Mathrubhumi Logo
navarathri
Navarathri

നാക്ക് പൊന്നാകട്ടെ

എം.ആര്‍. രാജേഷ്‌ Posted on: 26 Sep 2009

സമ്പൂര്‍ണ വ്യക്തിത്വം കൈവരിക്കാനുള്ള എല്ലാ പദ്ധതികളും അരിയിലെഴുത്തില്‍ അടങ്ങിയിരിക്കുന്നുവെന്നതാണ് ഹരിശ്രീ കുറിക്കുന്നതിലെ പ്രത്യേകത. ഇവിടെ ഹരിശ്രീ കുറിക്കുമ്പോള്‍ ഗുരു ആദ്യം ചെയ്യുന്നത് ശിഷ്യനിലേക്ക് മഹാഗണപതിയെ ആവാഹിച്ച് കുടിയിരുത്തുകയാണ്. അതിലൂടെ വ്യക്തിത്വ വികാസത്തിനുള്ള ബുദ്ധിയും ശക്തിയും സമാര്‍ജിക്കണമെന്ന ഉപദേശം ഗുരു നല്‍കിക്കഴിഞ്ഞു. അങ്ങനെ നാവില്‍ ഹരിശ്രീ കുറിക്കുന്നത് സ്വര്‍ണം തേനില്‍ മുക്കിയായിരുന്നു ഒരുകാലത്ത്. ഇന്നും ചിലയിടങ്ങളില്‍ ഈ സമ്പ്രദായം നിലവിലുണ്ട്. ഒരു വ്യക്തി വിദ്യാഭ്യാസവും വലിയ നേട്ടങ്ങളും കൈവരിക്കുമ്പോള്‍ അയാളിലെ സംസ്‌കാരം എങ്ങനെ ആയിരിക്കണമെന്നതിന്റെ കൃത്യമായ ചില നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഗുരു. തേനില്‍ മുക്കി സ്വര്‍ണം കൊണ്ട് ആദ്യക്ഷരം കുറിക്കുമ്പോള്‍ ഈ കുഞ്ഞിന്റെ വാക്കുകള്‍ തേന്‍ പോലെ മധുരമുള്ളതും സ്വര്‍ണം പോലെ വിലപിടിച്ചതുമാകണമെന്നുള്ള ശുഭ സങ്കല്പമുണ്ട്.
ഒരു വ്യക്തി അസാധാരണത്വം കൈവരിക്കുന്നത് ആ വ്യക്തിത്വത്തില്‍ മധുരം പ്രകാശിക്കുമ്പോഴാണെന്ന് വേദത്തില്‍ പറയുന്നുണ്ട്. ദുര്‍ഗതി നമ്മില്‍നിന്ന് മാറിപ്പോകാന്‍ ശക്തിനിര്‍ഭരമായ വാക്കുകള്‍ പറയാന്‍ കഴിയണം. ആ ശക്തിനിര്‍ഭരമായ വാക്കുകള്‍ പക്ഷേ, തേനില്‍ ചാലിച്ചതായിരിക്കണമെന്ന് അഥര്‍വവേദത്തില്‍ (16-2.1,2) പറയുന്നതു നമുക്കു കാണാം. ''രാത്രിയും പകലും മാധുര്യപൂര്‍ണമാകട്ടെ. ഭൂമിയിലെ ധൂളികള്‍ പോലും മധുരം കിനിയട്ടെ. ഈ മാധുര്യം നമ്മുടെ കര്‍മഫലമായി ഉണ്ടാകുന്നതാണ്.'' എന്നിങ്ങനെ അഥര്‍വം മാധുര്യത്തെക്കുറിച്ച് വര്‍ണിക്കുന്നതുകാണാം. നമ്മുടെ വ്യക്തിത്വത്തില്‍ മാധുര്യവും സ്‌നേഹവും പ്രേമവും അനുരാഗവുമൊക്കെ കടന്നുവരുമ്പോള്‍ നാം സംസ്‌കാരപൂര്‍ണരായിത്തീരുന്നു. പ്രസന്നചിത്തനും പരോപകാരിയുമായവന് രാത്രിയും പകലും ഭൂമിയും സ്വര്‍ഗവും ഉഷ്ണവും ശീതവും സര്‍വവും മധുരമയമാകും. അതിനാല്‍ വേദം പറയുന്നു: 'മധുമതീസ്ഥ മധുമതീം വാചമുദേയം' (അഥര്‍വം 16/8/8) എന്ന്. ഞാന്‍ മധുരപൂര്‍ണമായ വാണിയില്‍ മൊഴിയട്ടെയെന്ന് അര്‍ഥം. വായുവും നദിയും ഔഷധികളും എനിക്ക് മധുപൂര്‍ണമാകട്ടെ. ഇതു മാത്രമല്ല വീണ്ടും വേദത്തില്‍ത്തന്നെ സുബുദ്ധി നല്‍കുന്ന മധുരവാണി എന്നിലുണ്ടാകണേയെന്നുള്ള പ്രാര്‍ഥനയും നമുക്കുകാണാം. ഹരിശ്രീ കുറിക്കുമ്പോള്‍ ഈയൊരു മധുചിന്തയുണ്ടാകണം.
ഇങ്ങനെ തേന്‍ മുക്കി എഴുതുന്നത് സ്വര്‍ണം കൊണ്ട് നിര്‍മിച്ച എഴുത്താണി ഉപയോഗിച്ചായിരുന്നു. സ്വര്‍ണം വില കൂടിയ പദാര്‍ഥമാണ്. വേദത്തില്‍ നിരവധി ഇടങ്ങളില്‍ സ്വര്‍ണത്തെ വാഴ്ത്തുന്നുണ്ട്. സ്വര്‍ണം ആയുസ്സാണെന്ന് (ഹിരണ്യം വൈ ആയുഃ) വേദത്തില്‍ പറയുന്നു. ഇവിടെ നാവിന്‍തുമ്പില്‍ ഹരിശ്രീ കുറിക്കുമ്പോള്‍ സ്വര്‍ണം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകുന്നു. തേന്‍ പോലെ മധുരമുള്ള വാക്കായിരിക്കണം. ഒപ്പം സ്വര്‍ണം പോലെ വിലപിടിച്ച വാക്ക് ഉപയോഗിക്കുന്നവനുമാകണം ഈ കുട്ടി. വ്യക്തിത്വ നിര്‍മാണത്തില്‍ വാക്കുകള്‍ മാധുര്യമുള്ളതാകണമെന്നപോലെത്തന്നെ പ്രധാനമാണ് സ്വര്‍ണം പോലെ വിലയുള്ളതാകണമെന്നതും. സ്വര്‍ണം പോലെ വിലയുള്ള വാക്കുകള്‍ ഒരു കാലത്ത് നമ്മുടെ പൂര്‍വപിതാക്കന്മാര്‍ പറഞ്ഞിരുന്നു. അതാണ് ഉപനിഷത്തുകള്‍, രാമായണം, മഹാഭാരതം എന്നിവ.
മൂന്നാമതായി അക്ഷരമെഴുത്താണ്. അതെഴുതുന്നതാകട്ടെ അരിയിലും. ഭാരതത്തില്‍ എല്ലാം ഈശ്വരീയമാണ്. അറിവ് ആര്‍ജിക്കുന്നതും ഈശ്വരീയം തന്നെ. അതിന്റെ ഉത്തമ ഉദാഹരണമാണ് അരിയിലെഴുത്ത്. സരസ്വതി അക്ഷരമാലയാണെങ്കില്‍ അത് ആദ്യം എഴുതിപ്പഠിക്കുന്നത് അരിയിലാണല്ലോ. അരി അന്നമാണ്. അന്നം ബ്രഹ്മമാണെന്ന് (അന്നം വൈ ബ്രഹ്മ) ഉപനിഷത്തുകളില്‍ കാണാം. അക്ഷരം എന്നാല്‍ ഈശ്വരന്‍ എന്നു തന്നെയാണര്‍ഥം. ഒരിക്കലും നശിക്കാത്ത അക്ഷരം ഈശ്വരന്‍ തന്നെയാണെന്ന് പ്രാചീന വൈദിക ഋഷിമാര്‍ പറഞ്ഞതു കാണാം. അങ്ങനെ അക്ഷരങ്ങളെ സ്വായത്തമാക്കുന്ന ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളും പദ്ധതികളും നമ്മുടെ മുന്‍പില്‍ തുറന്നു കാട്ടുന്നത് വ്യക്തിത്വ നിര്‍മാണത്തിന്റെ സുവര്‍ണരേഖകളാണ്. വ്യക്തിത്വം നേടാന്‍ വിദ്യാഭ്യാസത്തോടൊപ്പം മധുരമായ വാക്കും നോക്കും കലര്‍ന്ന സംസ്‌കാരം വേണം. സുവര്‍ണപൂരിതമായ, മൂല്യമേറിയ വാഗ്‌വൈഭവം വേണം. അങ്ങനെ വ്യക്തി സുവര്‍ണശോഭിതനായി സമൂഹത്തില്‍ പ്രശോഭിക്കും. ഇതാണ് എഴുത്തിനിരുത്തുമ്പോള്‍ നമുക്കുണ്ടാകേണ്ട കാഴ്ചപ്പാട്.



ganangal

 

Discuss virtual toyr mukambika