Mathrubhumi Logo
  film festival

രണ്ടാം പകുതിയുടെ പ്രതീക്ഷയായി വോണ്‍ട്രോട്ടയും കെന്‍ലോച്ചും ഏലിയാ സുലൈമാനും

Posted on: 27 Nov 2009

വിഖ്യാത ജര്‍മന്‍ സംവിധായിക മാര്‍ഗരിത്ത വോണ്‍ ട്രോട്ടയും സോഷ്യല്‍ റിയലിസത്തിന്റെ പ്രയോക്തയായി അറിയപ്പെടുന്ന ബ്രിട്ടീഷ് സംവിധായകന്‍ കെന്‍ ലോച്ചും ഇസ്രായല്‍-പലസ്തീനി സംവിധായകന്‍ ഏലിയാ സുലൈമാനും ഗോവന്‍ ചലച്ചിത്രമേളയുടെ രണ്ടാം പകുതിയുടെ പ്രതീക്ഷയാകുന്നു. രാഷ്ട്രീയ നിലപാടുകള്‍ ചലച്ചിത്ര ആഖ്യാനത്തില്‍ നിര്‍ണായകമാണെന്ന കാഴ്ചപ്പാടു കൊണ്ട് ലോകസിനിമയില്‍ വേറിട്ട വ്യക്തിത്വം സ്ഥാപിച്ചെടുത്ത സംവിധായകരില്‍ പ്രധാനികളാണ് ഈ മൂന്നു പേരും. എന്നാല്‍ വ്യക്തിപരമായി അതിലെ രാഷ്ട്രീയത്തെ അന്വേഷിക്കുന്ന സ്ത്രീവാദ സംവിധായകരുടെ സവിശേഷതയാണ് വോണ്‍ ട്രോട്ടയെ ഇവരില്‍ നിന്ന് വേര്‍തിരിച്ചുനിര്‍ത്തുന്നത്. എന്നാല്‍ വൈയക്തികമായ പെണ്ണനുഭവങ്ങളെ വിശാലമായ രാഷ്ട്രീയ ചരിത്രത്തിന്റെ പാശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ചാണ് വോണ്‍ ട്രോട്ട ദൃശ്യവത്കരിക്കുന്നത്.

വിഖ്യാത ജര്‍മന്‍ സംവിധായകരായ ഫാസ്ബിന്ററിന്റേയും വോള്‍ക്കര്‍ ഷ്‌ക്ലോന്‍ ഡോര്‍ഫിന്റെയും സിനിമകളില്‍ നടിയായാണ് വോണ്‍ ട്രോട്ട ജീവിതമാരംഭിച്ചത്. തന്റെ രണ്ടാം ഭര്‍ത്താവായ ഷ്‌ക്ലോണ്‍ ഡോര്‍ഫിനൊപ്പം 1975-ല്‍ 'ദ ലോസ്റ്റ് ഓണര്‍ ഓഫ് കാതറീന ബഌം' ഒരുക്കികൊണ്ടാണ് വോണ്‍ട്രോട്ട സംവിധാനരംഗത്തേക്ക് കടക്കുന്നത്. തുടര്‍ന്ന് എഴുപതുകളുടെ അന്ത്യത്തിലും എണ്‍പതുകളുടെ തുടക്കത്തിലും ചെയ്ത സിനിമകളിലൂടെ ജര്‍മന്‍ സിനിമയിലെ ഏറ്റവും പ്രസിദ്ധ സംവിധായകയെന്ന പദവി ട്രോട്ട സ്വന്തമാക്കി.

സഹോദരിമാരുടെ കഥകളും റോസാ ലക്‌സംബര്‍ഗ് അടക്കമുള്ള വിഖ്യാത സ്ത്രീ വ്യക്തിത്വങ്ങളുടെയും കഥ പറയാന്‍ താല്‍പര്യപ്പെട്ട വോണ്‍ ട്രോട്ടയുടെ ഗോവയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രവും ഒരു ജീവചരിത്ര സിനിമയാണ്. ബെന്‍ഡിക്‌സണ്‍ സന്യാസിനി സമൂഹത്തില്‍ അംഗമായിരുന്ന കാലത്തെ കടന്നുചിന്തിച്ച ഒരു കന്യസ്ത്രീയുടെ കഥയാണ് 'വിഷന്‍' എന്ന സിനിമയില്‍ അവര്‍ പറയുന്നത്. മധ്യകാലഘട്ടത്തിന്റെ യുക്തിവിരുദ്ധമായ സമീപനങ്ങളില്‍ നിന്നും വിട്ടുമാറി ആധുനിക ഊര്‍ജ്ജതന്ത്രത്തിന്റെയും ബദല്‍ വൈദ്യശാസ്ത്രത്തിന്റെയും സാധ്യതകളന്വേഷിച്ച ഹില്‍ഡെഗാര്‍ഡ് വോണ്‍ ബിന്‍ഗന്‍ മാനവ ആധുനികതയുടെ വരവ് പ്രവചിച്ച പെണ്‍ പ്രതിഭയായിരുന്നു. ശാസ്ത്രന്വേഷണങ്ങള്‍ക്കു പുറമെ സിംഫണികളും ഒരുക്കിയ വോണ്‍ ബിന്‍ഗന്റെ ജീവിതം ചിത്രമാക്കുന്നതിലൂടെ തന്റെ സ്ത്രീവാദ നിലപാടുകളെ വീണ്ടും പ്രഖ്യാപിക്കുകയാണ് ട്രോട്ട.

തൊഴിലാളികളോടും, പ്രവാസികളോടും പലസ്തീന്‍ പോരാളികളോടുള്ള പ്രതിബദ്ധത മൂലം ആദ്യകാല സിനിമകളില്‍ പലതും പ്രദര്‍ശിപ്പിക്കുന്നതില്‍ തടസം നേരിട്ട കെന്‍ ലോച്ച് തൊണ്ണൂറുകളോടെ അന്തര്‍ദേശീയ ഫെസ്റ്റിവല്‍ സര്‍ക്യൂട്ടിന്റെ ഓമനയായി മാറി. എന്നാല്‍ മുഖ്യധാര ചലച്ചിത്രമേളകളുടെ മുന്‍ഗണനകള്‍ക്കനുസരിച്ച് തന്റെ ചലച്ചിത്ര നിലപാടുകളെ ഏറെയൊന്നും മാറ്റിയെഴുതാന്‍ കെന്‍ ലോച്ചിനായിട്ടില്ല.

കെന്‍ ലോച്ചിന്റെ ആദ്യകാലചിത്രങ്ങളായ പുവര്‍ കൗ (1967), കെംബ് (1970) എന്നീ ചിത്രങ്ങള്‍ പിന്‍കാല കണക്കെടുപ്പില്‍ ബ്രിട്ടനില്‍ നിന്നുണ്ടായ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും ചെയ്തു. 2006-ല്‍ കാനില്‍ മികച്ച ചിത്രത്തിനുള്ള 'ഗോള്‍ഡന്‍ പാം' നേടിയ 'ദ വിന്‍ഡ് ദാറ്റ് ഷെയ്ക്ക്‌സ് ദ ബാര്‍ലി'ക്കു ശേഷം ഈ വര്‍ഷം കാനില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ലുക്കിങ്ങ് ഫോര്‍ എറിക്' എന്ന സിനിമയാണ് ഗോവയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

സോഷ്യല്‍ റിയലിസത്തിന്റെ പരമ്പരാഗത വഴികളില്‍ നിന്ന് ഏറെയൊന്നും മാറി നടക്കാത്തപ്പോഴും ഹാസ്യത്തിന്റെ അന്തര്‍ധാരയോടെ വ്യത്യസ്തമായൊരു സിനിമയാണ് 'ലുക്കിങ്ങ് ഫോര്‍ എറിക്'. ഫുട്‌ബോള്‍ ഭ്രാന്തനായ ഒരു ബിഷപ്പ് ജീവിതത്തില്‍ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുകയാണ് .ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിക്കുന്ന നിമിഷങ്ങളിലൂടെ ദ്രവാത്മക അവസ്ഥയില്‍ ബിഷപ്പിന്റെ ആരാധനാ കഥാപാത്രമായ ഫുട്‌ബോള്‍ താരം എറിക് കന്റോണ അയാള്‍ക്ക് തത്ത്വചിന്താപരമായ ഉപദേശങ്ങള്‍ നല്‍കുന്നു. ഈ ഉപദേശത്തിലൂടെ ജീവിതത്തെ നേരിടുന്ന ബിഷപ്പിലൂടെ സാധാരണ മനുഷ്യരും അവരുടെ ആരാധനാ പാത്രങ്ങളും തമ്മിലുള്ള സവിശേഷബന്ധത്തെ വിശകലനം ചെയ്യുകയാണ് കെന്‍ ലോച്ച്.

1966-ല്‍ 'ക്രോണിക്കിള്‍ ഓഫ് എ ഡിസപ്പിയറന്‍സി'ലൂടെ ഫീച്ചര്‍ ഫിലിം സംവിധാന രംഗത്തേക്ക് പ്രവേശിച്ച ഏലിയ സുലൈമാന്‍ പലസ്തീനിലെ അധിനിവേശ പ്രദേശങ്ങളിലുള്ളവരുടെ സ്വത്വപ്രതിസന്ധികളെ ഹാസ്യത്തിന്റെയും അസംബന്ധ ദൃശ്യങ്ങളുടെയും വിചിത്രമായ മിശ്രണത്തിലൂടെ അവതരിപ്പിക്കുന്ന സംവിധായകനാണ്. ആത്മകഥാപാത്രമായ വ്യക്തിത്വ പ്രതിസന്ധിയെ തന്റെയും കുടുംബങ്ങളുടെയും ദൃശ്യങ്ങളിലൂടെ പകര്‍ത്തുന്ന ഏലിയാ സുലൈമാന്റെ സിനിമകള്‍ ഡയറി സിനിമകള്‍ എന്നറിയപ്പെടാറുണ്ട്.

സുലൈമാന്റെ ഗോവയിലെത്തുന്ന സിനിമയായ 'ദ ടൈം ദാറ്റ് റിമൈന്‍സും' മുന്‍കാല ചിത്രങ്ങളുടെ പ്രമേയങ്ങള്‍ തന്നെയാണ് പിന്തുടരുന്നത്. പലസ്തീനിലെ രാഷ്ട്രരഹിതാവസ്ഥയുടെ ചിത്രീകരണത്തില്‍ ശ്രദ്ധയൂന്നിയ അദ്ദേഹം കാന്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പുതി സിനിമയില്‍ ഇസ്രായേലി രാഷ്ട്രത്തിന്റെ സ്ഥാപനം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള ചരിത്രമാണ് കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ ചിത്രീകരിക്കുന്നത്.

ഡോണ്‍ ജോര്‍ജ്‌



ganangal


മറ്റു വാര്‍ത്തകള്‍

  12 »

ഫോട്ടോഗാലറി

Discuss