Mathrubhumi Logo
navarathri
Navarathri

പ്രതിഭകളെ സൃഷ്ടിക്കേണ്ട ഗുരുക്കന്മാര്‍

എം.ആര്‍. രാജേഷ്‌ Posted on: 20 Sep 2009

ഓരോരുത്തരിലുമുള്ള ആത്മശക്തിയെയും ആശയസമുദ്രത്തെയും കണ്ടെത്തി പുറത്തുകൊണ്ടുവരേണ്ടത് ആചാര്യന്മാരും ഗുരുക്കന്മാരുമാണ്. വൈദികകാലഘട്ടത്തില്‍ ഗുരു എന്ന പദത്തിനു പകരം ആചാര്യന്‍ എന്നാണ് ഉപയോഗിച്ചിരുന്നത്. കരിക്കട്ടയില്‍നിന്നാണ് രത്‌നമുണ്ടാകുന്നത്. അമൂല്യരത്‌നങ്ങളെ സൃഷ്ടിക്കലാണ് ഗുരുനാഥന്റെയും ആചാര്യന്റെയുമൊക്കെ ലക്ഷ്യം. നവരാത്രികാലത്ത് ഏറെയും സ്മരിക്കപ്പെടുന്നത് ഗുരുപരമ്പരയെയാണ്. സംഗീതമായാലും നാട്യമായാലും ശില്പകലയായാലും കാവ്യമായാലും നവരാത്രികാലത്തും വിജയദശമിക്കും പ്രാധാന്യം ഗുരുവിനു തന്നെ.

എന്താണ് യഥാര്‍ഥത്തില്‍ ഗുരുവിന്റെ സ്ഥാനമെന്ന് യജുര്‍വേദം പറയുന്നുണ്ട്. ഗുരു അച്ഛന്‍ തന്നെയാണ്. തനിക്ക് ജന്മം നല്കിയ അച്ഛനോട് എങ്ങനെ ഒരു മകന്‍ കടപ്പെട്ടിരിക്കുന്നുവോ അതേപോലെ ഗുരുവിനോട് ശിഷ്യനും കടപ്പെട്ടിരിക്കുന്നു. യജുര്‍വേദം രണ്ടാം അധ്യായത്തില്‍ 32-ാം മന്ത്രത്തില്‍ എങ്ങനെ ഒരു ആചാര്യന്‍ ശിഷ്യനെ പ്രതിഭാധനനാക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. ആ മന്ത്രാര്‍ഥത്തിലേക്ക് പ്രവേശിക്കാം.

ആചാര്യന്‍ ആറ് ഋതുക്കളെപ്പോലെയാണ്. ഋതുക്കള്‍ ക്രമത്തില്‍ ചലിച്ച് ഭിന്നങ്ങളായ രസങ്ങളെ സംഭാവന ചെയ്യുന്നു. ആചാര്യനും ശിഷ്യരെ വിഭിന്നങ്ങളായ ഗുണങ്ങളാല്‍ പ്രതിഭാധനന്മാരാക്കുന്നു. ഇതില്‍ ഒന്നാമത്തേത് വസന്ത ഋതുവാണ്. പുഷ്പങ്ങളിലും ഫലങ്ങളിലും രസത്തെ നിറയ്ക്കുന്നതാണ് ഈ ഋതു. ആചാര്യനും ശിഷ്യനില്‍ ഉപജ്യോതിയെ നിറയ്ക്കുന്നു. അഗ്‌നിജലതത്ത്വങ്ങള്‍ സമന്വയിപ്പിച്ച് ശാന്തിയും ശക്തിയും ഉണ്ടാകുന്നു. വസന്തത്തിനുശേഷം വന്നെത്തുന്ന ഗ്രീഷ്മ ഋതു ശോഷിപ്പിക്കുകയാണ് ചെയ്യുന്നത്. ഗ്രീഷ്മത്തിന്റെ പ്രത്യേകതയാണിത്. ആചാര്യന്‍ ശിഷ്യനില്‍ കാമക്രോധലോഭാദികളെ ശോഷിപ്പിക്കുന്ന ശക്തി കനിഞ്ഞു നല്കുന്നു.

വര്‍ഷ ഋതുവിലാകട്ടെ ഗ്രീഷ്മത്തില്‍ തപിക്കപ്പെട്ടവയ്‌ക്കെല്ലാം പുതുജീവന്‍ ലഭിക്കുന്നു. അതായത് ശിഷ്യന്റെ വികാരവിചാരങ്ങള്‍ക്ക് നൂതനമായ രൂപരേഖ ഗുരു പ്രദാനം ചെയ്യുന്നുവെന്നര്‍ഥം. വര്‍ഷ ഋതുവെപ്പോലെ ഗുരുനാഥനും ശിഷ്യനില്‍ ജീവതത്ത്വത്തെ പ്രദാനം ചെയ്യുന്നു. ഇനി നവരാത്രി ആഘോഷങ്ങള്‍ നടക്കുന്ന ശരത് ഋതുവാണ്. അന്നംകൊണ്ട് സമ്പൂര്‍ണമാണ് ശരത് ഋതു. ഗുരുവും ശിഷ്യന് സ്വയം പാകമാകാനുള്ള അന്നത്തിന്റെ ശക്തി നല്കുന്നു. വിജയദശമിക്ക് ഗുരു നല്‍കുന്ന ആദ്യക്ഷരജ്ഞാനം ഇതിന്റെ ആയിരത്തിലൊന്നു മാത്രമാണ്.

തുടര്‍ന്ന് വരുന്ന ഹേമന്തം ഘോരമാണ്. ആലസ്യം, അക്ഷമ തുടങ്ങിയ ശത്രുക്കള്‍ക്കെതിരെ ഘോരസ്വഭാവമുള്ളവനാക്കി ശിഷ്യനെ മാറ്റുന്ന ഗുരുവും ഹേമന്തത്തെപ്പോലെയാണ്. ഏറ്റവും ഒടുവില്‍ വന്നെത്തുന്നത് ശിശിരമാണ്. തണുപ്പ് മന്ദഗതിയിലാവുന്നു. ഉഷ്ണത്തിന്റെ അഭാവം ഉണ്ടാകുന്നതോടെ ഇത് അറിവു സമ്പാദിക്കാന്‍ ഏറെ ഉചിതമായ കാലമായി മാറുന്നു. കഴിഞ്ഞ അഞ്ച് ഋതുക്കളിലൂടെ കടന്നുവരുന്ന ശിഷ്യനു യഥാര്‍ഥ ജ്ഞാനം പകര്‍ന്നുനല്കാന്‍ പാകത്തിലുള്ള അന്തരീക്ഷവും കാലാവസ്ഥയും അപ്പോഴുണ്ടാകുന്നു. അങ്ങനെ പ്രാചീനകാലത്ത് ഗുരു, ശിഷ്യരുടെ ഉള്ളിലുള്ള സര്‍ഗപ്രതിഭയെ പുറത്തേക്ക് കൊണ്ടുവരുന്നു.

അതാണ് നവരാത്രികാലത്ത് ഗുരുത്വത്തിന് ഇത്രയേറെ പ്രാധാന്യം ലഭിക്കാനിടയായത്. ഈ മന്ത്രത്തിനൊടുവില്‍ ശിഷ്യന്‍ പറയുന്നുണ്ട്: ''ഇങ്ങനെയുള്ള ആചാര്യാ അങ്ങ് ജന്മം നല്കിയ അച്ഛനെപ്പോലെ എന്റെ ഉള്ളിലുള്ള പ്രതിഭയ്ക്ക് ജന്മം നല്കിയവനാണ്. അതിനാല്‍ അച്ഛന്‍ തന്നെ. എന്റെ കുലമുണ്ടായത് അങ്ങുള്ളതുകൊണ്ടാണ്. അങ്ങനെ കുലങ്ങളെ സൃഷ്ടിക്കാന്‍ കഴിവുള്ള ആചാര്യന്മാരെ കുലപതിയെന്നു വിളിച്ചു.



ganangal

 

Discuss virtual toyr mukambika