റിട്രോസ്‌പെക്ടീവുകളുടെ വ്യത്യസ്തതയുമായി രാജ്യാന്തര ചലച്ചിത്രമേള
Posted on: 19 Nov 2009

പനാജി: സമകാലിക ലോകസിനിമകലുടെ മഴവില്‍ സ്വഭാവം വെളിപ്പെടുത്തുന്ന റിട്രോസ്‌പെക്ടീവുകളുടെ കരുത്താണ് തിങ്കളാഴ്ച ആരംഭിക്കുന്ന ഇന്ത്യയുടെ 40 ാം അന്തര്‍ദേശീയ ചലച്ചിത്രമേളയെ വ്യത്യസ്തമാക്കുന്നത്.
47 രാജ്യങ്ങളില്‍ നിന്നുള്ള 54 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തിലുള്ളത്. ലോകസിനിമയില്‍ സക്രിയമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രായമേറിയ സംവിധായകനായ മാനുവല്‍ ഡി ഒലിവേറ, അഭിനയത്തില്‍ നിന്നും പരീക്ഷണ സിനിമയുടെ സംവിധാനത്തിലേക്ക് കടന്നുവന്ന ജര്‍മന്‍ പ്രതിഭ റൊണാള്‍ഡ് റെബര്‍ തായ്‌ലാന്‍ഡ് നവതരംഗ സിനിമയിലെ പ്രമുഖനായ നൊണ്‍സി നികിബുത്ര്, ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് സംവിദായിക ഗുരിന്ദര്‍ ഛദ്ദ എന്നവരുടെ റിട്രോസ്‌പെക്ടീവുകളാണ് ഗോവന്‍ മേളയെ ശ്രദ്ധേയമാക്കുന്നത്.
യുദ്ധവും സമാധാനവും പ്രമേയമാകുന്ന ചലച്ചിത്രങ്ങളുടെ വിഭാഗവും ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള സിനിമകളുടെ പ്രത്യേക വിഭാഗവും ലോകസിനിമയുടെ പുത്തന്‍ പ്രവണതകളെ വെളിപ്പെടുത്തും. എസ്‌തോണിയ, ക്രൊയേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നതിനു പുറമെ സമകാലിക ഇറ്റാലിയന്‍ സിനിമക്കും പൊളീഷ് സിനിമക്കുമായി പ്രത്യേക വിഭാഗവും ഇത്തവണത്തെ മേളയിലുണ്ട്.
മേളയുടെ ജൂറി ചെയര്‍മാനായ ബ്രസീലിയന്‍ സംവിധായകന്‍ ജൊവോ ബാറ്റിസ്റ്റ ഡി ആന്ദ്രേഡിന്റെ തിരഞ്ഞെടുത്ത ചിത്രങ്ങളും മേളയുടെ ലാറ്റിനമേരിക്കന്‍ വിഭാഗത്തെ സമ്പന്നമാക്കും. മാറുന്ന ചലച്ചിത്രകാലത്തെ വെളുപ്പെടുത്തിക്കൊണ്ട് ഡിജിറ്റല്‍ സിനിമകളുടെ ഒരു സമാഹാരവും മേളയ്‌ക്കെത്തുന്നുണ്ട്.
ഡോണ്‍ ജോര്‍ജ്