ഗോവ ചലച്ചിത്രമേള: മമ്മൂട്ടിയും വഹീദയും മുഖ്യാതിഥികള്‍
Posted on: 22 Nov 2009

ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നടന്‍ മമ്മൂട്ടിയും പഴയകാല നായിക വഹീദ റഹ്മാനും മുഖ്യാതിഥികളാകും. 23 ന് നടന്ന ചടങ്ങില്‍ കേന്ദ്രവാര്‍ത്താവിതരണ മന്ത്രി അംബികാ സോണിയാണ് മേള ഉദ്ഘാടനം ചെയ്തത്. മലയാളി താരം അസിന്‍ ദീപം തെളിയിച്ച ചടങ്ങില്‍ ലോകപ്രശസ്ത നടന്‍ ബെന്‍ കിങ്‌സ്‌ലി, ബോളിവുഡ് താരങ്ങളായ കബീര്‍ ബേദി, ദിവ്യാ ദത്ത എന്നിവരും സന്നിഹിതരായിരുന്നു.
45 രാജ്യങ്ങളില്‍ നിന്നായി 55 ചിത്രങ്ങളാണ് ലോകസിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ഗുരീന്ദര്‍ ഛദ്ദ, റോളണ്ട് റെബര്‍, ജോവോ ബാറ്റിസ്റ്റ, മാന്വല്‍ ഡി ഒളിവേര, നോണ്‍സി നിമാബിറ്റര്‍ എന്നിവരുടെ റെട്രോസ്‌പെക്ടീവ്, കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ക്രൊയേഷ്യ, പോളണ്ട്, ഇറ്റലി, എസ്‌തോണിയ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. വിദേശഇന്ത്യന്‍ സംവിധായകരുടെ ചിത്രങ്ങളും മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. പ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ജാവോ ബാറ്റിസ്റ്റയാണ് ജൂറി ചെയര്‍മാന്‍.
ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ 26 സിനിമകളും 18 നോണ്‍ഫീച്ചര്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. അന്തരിച്ച ചലച്ചിത്രപ്രതിഭകളായ നാഭേന്ദു ചാറ്റര്‍ജി, പ്രകാശ് മെഹ്‌റ, ഗുല്‍ഷന്‍ മെഹ്‌റ, ലീല നായിഡു, ശക്തി സാമന്ത, ഫിറോസ് ഖാന്‍, മുരളി, ലോഹിതദാസ്, രാജന്‍ പി ദേവ്, നിലു ഫുലേ, ഭാസ്‌കര്‍ ചന്ദവാര്‍ക്കര്‍, ആര്‍ ലക്ഷ്മണ്‍, നാഗേഷ് എന്നിവരുടെ ഓര്‍മ്മചിത്രങ്ങളും മേളയിലുണ്ട്. അസമീസ് ഭാഷയില്‍ നിന്ന് 5 ചിത്രങ്ങളും ആശാ പരേഖ്, ഷര്‍മ്മിള ടാഗോര്‍, സൗമിത്ര ചാറ്റര്‍ജി എന്നിവരുടെ ചിത്രങ്ങളും മേളയിലുണ്ടാകും.
സ്വന്തം ലേഖകന്‍