ജൂറി അംഗങ്ങള്‍ ഏറ്റുമുട്ടുന്നു; പനോരമ വിവാദം പുകയുന്നു
Posted on: 25 Nov 2009
തിരഞ്ഞെടുപ്പിനെത്തിയ ചിത്രങ്ങള്‍ മുഴുവന്‍ കാണുകയെന്ന ഉത്തരവാദിത്വം നിര്‍വഹിക്കാതെ വ്യക്തിപരമായ മുന്‍വിധികളോടെ ജൂറി ചെയര്‍മാന്‍ തന്നിഷ്ടം നടപ്പാക്കുകയായിരുന്നുവെന്നാണ് ഗൗതം ഭാസ്‌ക്കരന്‍ ആരോപണമുന്നയിച്ചത്. പഴശ്ശിരാജ, കേരളാ കഫെ തുടങ്ങിയ മലയാള ചിത്രങ്ങള്‍ ചെയര്‍മാന്‍ കണ്ടിട്ടില്ലന്നും ഗൗതം ഭാസ്‌ക്കരന്‍ പറഞ്ഞു.
ചെയര്‍മാന്‍ ജൂറി സ്‌ക്രീനിങ്ങില്‍ പങ്കെടുക്കാതെ മിക്കസമയവും യാത്രയിലായിരുന്നുവെന്നും, റിലയന്‍സ് നിര്‍മാണം നിര്‍വഹിച്ച ചിത്രങ്ങള്‍ക്കു വേണ്ടി മുസഫര്‍ അലി വ്യക്തിപരമായ താല്‍പ്പര്യമെടുത്തുവെന്നും ഗൗതം ഭാസ്‌ക്കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
റിലയന്‍സ് നിര്‍മിച്ച മലയാള ചിത്രമായ കുട്ടിസ്രാങ്കിനു പുറമെയുള്ള മലയാള ചിത്രങ്ങളോട് ചെയര്‍മാന്‍ ശത്രുതാപരമായ നിലപാടെടുത്തുവെന്ന് ഗൗതം ഭാസ്‌ക്കരന്‍ വിമര്‍ശനമുന്നയിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ എസ്.എം ഖാന്‍ ചലച്ചിത്രങ്ങളെക്കുറിച്ച് വിവരമില്ലാത്തയാളാണന്നും ഗൗതം പറഞ്ഞു.
പഴശ്ശിരാജ സാങ്കേതിക മേന്മ മാത്രമുള്ള ചിത്രമാണന്നും കേരളാ കഫേയില്‍ വലിയ പുതുമയില്ലന്നും ജൂറിയുടെ തിരഞ്ഞെടുപ്പിനെ ന്യായീകരിച്ചുകൊണ്ട് മുസഫര്‍ അലി ചൊവ്വാഴ്ച പറഞ്ഞിരുന്നു. പനോരമാ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഉടനീളം വിമര്‍ശനങ്ങളുന്നയിക്കാതെ പങ്കെടുത്തശേഷം ഗൗതം ഭാസ്‌ക്കര്‍ ചലച്ചിത്രോത്സവ സമയത്ത് ആരോപണങ്ങളുന്നയിക്കുന്നത് ന്യായീകരിക്കാനാവില്ലന്ന് മുസഫര്‍ അലി പറഞ്ഞു. പനോരമാ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനായുള്ള സ്‌ക്രീനിങ്ങില്‍ താന്‍ പൂര്‍ണ്ണമായും പങ്കെടുത്തിട്ടുണ്ടന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിനു പകരം സ്വന്തം നിലയില്‍ പനോരമാ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട ഗൗതം ഭാസ്‌ക്കരനെതിരെയാണ് കോടതി വിമര്‍ശനമുന്നയിച്ചതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ എസ്.എം ഖാന്‍ പറഞ്ഞു. കോടതി ഗൗതം ഭാസ്‌ക്കരനെതിരെ നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തോട് ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂരി അംഗമല്ലാത്ത തനിക്ക് സിനിമയെക്കുറിച്ച് വിവരമുണ്ടോ ഇല്ലയോ എന്നത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ല.
എന്നാല്‍ ഒരു വെബ്‌സൈറ്റില്‍ പനോരമാ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട ഗൗതം ഭാസ്‌ക്കരനാണ് എല്ലാ വിവാദങ്ങള്‍ക്കും തുടക്കമിട്ടത്. ഗൗതം ഭാസ്‌ക്കരനെതിരെ കോടതി നടപടി ആവശ്യപ്പെട്ടതിനാല്‍ അദ്ദേഹത്തെ ഫെസ്റ്റിവലിനായി ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലന്ന് എസ്.എം കാന്‍ പറഞ്ഞു. ഗൗതമിന് പ്രസ് അക്രഡിറ്റേഷന്‍ നല്‍കേണ്ടത് പി.ഐ.ബിയുടെ ചുമതലയാണന്നും ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിന് അതില്‍ കാര്യമില്ലന്നും എസ്.എം ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ഡോണ്‍ ജോര്‍ജ്