Mathrubhumi Logo
navarathri
Navarathri

മഴയുടെ പ്രാര്‍ഥനകേട്ട്, പുഴയുടെ പ്രദക്ഷിണം കണ്ട്....

ശ്രീകാന്ത് കോട്ടക്കല്‍ Posted on: 19 Sep 2009

സൗപര്‍ണികയുടെ പ്രഭാതരാഗം കേട്ടുണരുന്ന കൊല്ലൂര്‍. അമ്മയ്ക്കുമുന്നില്‍ വിളക്കുതെളിയുന്നതോടെ ക്ഷേത്രവീഥികള്‍ സജീവമാവുന്നു. പ്രാര്‍ഥനകള്‍ അഞ്ജലികളാകുന്നു. എല്ലാവരും അമ്മ വിളിച്ചെത്തിയവര്‍, എല്ലാവര്‍ക്കുമുണ്ട് അനുഗ്രഹത്തിന്റെയും അനുഭവങ്ങളുടെയും അദ്ഭുത കഥകള്‍ പങ്കുവെക്കാന്‍. മൂകാംബികയില്‍ മഴനനഞ്ഞ ഒരു ദിവസക്കാഴ്ച.

പ്രഭാതത്തിന്റെ ഇതളുകള്‍ വിടര്‍ന്നുവരുന്നേയുള്ളൂ. ദേവഗണങ്ങളുടെ ജലാഭിഷേകംപോലെ പെയ്ത മഴയില്‍ മൂകാംബികയും പരിസരവും നനഞ്ഞുകുതിര്‍ന്നുകിടന്നു. നേരത്തേയുണര്‍ന്ന വഴിയോരക്കടകളില്‍നിന്നും ബാംഗ്ലൂര്‍ സഹോദരിമാരുടെ മധുര സ്വരധാര:
'പ്രാതഃസ്മരാമി ധരണീധര രാജകന്യാ...'
'പ്രാതര്‍നമമ്യനംഗമദാഗുഹാരി
കാമേശ മോഹപരിരംഭണ ഹര്‍ഷിതാംഗീ...'
'ക്ഷേത്രം മഹത്ഫലദമന്യ സുകന്യ കര്‍ത്തു ഹു
കോലാപുരം തവ മഹീതല പുണ്യഭൂമിഹി...'
എല്ലാം അമ്മയ്ക്കുള്ള സ്വരവന്ദനം. ഒപ്പം യേശുദാസിന്റെ ഹൃദയഗംഗാപ്രവാഹം.
''കാലാതിവര്‍ത്തിയാം കലകള്‍ക്കെല്ലാം
ആധാരം നീയല്ലോ...''
ഗാനങ്ങള്‍ക്ക് ശ്രുതിയായ് വീണ്ടും മഴ പെയ്തു. പല വേഷങ്ങളണിഞ്ഞ് പല ഭാഷകള്‍ പറഞ്ഞ് ഭക്തര്‍ മഴ മറന്ന് ജലപ്രവാഹംപോലെ അമ്മയുടെ കാല്‍ക്കീഴിലേക്കൊഴുകിത്തുടങ്ങി.

* * * *
ക്ഷേത്രത്തിന്റെ മുന്നിലെത്തുമ്പോള്‍തന്നെ സൗപര്‍ണികയുടെ സ്വരലാവണ്യം കേള്‍ക്കാം. രാത്രി മുഴുവന്‍ പെയ്ത മഴ കുടജാദ്രിവനങ്ങളിലെ അറുപത്തിനാല് തീര്‍ഥങ്ങളെയും നിറച്ചിരിക്കണം. തീര്‍ച്ച. അല്ലെങ്കില്‍ ഇത്ര ഒഴുക്കുണ്ടാവില്ല. ഇത്രയും ശബ്ദവും. കലങ്ങി മറിഞ്ഞ കാശീതീര്‍ഥവും അഗ്‌നിതീര്‍ഥവും അമ്മയുടെ കാല്‍ച്ചുവട്ടിലെത്തുമ്പോള്‍ പനിനീരുപോലെ തെളിഞ്ഞ സൗപര്‍ണികയാവുന്ന കാഴ്ച! നോക്കിനില്‍ക്കേ പുഴ ഓരോനിമിഷവും അമ്മയെ പ്രദക്ഷിണംവെച്ച് ഒഴുകിമറയുന്നു. അമ്മയുടെ മുന്നില്‍ മാലിന്യങ്ങള്‍ വാഴില്ല. ഇവിടെയെല്ലാം പവിത്രം, എല്ലാം തീര്‍ഥം.
* * * *
അമ്മയുടെ നിര്‍മാല്യദര്‍ശനം കഴിഞ്ഞിരിക്കുന്നു. ഇനി ദന്തധാവന പൂജ. അതുകഴിഞ്ഞാല്‍ മംഗളാരതി. നനഞ്ഞ പ്രദക്ഷിണവഴിയിലും സ്വര്‍ണക്കൊടിമരം പ്രഭചൊരിയുന്ന തിരുനടയിലും കൈകൂപ്പി ജപിച്ചുനില്‍ക്കുന്ന ഭക്തര്‍. മഴയോ തണുപ്പോ ശീതക്കാറ്റോ അറിയാതെ മണ്ഡപത്തിലിരുന്ന് ഭജിക്കുന്നവര്‍. നനഞ്ഞ കുങ്കുമത്തിന്റെയും വിടര്‍ന്ന മുല്ലയുടെയും തുളസിയിലകളുടെയും സുഗന്ധം. കുങ്കുമനിറമുള്ള അംഗവസ്ത്രം ധരിച്ച് തിരക്കിട്ടു നടക്കുന്ന അഡിഗമാരും കീഴ്ശാന്തികളും.
* * * *
ഇവിടെ കൈകൂപ്പി നില്‍ക്കുന്ന ഓരോരുത്തര്‍ക്കുമുണ്ട് അമ്മയുടെ അനുഗ്രഹത്തിന്റെ അവിസ്മരണീയമായ അനുഭവങ്ങള്‍ പറയാന്‍. ഭൂമിയുടെ ഏതോ കോണില്‍നിന്ന് കണ്ണടച്ച് പ്രാര്‍ഥിച്ചപ്പോള്‍ അമ്മ കേട്ടത്... കൊല്ലൂരിലേക്ക് വിളിപ്പിച്ചത്... എല്ലാം വാരിക്കോരി നല്‍കിയത്... മഹാസരസ്വതിയായും മഹലക്ഷ്മിയായും മഹാകാളിയായും കൂടെനിന്ന് കാത്തുപോരുന്നത്....
* * * *
പ്രദക്ഷിണവഴിയില്‍ വെച്ചാണ് മാഹിയമ്മയെ കണ്ടത്. അവര്‍ ഭ്രമണപഥത്തില്‍ ഗ്രഹമെന്നതുപോലെ മന്ത്രമുരുവിട്ടുകൊണ്ട് ദേവിയെ വലംവെക്കുകയാണ്. കണ്ണടച്ചു നടന്നാല്‍പോലും അവര്‍ക്ക് ആ വഴി പരിചിതമാണ്. സ്ഥിരമായി വരുന്നവര്‍ക്ക് അവരെയും.
മാഹി സ്വദേശിനിയായ അനന്തലക്ഷ്മിയെ കൊല്ലൂരിന്റെ മാഹിയമ്മയാക്കിയത് മൂകാംബികയാണ്. അമ്പത് വര്‍ഷം മുമ്പ് ഭര്‍ത്താവ് സി.സി. ബാലകൃഷ്ണന് ഒരു സ്വപ്നദര്‍ശനമുണ്ടായി. വെള്ളവസ്ത്രം ധരിച്ച് പനങ്കുല പോലെ മുടിയഴിച്ചിട്ട് മൂന്ന് സ്ത്രീകള്‍ സ്വപ്നത്തില്‍വന്ന് കുടിക്കാന്‍ വെള്ളം ചോദിച്ചു. കൊടുത്തു. അവര്‍ രാത്രിയിലേക്ക് ഇറങ്ങിപ്പോയി. അതില്‍ നടുവിലുള്ള സ്ത്രീ തിരിച്ചുവന്ന് ചോദിച്ചു: 'എന്താ ഒന്നും ചോദിക്കാത്തത്? കൊല്ലൂരില്‍ പോയിട്ടില്ലേ?' അത് അമ്മയായിരുന്നു.

ഭാര്യയെയും എട്ടുവയസ്സുമാത്രം പ്രായമുള്ള മകന്‍ പ്രദീപിനെയും കൂട്ടി അദ്ദേഹം കൊല്ലൂരിലേക്ക് പുറപ്പെട്ടു. നാലുപുഴ കടന്നാണ് യാത്ര. കടവുകളിറങ്ങി, ബസ് മാറിമാറിക്കയറി ഒരു പകല്‍ മുഴുവന്‍ നീണ്ട യാത്ര. അഡിഗയുടെ വീട്ടില്‍ മഷിക്കുപ്പിയില്‍ മണ്ണെണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ച വിളക്കുവെട്ടത്തില്‍ ഉറക്കം. രാവിലെയുണര്‍ന്നപ്പോള്‍ മുഖമാകെ കരിപുരണ്ടിരുന്നു. സൗപര്‍ണികയില്‍ കുളിച്ച് അമ്മയെ കണ്ടു.
അന്നു തുടങ്ങിയ യാത്രയാണ് അനന്തലക്ഷ്മിയുടേത്. ഇപ്പോള്‍ വയസ്സ് 82. ആ മകന് വയസ്സ് 50. മകന്റെ ബിസിനസ് സാനമ്രാജ്യം വളര്‍ന്നു. മറ്റു മക്കളും നല്ല നിലയിലായി. എല്ലാം അമ്മ നല്‍കിയതായേ അവര്‍ കരുതുന്നുള്ളൂ.

ക്ഷേത്രം ഉച്ചഭക്ഷണമായി പ്രസാദ ഊട്ട് നല്‍കുന്നതിനുമുമ്പുതന്നെ അനന്തലക്ഷ്മിയും മകനും ചേര്‍ന്ന് കൊല്ലൂരില്‍ അന്നദാനം തുടങ്ങിയിരുന്നു. 26 വര്‍ഷം മുമ്പേ. ഇന്നും അത് തുടരുന്നു. നവരാത്രിയുടെ അവസാന മൂന്നുദിവസങ്ങളില്‍ ഇവരുടെ വകയായി നടക്കുന്ന അന്നദാനം കൊല്ലൂരിലെ ഏറ്റവും വലിയ കാഴ്ചയാണ്. മൂവായിരത്തി അഞ്ഞൂറോളം ആളുകള്‍ക്ക് ദിവസം മൂന്നുനേരവും ഭക്ഷണം കൊടുക്കുന്നു. ഇതാണ് അനന്തലക്ഷ്മിയെ മാഹിയമ്മയാക്കിയത്...

കണ്ണൂര്‍ സ്വദേശിയായ പ്രശാന്ത് വര്‍ഷങ്ങള്‍നീണ്ട അനപത്യതാദുഃഖത്തിനൊടുവിലാണ് രണ്ടുവര്‍ഷം മുമ്പ് അമ്മയുടെ മുന്നിലെത്തിയത്. ഇപ്പോള്‍ കുഞ്ഞിനെയുമെടുത്താണ് അദ്ദേഹം തിരുനടയില്‍നിന്ന് തൊഴുന്നത്. 'ഇവിടെ വന്നതിനുശേഷമുള്ള ഓരോ ദിവസവും ഓരോ നിമിഷവും എനിക്കുവന്ന മാറ്റങ്ങള്‍ പറഞ്ഞാല്‍ തീരില്ല.' അമ്മയുടെ പ്രാര്‍ഥന മാത്രമേ ഇപ്പോള്‍ എന്റെ മനസ്സിലുള്ളൂ. അദ്ദേഹം പറയുന്നു.



ganangal

 

Discuss virtual toyr mukambika