Mathrubhumi Logo
navarathri
Navarathri

സരസ്വതി ഉപാസനയുടെ രഹസ്യ ചിഹ്നങ്ങള്‍

എം.ആര്‍. രാജേഷ്‌ Posted on: 25 Sep 2009

അറിവിന്റെ അക്ഷയ പ്രവാഹമായ സരസ്വതിയെ എങ്ങനെ ഉപാസിക്കണമെന്നും അതിലൂടെ എന്തെല്ലാം നേടാമെന്നും ചിന്തിക്കുന്ന സമയം കൂടിയാണ് നവരാത്രി ദിനങ്ങള്‍. സരസ്വതിക്ക് കല്പിച്ചു നല്‍കിയിട്ടുള്ള രൂപഭാവങ്ങളും വാഹനവുമൊക്കെ ഉപാസനയുടെ ചിഹ്നങ്ങളാണെന്നു വേണമെങ്കില്‍ പറയാം. സരസ്വതിയുടെ കൈയിലുള്ള വീണയും സ്ഫടികമാലയും വാഹനമായ 'ഹംസ'വും ഉപാസനയുടെ ചിഹ്നങ്ങളാണെന്നു സൂക്ഷ്മമായി പഠിച്ചാല്‍ മനസ്സിലാകും. ജ്ഞാനവാരിധിയായ സരസ്വതി അക്ഷരങ്ങളിലൂടെയും അതിലൂടെ അനന്തമായ ജ്ഞാനത്തിന്റെയും ലോകത്തേക്ക് ഉപാസകനെ നയിക്കുന്നു. അക്ഷരങ്ങളും ശബ്ദങ്ങളും സൃഷ്ടിക്കുന്ന ജ്ഞാനപ്രപഞ്ചം സരസ്വതിയുടെ വരദാനമാണ്. വീണ ഒരേ സമയം സംഗീതമയമായ പ്രപഞ്ചത്തെയും ഉപാസകന്റെ പിംഗള-സുഷുമ്‌ന-ഇഡ എന്നീ നാഡികളെയും സൂചിപ്പിക്കുന്നു.
ഈ പ്രപഞ്ചം സംഗീതമയമാണെന്ന് (സംഗീതമയം സംസാരം) പ്രാചീന ആചാര്യന്മാര്‍ പറഞ്ഞത് അതുകൊണ്ടാണ്. 'ഛന്ദോമയം ജഗത് ' എന്ന വൈദികഋഷിമാരുടെ കാഴ്ചപ്പാടും അതുതന്നെ.
'ന നാദേന വിനാഗീതം, ന നാദേന വിനാസ്വരഃ
ന നാദേന വിനാനൃത്യം, തസ്മാത്‌നാദാത്മകം ജഗത്'
എന്നൊരു ചൊല്ലു തന്നെയുണ്ട്. ശബ്ദമില്ലാതെ സംഗീതമില്ല സ്വരവുമില്ല. നാദമില്ലാതെ നൃത്തവുമില്ല. എന്തിന് ജഗത്തു തന്നെ നാദാത്മകമാണെന്നു സാരം. അപ്പോള്‍ അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന സ്വരങ്ങളും ഛന്ദസ്സുകളുമെല്ലാം ആത്യന്തികമായി അക്ഷരങ്ങളിലേക്കും സരസ്വതീ പ്രവാഹത്തിലേക്കും നമ്മെ നയിക്കുമെന്ന് വിളിച്ചു പറയുകയാണ് വീണ.
അതിനാല്‍ ഒന്‍പതു രാത്രികളില്‍ തുടര്‍ച്ചയായി മന്ത്രസാധന അനുഷ്ഠിച്ചുകൊണ്ട് അവനവന്റെ ഉള്ളില്‍ നിര്‍ലീനമായ പ്രതിഭാവിലാസത്തെ തട്ടിയുണര്‍ത്തുകയാണ് ചെയ്യാറുണ്ടായിരുന്നത്. മന്ത്രസാധന ചെയ്യുമ്പോള്‍ പ്രപഞ്ചമൊന്നാകെ വ്യാപിച്ചിരിക്കുന്ന മന്ത്രത്തെയാണ് ഉപാസകന്‍ കാണാന്‍ പരിശ്രമിക്കുന്നത്. ഋഗ്വേദത്തിലും (1.164.39) യജുര്‍വേദത്തിലും (23.62) നമുക്ക് ഈ അക്ഷരങ്ങളുടെയും മന്ത്രങ്ങളുടെയും വ്യാപനശീലത്തെക്കുറിച്ച് പഠിക്കാം.
ഈ പ്രപഞ്ചത്തിലൊന്നാകെയുള്ള ധ്വനി തന്റെ ഉള്ളില്‍ത്തന്നെ തിരിച്ചറിയാനുള്ള ശ്രമമാണ് ഉപാസന. പ്രപഞ്ചമൊന്നാകെ ഒരു ഛന്ദസ്സാണെന്ന് വേദം പറയുന്നു. അതില്‍ അക്ഷരങ്ങളാല്‍ അടുക്കിയ ഒരു ഛന്ദസ്സ് ഭൂമിയാണെങ്കില്‍ അതേപോലുള്ള ഛന്ദസ്സുകളാണ് സൂര്യനും നക്ഷത്രങ്ങളുമെല്ലാം. അത്തരത്തിലുള്ള ഒരു ചെറിയ ഛന്ദസ്സാണ് നമ്മുടെ ശരീരം. ആ ശരീരം സ്വയം ഒരു മന്ത്രവുമാണ്. ആ മന്ത്രത്തെ താളാത്മകമായി മാറ്റിയാല്‍ രഹസ്യമായ ഈ പ്രപഞ്ചത്തിലുള്ള പലതും നമ്മുടെ ഉള്ളത്തില്‍ തെളിഞ്ഞു കാണും. ഈ അസാധാരണ രഹസ്യം യജുര്‍വേദത്തില്‍ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.
'അല്ലയോ യോഗീ, ഈശ്വരന്‍ നിന്റെ ഉള്ളില്‍ സൂര്യനെയും ഭൂമിയെയും സ്ഥാപിച്ചിട്ടുണ്ട്. നിന്റെയുള്ളിലെ സൂര്യനെ കാണൂ. അതില്‍ ധ്യാനമഗ്‌നനായാല്‍ സൂര്യജ്ഞാനം നിനക്ക് കരഗതമാകും (യജു. 7.5) അതിന്നായി യോഗിയോട് സൂര്യനാഡിയില്‍ (പിംഗള) ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈശ്വരന്‍ ആവശ്യപ്പെടുന്നു. ഇവിടെ പിംഗളനാഡിയെ സംയമനം ചെയ്യാനാണ് ഒരു ഉപദേശം. മറ്റൊന്ന് നമ്മുടെ തന്നെ ഉള്ളിലുള്ള പ്രപഞ്ചജ്ഞാനത്തെ തിരിച്ചറിയാനുള്ളതാണ്. ഇഡ-പിംഗള-സുഷുമ്‌ന എന്നിവ വീണക്കമ്പികളാണ്. സപ്തസ്വരങ്ങള്‍ ഏഴു ചക്രങ്ങളും. ശ്വാസ-പ്രശ്വാസങ്ങളാകുന്ന പ്രാണാപാനന്മാര്‍ ഹംസമാണ്. ശ്വാസം പുറത്തേക്ക് തള്ളുമ്പോള്‍ 'സ' ശബ്ദവും അകത്തേക്ക് വലിക്കുമ്പോള്‍ 'ഹ' ശബ്ദവും ഉണ്ടാകുമെന്ന് ശിവസൂത്രത്തില്‍ പറയുന്നു. ഈ പ്രാണാപാന നിയന്ത്രണം മന്ത്രസാധന ചെയ്യുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകും. അതിനാല്‍ സരസ്വതിയുടെ വാഹനമാണ് 'ഹംസം'.
യജുര്‍വേദത്തില്‍ 20-ാം അദ്ധ്യായത്തില്‍ 'അശ്വിസരസ്വതീന്ദ്ര' ദേവതയായുള്ള നിരവധി മന്ത്രങ്ങളുണ്ട്. ഇവിടെ അശ്വിനാ എന്നാല്‍ പ്രാണാപാനന്മാര്‍ എന്നര്‍ത്ഥം. ജ്ഞാനാധിദേവതയായ സരസ്വതിയെ ഉപാസിക്കുന്നവര്‍ പ്രാണാപാനന്മാരെ നിയന്ത്രിച്ചു നിര്‍ത്തണമെന്ന് ഈ മന്ത്രങ്ങളിലൊക്കെ പറയുന്നതു കാണാം. ഇങ്ങനെ പ്രാണാപാനന്മാരെ സ്വായത്തമാക്കിയാല്‍ സൂക്ഷ്മ ബുദ്ധിയും നിഗൂഢജ്ഞാനങ്ങളും സ്വാഭാവികമായും ഉണ്ടാകുമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് സരസ്വതീദേവി. മന്ത്രസാധനയ്ക്ക് ആവശ്യമായ ഹംസം, സ്ഫടികമാല, വീണ എന്നിവ യഥാക്രമം പ്രാണാപാന നിയന്ത്രണം, മന്ത്രങ്ങളുടെ ആവര്‍ത്തിച്ചുള്ള ജപം, ഇഡ-പിംഗള-സുഷുമ്‌ന നാഡികളിലൂടെയുള്ള പ്രാണഗതി എന്നിവയെ കുറിക്കുന്നതാണെന്നു ചുരുക്കം.



ganangal

 

Discuss virtual toyr mukambika