Mathrubhumi Logo
  film festival

നിമിബുത്തര്‍ റെട്രോ തുടങ്ങി

സ്‌പെഷല്‍ ഫീച്ചര്‍ Posted on: 24 Nov 2009

നോണ്‍സി നിമിബുത്തര്‍: തായ് നവതരംഗത്തിന്റെ ജനപ്രിയമുഖം


തായ്‌ലാന്‍ഡിലെ നവതരംഗ പ്രസ്ഥാനത്തിന്റെ ഏറ്റവും ജനപ്രിയമുഖമെന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകനാണ് നോണ്‍സി നിമിബുത്തര്‍. നിമിബുത്തറിനേക്കാള്‍ ഗൗരവമേറിയ വിഷയങ്ങള്‍ ചലച്ചിത്രഭാഷയുടെ സങ്കീര്‍ണതയില്‍ ചിത്രീകരിച്ചവരാണ് തായ് നവതരംഗത്തിലെ മറ്റു പ്രമുഖരായ പെന്‍ എക് രത്താനരുങ്ക്, അപ്പിചാറ്റ് പോങ് വീരസാത്തുക്കുല്‍, വിസിത് സസാനത്തിയേങ്ങ് എന്നിവര്‍. എങ്കിലും പരസ്​പരം സഹകരിക്കുന്ന ഈ സംവിധായകരുടെ കയ്യൊപ്പ് പലതും നിമിബുത്തറിന്റെ രചനകളിലും പ്രകടമാണ്.

കേരളത്തിലെ ഡിവിഡി കമ്പോളത്തില്‍ ചലനങ്ങളുണ്ടാക്കിയ ജന്‍ദാരാ (2001), നാങ് നാക് (1999) എന്നീ നിമിബുത്തര്‍ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ആസ്വാദ്യകരമായ ജനപ്രിയശൈലിക്ക് ഉദാഹരണങ്ങളാണ്. പരിയഡ് ഷമിമിന്റെയും ഹൊറര്‍ ജനുസ്സിന്റെയും സുരക്ഷിതത്വത്തില്‍ നിന്ന് വിട്ട് തായ്‌ലന്‍ഡിലെ മത-സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ നിമിബുത്തര്‍ ശ്രമിച്ച സിനിമിയാണ് 'ഒ.കെ. ബെയ്‌ത്തോങ് (2003), മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ദക്ഷിണ തായ്‌ലന്‍ഡിലെ വംശീയ-മത സങ്കീര്‍ണതകളെ ഭീകരവാദത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ഈ ചിത്രം മതവ്യക്തിത്വത്തിന്റെ നിര്‍മ്മിതിയെ വിശകലനം ചെയ്യുന്നുണ്ടെന്ന് പറയുക വയ്യ.

സഹോദരിയുടെ മരണത്തെ തുടര്‍ന്ന് സന്യാസിത്വം ഉപേക്ഷിച്ചുവരുന്ന യുവാവ് മതേതര സമൂഹത്തിലേക്കും മുസ്‌ലിം സമൂഹത്തിലേക്കും പ്രവേശിക്കുന്നതിനെ വിഷയം ആവശ്യപ്പെടുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ നിമിബുത്തറിനായിട്ടില്ല. 2008 ലെ കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 'ക്വീന്‍സ് ഓഫ് ലങ്കാസുക'യില്‍ ഹിസ്‌റ്റോറിക്കലിന്റഖെ എളുപ്പവഴികളിലേക്കാണ് നിമിബുത്തര്‍ സഞ്ചരിക്കുന്നത്.

തായ്‌ലന്‍ഡിലെ സെന്‍സര്‍ഷിപ്പ് നിയമങ്ങളെ വെല്ലുവിളിച്ച ലൈംഗികതാചിത്രീകരണത്തിലൂടെ ശ്രദ്ധേയമായ 'ജന്‍ദാരാ' ഈ കാരണം കൊണ്ടുതന്നെയാണ് ഡിവിഡി മാര്‍ക്കറ്റില്‍ ശ്രദ്ധേയമായത്. പിതാവും പുത്രനും തമ്മിലുള്ള വിചിത്രമായ വെറുപ്പ്, രക്തബന്ധത്തില്‍ പ്പെട്ടവര്‍ തമ്മിലുള്ള ലൈംഗികബന്ധം തുടങ്ങി അഗമ്യഗമനത്തിന്റെ നിഘണ്ടുവായി മാറുന്ന ഈ സിനിമ നിമിബുത്തറിന്റെ ട്രേഡ് മാര്‍ക്ക് ശൈലിയായ ഭംഗിയുള്ള ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. എന്നാല്‍ തൊട്ടുനോക്കാന്‍ തോന്നുന്ന മൃദ്യുലത അനുഭവിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ക്കപ്പുറം ഈ സിനിമ പുതിയ വഴികള്‍ വെട്ടിതുറക്കുന്നുണ്ടെന്ന് പറയാനാവില്ല.

തായ്‌ലന്‍ഡിലെ ഒരു പരമ്പരാഗത പ്രേതകഥയെ, ഏഷ്യന്‍സിനിമയില്‍ ഏറെ പ്രശസ്തമായ ഹൊറര്‍ ജനുസ്സിന്റെ എല്ലാവിധ ചേരുവകളും ചേര്‍ത്ത് ഒരുക്കിയിരിക്കുകയാണ് നാങ്‌നാക്കില്‍. അന്തര്‍ദേശിയമായ ശ്രദ്ധിക്കപ്പെടുന്ന ഏഷ്യന്‍ ഹൊറര്‍ ജനുസ്സിനോടുള്ള നിമിബുത്തറിന്റെ പ്രിയമാണ് മറ്റു രണ്ടു സംവിധായകരോടൊപ്പം അദ്ദേഹം തയ്യാറാക്കിയ 'ത്രീ' എന്ന ലഘു സിനിമാ സമാഹാരം വെളിപ്പെടുത്തുന്നത്.

ഗോവന്‍ ചലച്ചിത്രമേളയില്‍ നിമിബുത്തര്‍ റെട്രോയുടെ ഉദ്ഘാടന ചിത്രമായ 'ഒ.കെ. ബെയ്‌ത്തോങ്; മുസ്‌ലിം സമൂഹത്തെ കുറിച്ചുള്ള വാര്‍പ്പുമാതൃകകളെ ബലപ്പെടുത്തുന്ന ആഖ്യാനഘടനയാണ് പിന്തുടരുന്നത്. ലൈംഗികതയിലേക്കും വ്യത്യസ്തമായ സാമൂഹ്യശീലങ്ങളിലേക്കും ഒരേസമയം എടുത്തെറിയപ്പെടുന്ന യുവബുദ്ധസന്യാസിയുടെ കാഴ്ചപ്പാടിലൂടെയുള്ള ആഖ്യാനം മുസ്‌ലിങ്ങളെ അപരമായി കാണുന്ന പൊതുപ്രവണതയെ പൊളിച്ചെഴുതുന്നതിന് പര്യാപ്തമാകുന്നില്ല. സന്യാസിപദം ഉപേക്ഷിക്കുന്ന യുവാവിന്റെ ലൈംഗികതയാണോ, മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തിന്റെ സാമൂഹ്യയാഥാര്‍ത്ഥ്യമാണോ പ്രധാനമായി ചിത്രീകരിക്കേണ്ടതെന്നതിനെ കുറിച്ചുള്ള സംവിധായകന്റെ ആശയക്കുഴപ്പം ചിത്രത്തെ ഉപരിപ്ലവമാക്കുന്നു.

ജനുസ്സുകളെ പുനര്‍വ്യാഖ്യാനിക്കാന്‍ നിമിബുത്തര്‍ ശ്രമിക്കുന്നുണ്ടെങ്കിലും രത്താനരുങ്കിന്റെയും വീരാസാത്തുങ്കലിന്റെയും ആഖ്യാന ഗുരുത്വം കൈവരിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. യൂറോപ്യന്‍ അംഗീകാരം ഒരു ആധികാരിക അളവുകോലല്ലെങ്കിലും വീരസാത്തുങ്കിലിന്റെ 'ട്രോപ്പിക്കല്‍ മാലഹി', സിന്‍ഡ്രോംസ് ആന്‍ഡ് എ സെഞ്ച്വറി' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ലോകത്തെ വന്‍ ചലച്ചിത്രമേളകളില്‍ ലഭിച്ച പ്രാധാന്യം നിമിബുത്തറിന്റെ സിനിമകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നു പറയുക വയ്യ.

ത്രില്ലര്‍, ഹൊറര്‍ ജനുസ്സുകളെ ഏഷ്യന്‍-യൂറോപ്യന്‍ ശൈലികളുടെ സങ്കലനത്തിലൂടെ പുനര്‍വ്യാഖ്യാനിക്കുന്നതില്‍ രത്താനരുങ്ക് തന്റെ സിനിമകളായ ഫണ്‍ ബാര്‍കരോക്കര്‍, മൊണ്‍ടാക് ട്രാന്‍സിസ്റ്റര്‍, ലാസ്റ്റ് ലൈഫ് ഇന്‍ ദി യൂണിവേഴ്‌സ്, നിംഫ് എന്നിവയില്‍ പ്രകടിപ്പിക്കുന്ന കൈത്തഴക്കം നിമിബുത്തറിന് അന്യമാണെന്ന് പറയാം. എന്നാല്‍ തായ് നവതരംഗ സിനിമക്കാര്‍ക്കും ഏഷ്യന്‍ സിനിമയിലെ പുതു സംവിധായകര്‍ക്ക് അവസരം നല്‍കിയ നിര്‍മാണ കമ്പനിയുടമ എന്ന നിലയില്‍ നിമിബുബത്തറിനുള്ള പ്രാധാന്യം തള്ളിക്കളയാനാവില്ല. രത്താനരുങ്കിന്റെയും വീരസാത്താങ്കുലിന്റെയും സിനിമകളിലേക്കുള്ള ജനപ്രിയ വഴി എന്ന രീതിയില്‍ നിമിബുത്തറിന്റെ സിനിമകളെ കാണാവുന്നതാണ്.



ganangal


മറ്റു വാര്‍ത്തകള്‍

  12 »

ഫോട്ടോഗാലറി

Discuss