'ഇജ്ജൊഡു' കാലികമല്ലാത്ത ചലച്ചിത്രം
Posted on: 26 Nov 2009

ഹൊയ്‌സാല ശില്പങ്ങളാല്‍ നിറഞ്ഞ ക്ഷേത്രങ്ങളുള്ള ഒരു കന്നഡ ഗ്രാമത്തിലേക്ക് ഹോട്ടോ ജേര്‍ണലിസ്റ്റായ ആനന്ദ എത്തുകയാണ്. മോഹിനിമാരെ കുറിച്ചുള്ള ദൂരൂഹമായ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ അയാള്‍ ഗ്രാമമുഖ്യന്റെ മകളായ ചെന്നിയെ കാണുന്നു. തന്റെ ക്ഷേത്രശില്പ ഫോട്ടോകളില്‍ ഒരു മോഹിനിയെപ്പോലെ അവള്‍ തെളിഞ്ഞുവരുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടുന്നു. എന്നാല്‍ ചെന്നിയെ കുറിച്ചുള്ള രഹസ്യങ്ങള്‍ അയാള്‍ക്കു മുമ്പില്‍ പതുക്കെ വെളിപ്പെടുന്നു. ഗ്രാമവാസികളുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ഗ്രാമത്തെ മഹാമാരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ദേവദാസിയായി ജീവിക്കുകയാണ് ചെന്നി. ഗ്രാമീണരുടെ വിശ്വാസങ്ങളെ അന്തരവത്കരിച്ചിരിക്കുന്ന ചെന്നിയെ യുക്തിയുടെ ഭാഷയില്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അവളെ വിവാഹം കഴിക്കുന്നതിനുള്ള ധൈര്യം അയാള്‍ പ്രകടിപ്പിക്കുന്നില്ല. തുടര്‍ന്ന് പിറ്റേന്നു രാവിലെ ഗ്രാമത്തിലെ കുളത്തിനരികില്‍ ചെന്നിയുടെ മൃതദേഹം കണ്ടെത്തുന്നു. ചെന്നിയുടെ മരണത്തിന് കാരണമായത് തന്റെ ഭീരുത്വമാണെന്ന് ആനന്ദ് കരുതുന്നു.
നൃത്തത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചലച്ചിത്രമെന്ന പ്രതീതിയുണര്‍ത്തിക്കൊണ്ട് ചടുലമായ ക്യാമറ ചലനങ്ങളോടെ ആരംഭിക്കുന്ന ഈ ചലച്ചിത്രം പിന്നീട് തികച്ചും വ്യത്യസ്തമായ തലത്തിലേക്ക് ചുവടുമാറുന്നു. മോഹിനിയെ കുറിച്ചുള്ള വര്‍ത്തമാനങ്ങളിലൂടെ ദുരുഹത സൃഷ്ടിച്ച് പട്ടാളക്കരന്റെ ഭാര്യയെകുറിച്ചുള്ള ഉപകഥയിലൂടെ മുഖ്യപ്രമേയത്തില്‍ നിന്ന് വഴിതിരഞ്ഞുപോവുകയാണ് ഈ സിനിമ.
മീരാജാസ്മിന്റെ അഭിനയമികവിനേക്കാള്‍ സൗന്ദര്യത്തില്‍ ശ്രദ്ധകേന്ദ്രികരിക്കുന്ന സത്യൂവിന്റെ ക്യാമറ അന്ത്യത്തില്‍ മാത്രമാണ് മുഖ്യപ്രമേയത്തിലേക്ക് എത്തുന്നത്. ദേവദാസിയില്‍ നിന്നും വേശ്യവൃത്തിയിലേക്കെത്തിച്ചേരുന്ന ചെന്നിയുടെ അവസ്ഥ പെട്ടെന്ന് വെളിപ്പെടുമ്പോള്‍ അത് പ്രേക്ഷകരില്‍ വലിയ ഞെട്ടലൊന്നും ഉളവാക്കുന്നില്ല. രണ്ടു പാട്ടുസീനുകളിലൂടെയും ഹാസ്യരംഗങ്ങളിലൂടെയും കമ്പോള അഭിരുചികളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സത്യുവിനെ റിലയന്‍സിന്റെ മുന്‍ഗണനകള്‍ സ്വാധീനിച്ചിട്ടുണ്ടോ, എന്ന് പ്രേക്ഷകന്‍ സംശയിച്ചതില്‍ അത്ഭുതപ്പെടാനാവില്ല. ലോക്കേഷന്‍ സൗണ്ടും എഡിറ്റിങ്ങിലെ പുതുമകളും മറ്റുമായി സാങ്കേതിക രംഗത്ത് സമകാലികമാവാന്‍ ശ്രമിക്കുന്ന ' ഇജ്ജൊഡു' ആഖ്യാനത്തിലും ചലച്ചിത്രഭാഷയിലും പുതിയ കാലത്തിനോട് സംവദിക്കുന്നുണ്ടെന്ന് പറയാനാവില്ല.