Mathrubhumi Logo
navarathri
Navarathri

അപകര്‍ഷതാബോധമില്ലാതാകാന്‍ മഹാഗണപതി

എം.ആര്‍. രാജേഷ് Posted on: 21 Sep 2009

ഏതൊരു വ്യക്തിയുടെയും പുരോഗമനത്തിനും ഉന്നതിക്കും തടസ്സങ്ങളുണ്ടാകാം. ഈ തടസ്സങ്ങള്‍ ഏറിയ കൂറും സ്വയം സൃഷ്ടിക്കുന്നവയായിരിക്കും. നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഉറഞ്ഞുകൂടുന്ന പലതരത്തിലുള്ള ചിന്തകളും കണ്ടെത്തലുകളും നമുക്കു തന്നെ തടസ്സമായി വരാം. അത് അപകര്‍ഷതാബോധമാകാം, താന്‍ പോരിമയുമാകാം. നമുക്ക് തടസ്സമായി അതുമാറും. ഈ തടസ്സങ്ങള്‍ ഇല്ലാതാകാന്‍ നാം തന്നെ പരിശ്രമിക്കണം.അതിന് അറിവാണ് ഉണ്ടാകേണ്ടത്. ആ അറിവ് പ്രദാനം ചെയ്യുന്ന ഈശ്വരശക്തിയാണ് മഹാഗണപതി. ഗണപതി ദേവതയായുള്ള മന്ത്രങ്ങള്‍ ഋഗ്വേദത്തിലുണ്ട്്,യജുര്‍വേദത്തിലുമുണ്ട്.

ഈ പ്രപഞ്ചമൊന്നാകെ വ്യാപിച്ചിട്ടുള്ള മഹാഗണപതി പ്രപഞ്ചത്തെ ഗര്‍ഭത്തില്‍ ധരിച്ചിരിക്കുന്നുവെന്നാണ് യജുര്‍വേദം പറയുന്നത്. 'ജ്ഞാനേന്ദ്രിയ പഞ്ചകം, കര്‍മ്മേന്ദ്രിയ പഞ്ചകം, പ്രാണ പഞ്ചകം, അഷ്ടവസുക്കള്‍, 11 രുദ്രന്‍മാര്‍, 12 ആദിത്യന്‍മാര്‍ എന്നീ ഗണങ്ങളുടെ മുഴുവന്‍ പതിയാണ് ഗണപതി. ആ ഗണപതിയെ ഉപാസിച്ചാല്‍ നമ്മുടെ മനസ്സ് സ്വസ്ഥവും ഏകാഗ്രവുമാകും. പ്രിയന്‍മാര്‍ക്ക് പ്രിയപതിയായി നാം മാറും. നമ്മുടെ മനസ്സിന്റെ ഉള്ളിലുള്ള ഈര്‍ഷ്യയും ദ്വേഷവും അപകര്‍ഷതാബോധവും താന്‍പോരിമയുമൊക്കെ മഹാഗണപതി ഇല്ലാതാക്കുന്നു. എന്നു മാത്രമല്ല നിധിപതിയാണ് മഹാഗണപതി. ജ്ഞാന ദണ്ഡാകാരം നമ്മുടെ മസ്തിഷ്‌കത്തില്‍ തുറക്കുന്ന നിധിപതിയാണെന്നര്‍ഥം. ജ്ഞാനനിധി ഉണ്ടാകാന്‍ പ്രയത്‌നശീലം വേണം. നന്നായി അധ്വാനിക്കാനുള്ള ശേഷി ഉണ്ടാകണം. അതു മഹാഗണപതി നല്‍കും. മസ്തിഷ്‌കമാകുന്ന ഖജനാവ് അറിവാകുന്ന രത്‌നങ്ങളാല്‍ നിറയ്ക്കാന്‍ മഹാഗണപതി സഹായിക്കും. അതിനാല്‍ നാം ഗണപതിയെ അറിയണം, ഒപ്പം നടന്ന് സ്വന്തമാക്കുകയും വേണം.' (യജുര്‍വേദം 10.31) ഈ ബ്രഹ്മാണ്ഡത്തെ ഗര്‍ഭത്തില്‍ ധരിക്കുന്നതിനാല്‍ ഗണപതിക്ക് കുടവയറുണ്ടായി. നിധിപതിയായതിനാല്‍ ആനത്തലയും.

ഋഗ്വേദത്തില്‍ കവികളില്‍ കവിയാണ് മഹാഗണപതിയെന്ന് പറയുന്നതു കാണാം. (ഋഗ്വേദം. 10.112.9) കവി എന്നാല്‍ ദീര്‍ഘദൃഷ്ടിയുള്ളവന്‍ എന്നര്‍ഥം. ദിവ്യമായ ആന്തരിക പ്രചോദനങ്ങള്‍ സ്വഹൃദയത്തില്‍ കേള്‍ക്കാന്‍ കഴിയുന്നത് കവിക്കാണ്. ആ മഹാഗണപതി മന്ത്രങ്ങളുടെ അധിപതി കൂടിയാണ് (ബ്രഹ്മണസ്​പതി). അങ്ങനെ മന്ത്രങ്ങളുടെ മുഴുവന്‍ അധിപതിയായ ഗണപതി എന്റെ ഉള്ളില്‍ ഇരുന്നരുളട്ടെ എന്നും അങ്ങനെ എനിക്ക് സംരക്ഷണം ഉണ്ടാകട്ടെ എന്നുമാണ് ഋഗ്വേദത്തില്‍ പറയുന്നത്. ഗണപതി ഉപാസന ചെയ്യുമ്പോള്‍ നമ്മുടെ ഉള്ളിന്റെയുള്ളില്‍ വിവിധങ്ങളായ ജ്ഞാനഖനി രൂപപ്പെടുന്നു. അതുകൊണ്ടാണ് ഋഗ്വേദത്തില്‍ ഇങ്ങനെ പറയുന്നത്: 'അല്ലയോ ഗണപതേ, അങ്ങ് മന്ത്രസമേതനായി ഞങ്ങളുടെ ഉള്ളില്‍ ഇരുന്നരുളിയാലും. അങ്ങാണ് ഋഷിയും അസാധാരണ പ്രതിഭയും'' (ഋഗ്വേദം 2.23.1) ഇതുകാരണമാകാം ബുദ്ധിയും സിദ്ധിയും ഗണപതിയുടെ ഭാര്യമാരാണെന്ന് പറയാന്‍ കാരണവും. മഹാഗണപതി നമ്മിലേക്ക് വന്നണയുമ്പോള്‍ സ്വാഭാവികമായും നമ്മുടെ ആന്തരികചോദനാശക്തി പ്രകാമം പ്രകാശിക്കും. ഇതു തിരിച്ചറിഞ്ഞാണ് ഗണപതിയെ സ്്തുതിച്ചുകൊണ്ട് ഹരിശ്രീ കുറിക്കാനിടയായത്.

കവിയാണ് ഗണപതി എന്ന വാക്കില്‍ നിന്ന് ദീര്‍ഘദൃഷ്ടിയുള്ളവനാണ് ഗണപതിയെന്ന് അര്‍ഥമെടുക്കണം. ഉപാസിക്കുന്നവന് ഉപാസ്യന്റെ ഗുണം ലഭിക്കുമെന്ന് തപസ്വികള്‍ പറയുന്നു. ഗണപതിയെ നേരാംവണ്ണം ഉപാസിക്കുമ്പോള്‍ ഉപാസകനിലും ദീര്‍ഘദൃഷ്ടിയുണ്ടാകും. ദീര്‍ഘദൃഷ്ടി ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആവശ്യമാണ്. മഹാഗണപതിക്ക് ആനയുടെ രൂപമാണ്. ആന ഏതു ചെറിയൊരു മൊട്ടുസൂചി പോലും തുമ്പിക്കൈകൊണ്ട് പെറുക്കി എടുക്കും. ഏതു ചെറിയ ശബ്ദം പോലും ആനച്ചെവി പിടിച്ചെടുക്കും. എന്നാല്‍ കണ്ണാകട്ടെ വളരെ ചെറിയതും. കാരണം സ്വയം ഉള്ളിലേക്ക് നോക്കാന്‍ എല്ലാവരും തയ്യാറാകണം. ഏതു ചെറിയ കാര്യങ്ങളെയും ഒപ്പി എടുക്കാന്‍ ഗണപതി ഉപാസകന്‍ പ്രാപ്തനാകണം. ഇത്തരത്തിലുള്ള ചെറിയ സങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍, ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവന്റെയും ജീവിതരീതിയെ പാടേ മാറ്റിമറിക്കാന്‍ ഗണപതിയിലൂടെ ഹരിശ്രീ കുറിച്ചേ മതിയാകൂവെന്ന് പ്രാചീന ഗുരുക്കന്‍മാര്‍ പറഞ്ഞു.



ganangal

 

Discuss virtual toyr mukambika