Mathrubhumi Logo
navarathri
Navarathri

വിജയദശമിയുടെ വിജയമുദ്ര

എം.ആര്‍. രാജേഷ്‌ Posted on: 27 Sep 2009

എന്തുകൊണ്ടാണ് നവരാത്രിയും വിജയദശമിയും ശരത്കാലത്ത് നടക്കുന്നതെന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. അതിന്നുള്ള ഉത്തരം വേദങ്ങളില്‍ നിന്നു കണ്ടെത്താന്‍ കഴിയും. പ്രാചീന കാലത്ത് നവരാത്രിയിലും വിജയദശമിയിലുമായി വിഭിന്ന മേഖലകളിലുള്ള കലാകാരന്മാരും കവികളും ചിത്രകാരന്മാരും തപസ്വികളുമെല്ലാം സമ്പൂര്‍ണമായി സാധനയില്‍ മുഴുകുകയായിരുന്നു പതിവ്. ആ ഉപാസനയുടെ ഫലമായി സരസ്വതീ സാധകന് ലഭിക്കുന്ന വൈഭവം അവനെ അസാധാരണ പ്രതിഭയാക്കി ഉയര്‍ത്തുന്നുവെന്ന് വിശ്വാസം. ഏതു തുറയില്‍ പ്രവര്‍ത്തിക്കുന്നവനായാലും അവന് വേണ്ടത് മേധയാണെന്നു വേദം പറയുന്നു. മേധയെന്നാല്‍ കേവലം ബുദ്ധിയല്ല. മനുഷ്യന്‍ വളരുന്ന മുറയ്ക്ക് വികസിക്കുന്നതാണ് സാധാരണ ബുദ്ധി. ജ്ഞാനം, നിരന്തരമായ കര്‍മങ്ങള്‍ എന്നിവ ഒത്തൊരുമിക്കുമ്പോഴാണ് ബുദ്ധിയുണ്ടാകുന്നത്.

ഇത് ആര്‍ക്കും ആര്‍ജിച്ചെടുക്കാം. എന്നാല്‍ ദൈവികബുദ്ധിയാണ് മനുഷ്യന് ആത്യന്തികമായി ലഭിക്കേണ്ടത്. ഇതിന് ദേവീശക്തിയെത്തന്നെ ഉപാസിക്കണമെന്ന് വേദങ്ങള്‍. ദേവീശക്തി ലഭിക്കുന്നതോടെ പ്രപഞ്ചത്തില്‍ അന്തര്‍നിഹിതമായ ആദിമൂലശക്തിയെ ദര്‍ശിക്കാന്‍ തുടങ്ങും. നമ്മുടെ ബുദ്ധിയില്‍ നിന്നുണ്ടാകുന്ന അറിവ് നമ്മുടെ സാമര്‍ഥ്യത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അതില്‍ അജ്ഞാനത്തിന്റെ ചേരുവകളും ഉണ്ടായേക്കാം. പൂര്‍ണജ്ഞാനവും പൂര്‍ണ പ്രകാശവും നേടുവാന്‍ സാധാരണ ഗതിയില്‍ മനുഷ്യനാവുകയില്ല. എന്നാല്‍ സമ്പൂര്‍ണ ജ്ഞാനത്തിന്റെയും സ്രോതസ്സായ സരസ്വതി, ആ ജ്ഞാനം നമുക്ക് നല്‍കുകയാണെങ്കില്‍ മനുഷ്യന് സമ്പൂര്‍ണ ജ്ഞാനിയാകാം. ഇതാണ് കാളിദാസന് സംഭവിച്ചുവെന്നു പറയുന്നത്. കാളിയെ ഉപാസിച്ച് കവിയായി മാറിയ സാധാരണക്കാരന്റെ കഥയാണല്ലൊ കാളിദാസന്‍േറത്. ഇതുകൊണ്ടാണ് യജുര്‍വേദത്തില്‍ മേധയെ ലഭിക്കാനായി മേധാസൂക്തത്തെത്തന്നെ ഉപദേശിച്ചു തന്നിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനമായ മന്ത്രമിതാണ്:

'ഓം മേധാം മേ വരുണോ ദദാതു
മേധാമഗ്‌നിഃ പ്രജാപതിഃ
മേധാമിന്ദ്രശ്ച വായുശ്ച
മേധാം ധാതാ ദദാതു മേ
(യജു 32.15)

ഈ മന്ത്രത്തെ ഉപാസിക്കുന്നയാള്‍ മേധാകാമനാകുമെന്നും വേദം പറയുന്നു. മനുഷ്യബുദ്ധി ദീപസമാനമാണെങ്കില്‍ മേധ സൂര്യതുല്യമാണ്.
മേധ ലഭിക്കാന്‍ ഏതു സമയത്താണ് ഉപാസന ശക്തമാക്കുക? ശാരദഋതുവിലാണെന്ന് യജുര്‍വേദം (21.26) പറയുന്നു. ഈ മന്ത്രത്തിലുണ്ട് വിജയദശമി ശാരദഋതുവിലായതിന്റെ കാരണം. മന്ത്രത്തിന്റെ അര്‍ത്ഥം ഇങ്ങനെ: ''ശത്രുക്കളെ നശിപ്പിക്കുന്ന ജിതേന്ദ്രിയന് ത്യാഗപൂര്‍വമായ യജ്ഞങ്ങള്‍ കൊണ്ട് ശ്രീയെയും അത്യുല്‍കൃഷ്ടമായ ജീവിതത്തെയും കരഗതമാകുന്നു. ഋഭുവെന്നാണ് ഈ ഐശ്വര്യങ്ങളെല്ലാം നല്‍കുന്ന ഈശ്വരന് വേദങ്ങള്‍ നല്‍കിയ പേര്.

ഋഭുവെന്നാല്‍ മേധാവികള്‍ക്ക് ലഭിക്കുന്ന അറിവെന്ന് നിരുക്തത്തില്‍ യാസ്‌ക്കന്‍ പറയുന്നു. യുക്തിവിചാരം ചെയ്ത് ജ്ഞാനത്തെ കണ്ടെത്താന്‍ ഏറ്റവും നല്ല സമയം ശരത് ഋതുവാണ്. ശരത്കാലത്ത് അന്നം വിളയുന്നതുപോലെ ദേവതകളും ജ്ഞാനം നല്‍കാന്‍ പാകമായിരിക്കുന്ന കാലമാണ്. ശരത് ഋതുവില്‍ ജലം ശുദ്ധമായിരിക്കുന്നതുപോലെ സാധകന്റെ മനസ്സും ശുദ്ധസ്ഫടികമായിരിക്കും. ഇലകള്‍ പൊഴിയുന്നതുപോലെ ശരത്കാലത്ത് സാധകന്റെ മനസ്സിലെ കന്മഷം പൊഴിഞ്ഞുപോകുന്നു. ഈ ശരത്കാലത്ത് ഇങ്ങനെ സാരസ്വതസാധന ചെയ്യുന്നവര്‍ക്ക് വിശേഷരൂപത്തിലുള്ള ഉജ്ജ്വലമായ ശ്രീയും ഐശ്വര്യവും വന്നുചേരുന്നു.'' ജീവിതവിജയം കൈവരിക്കാന്‍ മേധാവിയാകണം. യുക്തിയുക്തം ചിന്തിച്ച് കാര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവനുമാകണം. ആ വിജയമാണ് വിജയദശമിയുടെ മുദ്ര.



ganangal

 

Discuss virtual toyr mukambika