Mathrubhumi Logo
  film festival

ഇന്ത്യന്‍ പനോരമ: ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ അനാസ്ഥ: പി.വി ഗംഗാധരന്‍

Posted on: 24 Nov 2009

ഗോവ: ഇന്ത്യന്‍ പനോരമയിലേക്ക് സിനിമകള്‍ തിരഞ്ഞെടുത്തതില്‍ ജൂറിയുടെ ഭാഗത്ത് നിന്നുണ്ടായത് തികഞ്ഞ അനാസ്ഥയാണെന്ന് ഫിയാഫ് വൈസ് പ്രസിഡന്റ് പി.വി ഗംഗാധരന്‍ കുറ്റപ്പെടുത്തി. പനോരമയിലേക്ക് പരിഗണനയ്ക്ക് വന്ന ചിത്രങ്ങള്‍ കാണാന്‍ പോലും ജൂറി മിനക്കെട്ടില്ല. ഒന്നിച്ചിരുന്ന് ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുന്ന രീതി മാറി ജൂറിയിലെ അംഗങ്ങള്‍ക്കായി സിനിമകളുടെ ഡി.വി.ഡികള്‍ നല്‍കുന്ന രീതിയാണ് ഇപ്പോഴുള്ളത്. അവരാകട്ടെ പലപ്പോഴും ചിത്രങ്ങള്‍ കാണാന്‍ പോലും മിനക്കെടാറില്ല. ഈ പ്രവണത മാറ്റി ജൂറി അംഗങ്ങള്‍ക്കായി സിനിമ പ്രദര്‍ശിപ്പിക്കുന്ന പഴയ രീതി തന്നെ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോവയില്‍ ചലച്ചിത്രോത്സവ നഗരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലിറങ്ങുന്ന പല നല്ല സിനിമകളും ഈ വര്‍ഷം സിനിമാ പ്രേമികള്‍ക്കും വിദേശ പ്രതിനിധികള്‍ക്കും മുമ്പാകെ കാണിക്കുവാനുള്ള സുവര്‍ണാവസരമാണ് ജൂറിയുടെ അനാസ്ഥ മൂലം നഷ്ടമായത്. പഴശ്ശിരാജയും കേരള കഫേയും ഭ്രമരവും അടക്കമുള്ള മലയാള ചിത്രങ്ങള്‍ തഴഞ്ഞതിലുള്ള ശക്തിയായ പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായക ഏടായ പഴശ്ശിരാജയുടെ ജീവിതം പ്രമേയമാക്കി എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്താതിരുന്നതിന് ഒരു ന്യായീകരണവുമില്ല. അതുപോലെ രഞ്ജിത്തിന്റെ 10 സിനിമകളുടെ പരമ്പരയായ കേരള കഫേ ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പരീക്ഷണമായിരുന്നു. ആ നിലയ്ക്ക് പനോരമയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടതായിരുന്നു. ജൂറിയുടെ ഈ നീതിനിഷേധത്തിനെതിരെ ഫിലം ഫെഡറേഷന്‍ ഓഫ് ഇന്ത്യയേയും സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പറിനേയും പ്രതിഷേധം അറിയിക്കുമെന്നും പി.വി ഗംഗാധരന്‍ അറിയിച്ചു.



ganangal


മറ്റു വാര്‍ത്തകള്‍

  12 »

ഫോട്ടോഗാലറി

Discuss