Mathrubhumi Logo
navarathri
Navarathri

സംഗീതത്തിലൂടെ ആനന്ദം

എം.ആര്‍. രാജേഷ്‌ Posted on: 24 Sep 2009

മനസ്സിന്റെ വേദന അകറ്റാനും ആനന്ദത്തിലേക്ക് സ്വയം എത്തിച്ചേരാനുമുള്ള നല്ല മാര്‍ഗ്ഗം സംഗീതമാണ്. സംഗീതം ഉപയോഗിച്ചുകൊണ്ട് ബുദ്ധിയും ആരോഗ്യവും ഒരേപോലെ വര്‍ധിപ്പിക്കാമെന്ന് വൈദികഋഷിമാര്‍ക്ക് അറിയാമായിരുന്നു. സംഗീതത്തിന്റെ കൂടി ദേവതയായ സരസ്വതിയെ ഉപാസിക്കേണ്ട കാലമാണ് നവരാത്രി. സരസ്വതി, സംഗീതം കൊണ്ട് നമ്മെ ശക്തിസമ്പന്നരാക്കുന്നുവെന്ന് പറയുന്ന ഒരു മന്ത്രം സാമവേദത്തില്‍ ഉണ്ട്. നവരാത്രികാലത്ത് സംഗീതത്തിന് ഇത്രമാത്രം പ്രസക്തി ഉണ്ടായതെന്തുകൊണ്ടാണെന്നതിന് ഉത്തരം കൂടിയാണ് ഈമന്ത്രം.

സാമവേദത്തിലെ ഉത്തരാര്‍ച്ചികത്തിലുള്ള ഈ മന്ത്രത്തിന്റെ ഋഷി ഭരദ്വാജോ ബാര്‍ഹസ് പത്യനാണ്. സ്വയം ശക്തി നിറയ്ക്കാന്‍ കഴിയുന്നവനെയാണ് ഭരദ്വാജന്‍ എന്നു പറയുന്നത്. ബാര്‍ഹസ്​പത്യന്‍ എന്നാല്‍ ജ്ഞാനനിര്‍ഭരന്‍ എന്ന് അര്‍ഥം. എങ്ങനെയാണ് സ്വയം ശക്തി നിറച്ച് ജ്ഞാനനിര്‍ഭരനാകാന്‍ ആവുക. അതിന് സരസ്വതിയെ ഉപാസിക്കണമെന്ന് മന്ത്രം പറയുന്നു. സരസ്വതിയെയും ലക്ഷ്മിയെയും ജീവിതത്തിലുടനീളം ഉപാസിക്കുന്നവന് മാത്രമേ ശക്തിസമ്പന്നനാകാന്‍ കഴിയൂ എന്ന് മന്ത്രം പറയുന്നു. ജ്ഞാനനിര്‍ഭരനാകാന്‍ ഏഴ് സഹോദരിമാരോടുകൂടിയ സരസ്വതിയെ തന്നെ ഉപാസിക്കണം.

സാമത്തിലെ ഈ ഏഴ് സഹോദരിമാര്‍ക്ക് ഒരുപാട് അര്‍ഥങ്ങളുണ്ട്. വേദവാണിയിലെ സപ്തഛന്ദസ്സുകള്‍ എന്നൊരര്‍ഥം ഇതിലുപരി മേധ, ബുദ്ധി,സ്മൃതി, വാക്ക്, ചാതുരി, ഊഹശക്തി, സത്യനിഷ്ഠ എന്നീ ഏഴ് ശക്തികളെയും സരസ്വതിയെ ഉപാസിക്കുമ്പോള്‍ ലഭിക്കുന്നു. ഈ ശക്തി ലഭിക്കാന്‍ സപ്തസ്വരങ്ങളാകുന്ന സഹോദരിമാരെ വേണം. സ്വരമണ്ഡലങ്ങളെക്കുറിച്ചും വേദത്തില്‍ പറഞ്ഞിട്ടുണ്ട്. സ-ഷഡ്ജം, രി-ഋഷഭം, ഗ-ഗാന്ധാരം, മ-മധ്യമം, പ-പഞ്ചമം, ധ-ധൈവതം, നി-നിഷാദം എന്നിവയാണ് ഈ സരസ്വതി സഹോദരിമാര്‍. ഷഡ്ജം ദേവതകളെ ആമോദിപ്പിക്കുന്നു. ഋഷഭം ഋഷികളെയും ഗാന്ധാരം മുതിര്‍ന്നവരെയും അഭിവന്ദ്യരെയും സന്തോഷിപ്പിക്കുമ്പോള്‍ മധ്യമം കൊണ്ട് ഗന്ധര്‍വന്‍മാരെയും പഞ്ചമം കൊണ്ട് വന്ദനീയരെയും ആനന്ദിപ്പിക്കാം. നിഷാദം യജ്ഞങ്ങളില്‍ കടന്നുവന്ന് മറ്റെല്ലാ വിഭാഗക്കാരെയും സന്തോഷിപ്പിക്കുന്നു. ഈ ആനന്ദത്തില്‍ ശരീരത്തിലെ ഏഴ് സരസ്വതീസഹോദരിമാര്‍ മുഗ്ധരാകുന്നു. രസം, രുധിരം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, വീര്യം എന്നിവയെ സംഗീതം പോഷിപ്പിക്കുന്നുവെന്നര്‍ഥം.

ഇങ്ങനെ സംഗീതനൈപുണി നേടാന്‍ പ്രാചീന കാലത്ത് ഋഗ്വേദത്തിലെ സരസ്വതീസുക്തം നിരന്തരമായി ധ്യാനത്തിന് വിധേയമാക്കിയിരുന്നു. അതിലെ ഒന്നാമത്തെ മന്ത്രം പ്രത്യേകിച്ചും. ആ മന്ത്രമിങ്ങനെ.
'ഓം പാവകാ നഃ സരസ്വതീ വാജേഭിര്‍ വാജിനീവതീ
യജ്ഞം വഷ്ടു ധിയാവസുഃ
(ഋഗ്വേദം 1,3,10)

സംഗീതത്തിലെ ഗ്രാമമൂര്‍ച്ച്‌ന തുടങ്ങിയ ക്രിയാസ്വരൂപങ്ങളുടെ ഗതികളെ 'വാജ' എന്നു വിളിക്കുന്നു. ഈ ഗതിക്കൊപ്പം സരസ്വതി സരസവാണിയായി, വേദവാണിയായി നമ്മുടെ അന്തഃകരണത്തെ പവിത്രമാക്കുന്നു. ആ സരസ്വതി വിഭിന്നങ്ങളായ താളസ്വരങ്ങളോടുകൂടിയവളാണ്. അതിവേഗബുദ്ധിയില്‍ അധിവസിക്കുന്നവളാണ് ആ സരസ്വതി. കാവ്യതീര്‍ഥനെപ്പോലുള്ള വേദപണ്ഡിതര്‍ ഈ അര്‍ഥം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഗീത ശ്രവണം നമ്മെ കേവലം ആനന്ദത്തിലേക്ക് മാത്രമല്ല ബുദ്ധികൂര്‍മതയിലേക്കും നയിക്കുന്നു.



ganangal

 

Discuss virtual toyr mukambika