Mathrubhumi Logo
  film festival

'ശിഥിലമായ' ആലിംഗനങ്ങള്‍' പെനിലോപ്പും അല്‍മദോവറും ഒരുമിക്കുമ്പോള്‍

Posted on: 23 Nov 2009


സമകാലിക ലോക സിനിമയിലെ ഏറ്റവും സാര്‍ഥകമായ സര്‍ഗാത്മക സഹകരങ്ങളിലൊന്നാണ് വിഖ്യാത സ്​പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മദോവറും നടി പെനിലോപ്പ് ക്രൂസും തമ്മിലുള്ളത്. അല്‍മദോവറിന്റെ ഏറ്റവും പുതിയ സിനിമയായ 'ബ്രോക്കണ്‍ എംബ്രേസസി'ലെത്തുമ്പോള്‍ നടിയും സംവിധായകനും തമ്മിലുള്ള സര്‍ഗാത്മക ബന്ധം ചലച്ചിത്ര പാഠങ്ങളുടെ സവിശേഷമായ തുടര്‍ച്ചയെ അടയാളപ്പെടുത്തുന്ന ഒന്നായി മാറുന്നു. ഗോവന്‍ ചലച്ചിത്രമേളയുടെ സമാപനചിത്രമായെത്തുന്നത് ഈ സ്​പാനിഷ് പ്രതിഭകള്‍ സിനിമക്കകത്തെ സിനിമയുടെ കഥപറയുന്ന ബ്രോക്കണ്‍ എംബ്രേസസാണ്.

അല്‍മദോവറിന്റെ ക്യാമറ പെനിലോപ്പ് ക്രൂസിന്റെ സൗന്ദര്യത്തിനും അഭിനയമികവിനും മുന്നില്‍ ചൂളിനില്‍ക്കാനാരംഭിച്ചത് 1997 ല്‍ പുറത്തിറങ്ങിയ 'ലൈവ് ഫ്ല്' എന്ന സിനിമയിലൂടെയാണ്. സ്ത്രീത്വത്തിന്റെയും ദുരന്തപ്രണയങ്ങളുടെയും അഗാധമായ ദൃശ്യവത്കരത്തിലൂടെ അല്‍മദോവറിന്റെ ചലച്ചിത്രജീവിതത്തിലെ മികച്ച രചനകളായി കരുതപ്പെടുന്ന ഓള്‍ എബൗട്ട് മൈ മദര്‍ (1999), വോള്‍വര്‍ (2006) എന്നീ സിനിമകളിലും പെനിലോപ്പ് പ്രമുഖ സാന്നിധ്യമായിരുന്നു.

വിഖ്യാത സ്​പാനിഷ് നടന്‍ ജാവിയര്‍ ബാര്‍ദെമിന്റെ കാമുകിയായി അറിയപ്പെടുന്ന പെനിലോപ്പിയെ അല്‍മദോവറിന്റെ ആരാധകര്‍ അദ്‌ദേഹത്തിന്റെ കാമുകിയായി തെറ്റിദ്ധരിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല എന്നാല്‍ അദ്‌ദേഹത്തിന്റെ സ്വവര്‍ഗാനുരാഗിയെന്ന പ്രഖ്യാപിതവ്യക്തിത്വം ഇത്തരം വൈയക്തിക ബദ്ധങ്ങളുടെ ലളിതവ്യാഖ്യാനങ്ങള്‍ക്കപ്പുറത്താണ് അവരുടെ സര്‍ഗത്മകസഹകരണത്തെ പ്രതിഷ്ഠിക്കുക.

സ്വത്വപ്രതിസന്ധിയുടെ സങ്കീര്‍ണ ഭാവങ്ങളാണ് ഫ്രങ്കോയുടെ എകാധിപത്യത്തിനു ശേഷമുള്ള ജനാധാപത്യ സ്‌പെയിനിന്റെ ചലച്ചിത്ര പ്രതിനിധിയായി വാഴ്ത്തപ്പെടുന്ന അല്‍മദോവറിന്റെ ചിത്രങ്ങുളടെ കാതല്‍. 1999 ല്‍ തന്റെ അമ്മ മരിക്കുന്നതുവരെ അവരെ തന്റെ സിനിമയില്‍ സന്ദര്‍ശക റോളുകളില്‍ അഭിനയിപ്പിച്ചിരുന്ന അല്‍മദോവര്‍ സ്ത്രീവ്യക്തിത്വത്തിന്റെ അഗാധതലങ്ങളെ ദൃശ്യവത്കരിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു. ബുനുവേല്‍ മുതല്‍ ഹിച്ച്‌കോക്ക് വരെ നീളുന്ന ചലച്ചിത്ര സ്വാധീനങ്ങളെ ആധാരമാക്കി ചലച്ചിത്ര ചരിത്രത്തിലെ ജനുസ്സുകളെ പുനര്‍വ്യാഖ്യാനത്തിന് വിദ്ധേയമാക്കിക്കൊണ്ട് വ്യക്തിത്വത്തിന്റെ അതിര്‍ത്തികളുടെ മൂടല്‍മഞ്ഞു നിറഞ്ഞ ദേശങ്ങളെ അദ്ദേഹം ദൃശ്യവത്കരിച്ചു.

പെണ്‍/ആണ്‍മ എന്ന ദ്വന്ദ്വവിഭജനത്തെ മറികടന്നുകൊണ്ട് ലൈംഗികവ്യക്തിത്വത്തിന്റെ മായുന്ന അതിരുകളിലേക്ക് കൂടുതലായി ശ്രദ്ധകേന്ദ്രികരിച്ച സിനിമകളിലാണ് പെനിലോപ്പ് പ്രത്യക്ഷപ്പെടുന്നതെന്ന് ശ്രദ്ധേയമാണ്. ലൈവ് ഫ്ലില്‍ ഒരു വേശ്യയുടെ വേഷത്തിലാണ് പെനിലോപ്പ് പ്രത്യക്ഷപ്പെട്ടത്. അല്‍മദോവറിന്റെ അന്താരാഷ്ട്ര പ്രശസ്തി കുതിച്ചുയര്‍ന്ന 'ഓള്‍ എബൗട്ട് മൈ മദറില്‍' ഗര്‍ഭിണിയായ ഒരു കന്യാസ്ത്രീയായാണ് പെനിലോപ്പ് പ്രത്യക്ഷപ്പെട്ടത്. മരണവും സ്്ത്രീകളുടെ സ്വതന്ത്രമായ അസ്തിത്വവും ചര്‍ച്ചചെയ്ത് 'വോള്‍വറി'ല്‍ ചിത്രീകരിക്കപ്പെട്ട മൂന്നു തലമുറ സ്ത്രീകളില്‍ ഒരു തലമുറയുടെ പ്രതിനിധിയായാണ് പെനിലോപ്പ് എത്തുന്നത്. സവിശേഷമായ നിഷ്‌കളങ്കത പൊതിഞ്ഞുനില്‍ക്കുന്ന ഈ കഥാപാത്രങ്ങളുടെ തുടര്‍ച്ചയാണ് ' ബ്രോക്കണ്‍ എംബ്രേസ്‌സില്‍ പെനിലോപ്പിന്റെ കഥാപാത്രത്തില്‍ നമുക്ക് കാണാനാവുക.

ഒരു വാഹനാപകടത്തില്‍ പെട്ട് കാഴ്ച നഷ്ടപ്പെട്ട സിനിമാ സംവിധായകന്‍ മറ്റൊരു പേരില്‍ ജീവിക്കുന്ന വര്‍ത്തമാനകാലത്തില്‍ നിന്നും പിന്നോട്ടു ചലിക്കുന്ന രൂപത്തിലാണ് ഈ സിനിമയുടെ ഘടന. സമ്പന്നമായ ഒരു വൃദ്ധന്റെ (എണസ്‌റ്റോ മാര്‍ട്ടിന്‍) വെപ്പാട്ടിയായി കഴിയുന്നവളാണ് പെനിലോപ്പിന്റെ കഥാപാത്രം (ലെന). ലെനയെ നായികയാക്കി അവളുടെ ലൈംഗിക പങ്കാളി ഒരു ചലച്ചിത്രമൊരുക്കുന്നു. എന്നാല്‍ .സംവിധായകനായ..ബ്ലാങ്കോയുയുമായി ലെന പ്രണയത്തിലാവുന്നതോടെ മാര്‍ട്ടല്‍ അസൂയാലുവാകുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന അപകടത്തില്‍ ലെന കൊല്ലപ്പെടുകയും മത്തിയോ അന്ധനാവുകയും ചെയ്യുന്നു.

അപകടത്തിനു മുന്‍പ് ഇരുവരും തമ്മില്‍ ചുംബിക്കുന്നതിന്റെ ഡിജിറ്റല്‍ ഇമേജ് പിന്നീട് വീണ്ടെടുക്കപ്പെടുന്നുണ്ട്. മാത്തിയോ മാറി നിന്ന അവസരത്തില്‍ വളരെ മോശമായ രീതിയില്‍ ഈ സിനിമ മാര്‍ട്ടല്‍ പുറത്തിറക്കുന്നു. തന്റെ ദുരന്ത പ്രണയത്തിന്റെ സ്മരണയില്‍ മാത്തിയോ ഈ സിനിമ വര്‍ത്തമാനകാലത്തില്‍ പുതുക്കി ചിത്രീകരിക്കുകയാണ്. സര്‍ഗാത്മകയെക്കുറിച്ചുള്ള വിചിന്തനത്തിനൊപ്പം സിനിമയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും അഭിനേതാക്കളും സംവിധായകനും തമ്മിലുള്ള ബന്ധത്തെ കുറിച്ചുമെല്ലാം 'ബ്രോക്കണ്‍ എംബ്രേസസ്' ചര്‍ച്ചചെയ്യുന്നു. പെനിലോപ്പും അല്‍മദോവറും ഇത്തരമൊരു പദ്ധതിക്കു വേണ്ടി ഒരുമിക്കുമ്പോള്‍ അവരുടെ മുന്‍കാല സിനിമകളുടെ ഓര്‍മയില്‍ ആരാധകര്‍ ആവേശത്തിലാവുന്നതില്‍ കുറ്റം പറയാനാവില്ല.

ഡോണ്‍ ജോര്‍ജ്














ganangal


മറ്റു വാര്‍ത്തകള്‍

  12 »

ഫോട്ടോഗാലറി

Discuss