രീലങ്കയിലെ വൈദ്യപഠനത്തിനുശേഷം മലബാറിലെ തന്റെ പിതൃഭവനത്തിലേക്ക് തിരിച്ചുവരുന്ന രേവമ്മയുടെ കഥാകഥനത്തിലാണ് ചലച്ചിത്രത്തിന്റെ ആരംഭം. പിതാവിനോടുള്ള സംഘര്‍ഷം മൂര്‍ഛിക്കുന്നതോടെ സിനിമയുടെ രണ്ടാംഘട്ടം തുടങ്ങുന്നു. ലാറ്റിന്‍ ക്രിസ്ത്യന്‍ അന്തരീക്ഷത്തില്‍, ചവിട്ടുനാടകത്തിന്റെ സമ്പന്നമായ പശ്ചാത്തലഭംഗിയിലാണ് ഈ രണ്ടാം ഭാഗം ചിത്രീകരിക്കപ്പെടുന്നത്. ഇവിടെ ചവിട്ടുനാടക ആശാന്‍ കുട്ടിസ്രാങ്കിനെ നാടകത്തില്‍ റോള്‍മാനായി വേഷം കെട്ടിക്കാന്‍ തീരുമാനിക്കുന്നു.സ്രാങ്കിനെ പ്രണയിക്കുന്ന തന്റെ സഹോദരി പെമണ്ണയെ കാലത്തിന്റെ രീതികള്‍ക്ക് വ്യത്യസ്തമായി പെണ്‍വേഷം കെട്ടിച്ച് അരങ്ങിലെത്തിക്കാനും ആശാന്‍ തീരുമാനിക്കുന്നു. ഇവിടെയും സംഘര്‍ഷം മൂര്‍ഛിക്കുന്നതോടെ അപ്രത്യക്ഷനാകുന്ന സ്രാങ്ക് സകലരാലും അധിക്ഷേപിക്കപ്പെടുന്ന ഒരു ഊമയായ സ്ത്രീയുടെ ജീവിതത്തിലാണ് അടുത്തതായി പ്രത്യക്ഷപ്പെടുന്നത്.
ചലച്ചിത്രത്തെ പ്രധാനമായും മൂന്നുഘട്ടമായി തിരിക്കാമെങ്കിലും ചവിട്ടുനാടകത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടാംഘട്ടമാണ് ഊര്‍ജ്ജപ്രസരത്തോടെ ചലച്ചിത്രത്തിന്റെ കേന്ദ്രസ്ഥാനമാര്‍ജിക്കുന്നത്. തിരക്കഥാകൃത്തുക്കളിലൊരാളായ പി.എഫ്. മാത്യൂസ് തന്റെ 'ചാവുനിലം' തുടങ്ങിയ നോവലിലും കഥകളിലും മറ്റുമായി സാധ്യമാക്കിയ അന്തരീക്ഷ സൃഷ്ടി നമുക്കിവിടെ സ്പര്ശിച്ചറിയാനാവുന്നു. അക്രമത്തെയും ബുദ്ധമതത്തെയുമൊക്കെ പരാമര്‍ശിച്ചുകൊണ്ട് ചലച്ചിത്രത്തിന് തത്ത്വചിന്താപരമായ അടിത്തറ നല്‍കാന്‍ തുനിയുന്ന ആദ്യഘട്ടവും കഥയെടുക്കാന്‍ ശ്രമിക്കുന്ന ഹിന്ദു അന്തരീക്ഷത്തിലുള്ള മൂന്നാം ഘട്ടവും മധ്യഘട്ടത്തോടു താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലമാണ്.
കുട്ടിസ്രാങ്കിനെ അതിരുകളില്ലാത്ത ഭ്രമാത്മക വ്യക്തിത്വമാക്കി മാറ്റാനുള്ള ശ്രമം സ്രാങ്കിനെ നിര്‍വാഹകത്വമില്ലാത്ത കഥാപാത്രമാക്കി മാറ്റുന്നുണ്ട്. ഇത് കൂടുതല്‍ പ്രകടമാകുന്നത് ആദ്യഘട്ടത്തിലും അന്ത്യഘട്ടത്തിലുമാണ്. പ്രദേശത്തിന്റെയും കാലാവസ്ഥയുടെയും വ്യത്യസ്തതകളിലൂടെ ഒഴുകി നീങ്ങുന്നതായി സങ്കല്പിക്കപ്പെടുന്ന സ്രാങ്കിന്റെ ജീവിതത്തില്‍ പ്രദേശത്തിന്റെ നിര്‍മ്മിതിയാണ് കൂടുതല്‍ അനുഭവപ്പെടുന്നത്. കായല്‍ അന്തരീക്ഷത്തിന്റെ തെക്കന്‍ അന്തരീക്ഷത്തില്‍ നിന്ന് വ്യത്യസ്തമായി ആദ്യഘട്ടം അകത്തളങ്ങളുടെ ധാരാളിത്തത്താല്‍ പ്രദേശ സാധ്യതകള്‍ നഷ്ടപ്പെടുത്തുന്നു.
പെണ്ണിലൂടെ എഴുതപ്പെടുമ്പോഴും ഒരു വീരനായക പരിവേഷം ചാര്‍ത്തികിട്ടുന്ന സ്രാങ്കിലേക്ക് ഈ പെണ്‍വ്യക്തിത്വത്തങ്ങള്‍ ചുരുങ്ങിപോകുന്നുണ്ട്. പ്രകൃതിയുടെ പര്യായമായി പൊതുവേ വായിക്കപ്പെടുന്ന പെണ്ണത്തത്തില്‍ നിന്നും വ്യത്യസ്തമായി ഒരാണ്‍കഥാപാത്രം അതിരുകളില്ലാത്ത പ്രകൃതിയുടെ പ്രതിനിധിയായി പ്രത്യക്ഷപ്പെടുന്ന വൈരുധ്യം അതുകൊണ്ടുതന്നെ ഈ സിനിമ പേറുന്നുണ്ട്.
ഈ സിനിമയില്‍ ഭാവന ചെയ്യപ്പെടുന്ന കേരളമെന്ന പ്രദേശം വിദേശ കാഴ്ചയുടെ മുന്‍ഗണനകള്‍ക്കനുസരിച്ചാണോ ദൃശ്യവത്കരിക്കപ്പെടുന്നതെന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. കഥപറച്ചിലിന്റെ ധാരാളിത്തത്വത്തില്‍ അഭിരമിച്ചുകൊണ്ട് മുഖ്യധാരാ സിനിമയുടെ പ്രദേശങ്ങളെ കീഴടക്കിക്കൊണ്ട് ഷാജി എന്‍. കരുണ്‍ വഴിമാറി നടക്കുന്നതിന്റെ വ്യത്യസ്തതയും ചലച്ചിത്ര ചരിത്ര പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്.
ഡോണ്‍ ജോര്‍ജ്