അരുതായ്മകകളുടെ അതിരുകള്‍: പ്രതിനിധാനസങ്കീര്‍ണതയുമായി 'മോളിക്യം'
Posted on: 26 Nov 2009

കാമുകനും സുഹൃത്തുകളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി മോളി എന്ന കൗമാരക്കാരി പോലിസിനെ സമീപിക്കുകയാണ്. സ്വന്തം ജീവിതം സ്ഥിരമായി പകര്‍ത്തുന്ന മോളിയുടെ ടേപ്പുകള്‍ പോലീസുദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. അതില്‍ മോളിയുടെ സമ്മതമില്ലായ്മ അത്ര പ്രകടമാകുന്നില്ല. ഈ ടേപ്പുകള്‍ പരിശോധിക്കുന്ന ജെര്‍ഡ് എന്ന പോലീസുദ്യോഗസ്ഥര്‍ പോണോഗ്രാഫിയോടടുത്ത ദൃശ്യലോകത്തിലേക്കാണ് എടുത്തെറിയപ്പെടുന്നത്. ബലാത്സംഗകുറ്റം പ്രതികള്‍ക്കുമേല്‍ ആരോപിക്കുന്നതിന്റെ ഭാഗമായി അക്രമപ്രവര്‍ത്തനം വീണ്ടും ചിത്രീകരിക്കുകയാണ് ജെന്‍സ്. നിയമത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന ജെന്‍സും പുതിയ കാലത്തിന്റെ ആസക്തിയുടെ ഭാഷ സംസാരിക്കുന്ന മോളിയും പെണ്‍ലൈംഗികതയുടെ ഇരുണ്ട ആഴങ്ങള്‍ വെളിപ്പെടുത്തുന്ന ജെന്‍സിന്റെ ഭാര്യ യമുനയും ഒത്തുചേരുമ്പോള്‍ അരുതായ്കകളുടെ അതിരുകള്‍ പ്രശ്‌നവത്കരിക്കപ്പെടുന്നു.
എവിടെയാണ് സമ്മതം അവസാനിക്കുകയും ബലാത്സംഗം ആരംഭിക്കുകയും ചെയ്യുന്നത് ?. മോളിയുടെ കേസിലേക്ക് ജെന്‍സ് ഉറ്റുനോക്കുന്നതില്‍ ഒളിഞ്ഞുനോട്ടം എവിടെയാണ് തുടങ്ങുന്നത്?. പോണൊഗ്രാഫിയുടെ ദൃശ്യഭാഷ പരിചയിക്കുന്ന പെണ്‍കുട്ടി സംസാരിക്കുന്ന ആസക്തിയുടെ ഭാഷയെ എങ്ങിനെയാണ് മനസ്സിലാക്കേണ്ടത് ? . ഇത്തരം വിഷയങ്ങളെയെല്ലാം ദൃശ്യഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതില്‍ വിജയം വരിച്ചുകൊണ്ടാണ് 'മോളിക്യം' ഗോവയില്‍ ഇതുവരെ ഗോവയില്‍ ഇതുവരെ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങളില്‍ മുന്‍നിയിലെത്തുന്നത്. ചലച്ചിത്രം യാഥാര്‍ഥ്യത്തിന്റെ പകര്‍ത്തലാണ് എന്ന പരമ്പരാഗത കാഴ്ച്ചപ്പാടില്‍ നിന്നും ഭിന്നമായി ചലച്ചിത്ര യാഥാര്‍ഥ്യത്തിന്റെ നിര്‍മ്മിതി സ്വഭാവത്തെ പ്രേക്ഷകനെ നിരന്തരം ബോധ്യപ്പെടുത്തികൊണ്ടാണ് 'മോളിക്യം' പുതിയ ചിന്തകള്‍ ഉണര്‍ത്തിവിടുന്നത്
ഡോണ്‍ ജോര്‍ജ്