അവര്‍ മൂവരുമെത്തി,ഗുരുനാഥന് യാത്രാമൊഴിയുമായി
Posted on: 30 Jun 2009

പൊതുദര്‍ശനനത്തിന്റെ സമയം തീരാറായപ്പോഴാണ് വരില്ലേയെന്ന ആകാംക്ഷനിറഞ്ഞ ചോദ്യങ്ങള്‍ക്കിടയിലേക്ക് മീരാജാസ്മിന്‍ വന്നത്. മുറ്റത്ത് മേശമേല്‍ കിടത്തിയിരുന്ന ലോഹിതദാസിന്റെ ചേതനയറ്റ ശരീരത്തിനടുത്തുനിന്ന് നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും ഒന്ന് വിങ്ങിപ്പൊട്ടി. ദേശീയബഹുമതിവരെ നേടിയ മീരാജാസ്മിന്റെ സിദ്ധി അറിഞ്ഞതും അവസരം നല്‍കി ഉയര്‍ത്തിയതും ലോഹിതദാസാണ്. മീരയുടെ സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്രം എന്നീ സിനിമകളുടെ തിരക്കഥയും സംവിധാനവും ലോഹിതദാസാണ് നിര്‍വഹിച്ചത്.
'സല്ലാപ'ത്തിലൂടെ മഞ്ജുവാര്യരെന്ന അതുല്യനടിയെ മലയാളത്തിന് നല്‍കിയ ലോഹിതദാസ് തിരക്കഥയെഴുതിയ 'തൂവല്‍ കൊട്ടാരവും' സംവിധാനം ചെയ്ത 'കന്മദ'വും മഞ്ജുവിന്റെ സമാനതകളില്ലാത്ത സിദ്ധിയാണ് വെളിപ്പെടുത്തിയത്.
'നിവേദ്യ'ത്തിലെ നായിക ഭാമ സംസ്‌കാരച്ചടങ്ങുകളില്‍ ആദ്യാവസാനം പങ്കുകൊണ്ടു. പലപ്പോഴും 'നിവേദ്യ'ത്തിന്റെ ഷൂട്ടിങ്‌വേളയിലും റിലീസ് അവസരത്തിലുമു ണ്ടായ അനുഭവങ്ങള്‍ പറഞ്ഞ് തേങ്ങിക്കരഞ്ഞു. 'നിവേദ്യം' തീയേറ്ററുകളില്‍ നന്നായി ഓടുന്നുവെന്നും ഞാന്‍ സന്തുഷ്ടനാണെന്നും ഫോണില്‍ പറഞ്ഞത് സഹപ്രവര്‍ത്തകയോട് കരച്ചിലിനിടെ പറഞ്ഞു.
മൃതദേഹം ചിതയിലേക്കെടുത്തതിനുശേഷമാണ് മൂന്നുപേരും മടങ്ങിയത്.