Mathrubhumi Logo
navarathri
Navarathri

ആദ്യക്ഷരം ആദ്യമന്ത്രദീക്ഷ

എം.ആര്‍. രാജേഷ്‌ Posted on: 22 Sep 2009

നവരാത്രിക്കൊടുവില്‍ വിജയദശമി നാളില്‍ ആദ്യക്ഷരം കുറിക്കല്‍ പ്രധാന ചടങ്ങ്. സംഗീതം, ചിത്രകല, നാട്യം എന്നിവ അഭ്യസിക്കുന്നതിന് തുടക്കമിടുന്നതിനും ഇതേ ദിവസം ഉചിതമെന്ന് വിശ്വാസം.

ജ്ഞാനം ആര്‍ജിക്കുന്നതിന് പ്രാചീന ഋഷിമാര്‍ തയ്യാറാക്കിയ ചില സമ്പ്രദായങ്ങളില്‍ ഒന്നാണ് നവമി ദിനത്തിലെ അടച്ചുപൂജയും ദശമിയിലെ എഴുത്തിനിരുത്തുമെല്ലാം. ഈ ഹരിശ്രീ കുറിക്കല്‍ യഥാര്‍ഥത്തില്‍ ഒരു മന്ത്രദീക്ഷയാണ്. ഈ മന്ത്രദീക്ഷാ ചടങ്ങിന് ആചാര്യന്മാര്‍ മുന്നോട്ടുവെച്ച പ്രധാന ഘടകങ്ങള്‍, ഒന്ന് നവരാത്രി ആഘോഷമാണ്. രണ്ടാമത്തേത് ഗുരുത്വം. മൂന്നാമത്തേതാകട്ടെ ഗണപതിയുടെ ദീര്‍ഘദര്‍ശിത്വവും ജ്ഞാനസാഗരവും തന്നിലേക്ക് ആവാഹിക്കലാണ്. ജ്ഞാനസാഗരത്തിന്റെ ആദ്യപടി അക്ഷരങ്ങളാണ്. ഒരിക്കലും നശിക്കാത്തതുകൊണ്ടാണ് 'അക്ഷരം' എന്ന പേരുതന്നെ ഉണ്ടായത്. ഈ അക്ഷരത്തെ സ്വായത്തമാക്കുന്ന ചടങ്ങിനെ നമുക്ക് ദീക്ഷാ സ്വീകരണമായി കണക്കാക്കാം. എഴുത്തിനിരുത്തുന്നതോടെ ഈ മന്ത്രസാധനയ്ക്കുള്ള അനുമതി കൂടിയാണ് ഗുരുനാഥന്‍ നല്‍കുന്നത്. മന്ത്രസാധനയില്‍ തുടക്കം ഗുരുവിനെ സ്മരിച്ചും പിന്നീട് ഗണപതിയെ സ്തുതിച്ചും തന്നെയാണ്. തുടര്‍ന്ന് അക്ഷരങ്ങളെ സ്വന്തം ശരീരത്തില്‍ തിരിച്ചറിയുന്ന മാതൃകാന്യാസമാണ്. ഈ ക്രമം അതേപടി തന്നെ പകര്‍ത്തുകയാണ് വിജയദശമി ദിനത്തില്‍ ചെയ്യുന്നത്.

മനുഷ്യനാകാനും ദിവ്യഗുണശാലികളായിത്തീരാനും വേദം ആവശ്യപ്പെടുമ്പോള്‍ അത് ഏതു തരത്തിലാണ് നടപ്പാക്കേണ്ടത് എന്നതിന്റെ നിദര്‍ശനമാണ് മന്ത്രദീക്ഷ. തൂക്കണാം കുരുവിയെ കൂട് കൂട്ടാന്‍ ആരും പഠിപ്പിക്കേണ്ടതില്ല. എന്നാല്‍, മനുഷ്യന് അറിവുസമ്പാദിച്ചാലേ ജ്ഞാനിയാകാന്‍ കഴിയൂ. അപ്പോള്‍ അവന് വിദ്യയുടെ ആവശ്യം ഉണ്ട്. വിദ്യ പകര്‍ന്നുതരാന്‍ ഒരു ഗുരു ആവശ്യമാണ്. ആ ഗുരുവിനും ഒരു ഗുരു ആവശ്യമാണ്. ഈ ഗുരുശ്രേണിയുടെ തുടക്കം ഈശ്വരനാണെന്ന് പതഞ്ജലി യോഗദര്‍ശനത്തില്‍ പറയുന്നുണ്ട്. അപ്പോള്‍ ആ ഈശ്വരനില്‍നിന്ന് പകര്‍ന്നുകിട്ടിയ ജ്ഞാനമാണ് ആദ്യക്ഷരം കുറിക്കുന്നതിലൂടെ ശിഷ്യന് ലഭിക്കുന്നത്. അപ്പോള്‍ ഏതുവിധത്തിലുള്ള ജ്ഞാനം ആര്‍ജിക്കാനും ഗുരുത്വവും ദീക്ഷയും വേണം. സംഗീതമായാലും ചിത്രമെഴുത്തായാലും നാട്യമായാലും ഈ ദീക്ഷ ആവശ്യമാണ്.

യജുര്‍വേദത്തില്‍ (5.40) ഈ ഗുരുപരമ്പരയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ''തനിക്കുണ്ടായിരുന്നത് സത്യവിദ്യാഗുണങ്ങളെ പാലിക്കുന്ന ആചാര്യനായിരുന്നു. അതേപോലെ ഞാനും നിന്‍േറതായി (ശിഷ്യന്‍േറതായി) തീരട്ടെ. വിദ്യ തുടങ്ങിയ ഗുണങ്ങള്‍ വ്യാപിച്ചിരിക്കുന്ന ഈ ശരീരം മിത്രമായി നിന്നിലും എന്നിലും വര്‍ത്തിക്കട്ടെ. നമുക്ക് സത്യോപദേശത്തെ രക്ഷിക്കാനായി പരസ്​പരം വ്രതം പാലിക്കാം. നിന്റെ ദീക്ഷാപതി നിനക്കുവേണ്ടി ദീക്ഷ നല്‍കുന്നവനായിരിക്കുന്നു.''

ഇങ്ങനെ ദീക്ഷാപതിയായി ഗുരു മാറുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഗുരുനാഥന്റെ തപസ്സിന്റെ അഗ്‌നിസ്ഫുലിംഗങ്ങള്‍ വന്നണയുന്നു. പൂര്‍ണമായ ദീക്ഷാഗ്‌നി പൂര്‍ണമായിത്തന്നെ ശിഷ്യനില്‍ വന്നെത്തുന്നു. ആ ദീക്ഷാഗ്‌നിയില്‍ അജ്ഞാനവും അവിദ്യയും ഭസ്മമാകുന്നു. ശിഷ്യന്റെ ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതാകുന്നു. അങ്ങനെ അവനവനില്‍ ഉറങ്ങിക്കിടക്കുന്ന ദൗര്‍ബല്യങ്ങളെ പാടേ വിപാടനം ചെയ്യാനാണ് മന്ത്രദീക്ഷ നല്‍കുന്നത്. ആദ്യത്തെ മന്ത്രദീക്ഷയാണ് ആദ്യക്ഷരം കുറിക്കലെന്ന് അറിഞ്ഞുവേണം ഓരോരുത്തരും ഈ ചടങ്ങ് നടത്താന്‍.



ganangal

 

Discuss virtual toyr mukambika