Mathrubhumi Logo

നഷ്ടപ്പെട്ടത് ഒരു മനുഷ്യസ്നേഹിയെ - സത്യന്‍ അന്തിക്കാട്‌

Posted on: 30 Jun 2009

പഴയലക്കിടി: ലോഹിതദാസിന്റെ മരണത്തിലൂടെ നഷ്ടമായത് പ്രതിഭാശാലിയായ കഥാകൃത്തിനെയോ സംവിധായകനെയോ മാത്രമല്ല മനുഷ്യസ്നേഹിയായ ഒരു വ്യക്തിയെക്കൂടിയാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

ലോഹിതദാസിന്റെ ശവസംസ്‌കാരത്തിനുശേഷം പഴയലക്കിടിയില്‍നടന്ന അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ക്ക് ഒരുപാട് ഇരയായെങ്കിലും ലോഹിതദാസ് ഒന്നിനോടും പ്രതികരിച്ചില്ല. അക്കാരണംകൊണ്ടുതന്നെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയായും ലോഹിതദാസിന് ജീവിക്കേണ്ടിവന്നെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ നേരിടാനാവാതെ കെട്ടിപ്പിടിച്ചുകരയുന്ന സുഹൃത്തും സഹോദരനുമായിരുന്നു തനിക്ക് ലോഹിതദാസെന്ന് നടന്‍ മമ്മൂട്ടി അനുസ്മരിച്ചു. ജീവിതഗന്ധിയായ കഥാപാത്രങ്ങളെയായിരുന്നു ലോഹിതദാസ് സൃഷ്ടിച്ചത്. എനിക്ക് അവ പേരുനേടിത്തന്നു. എങ്കിലും അവയൊന്നും ഞാനല്ലായിരുന്നു. അവയൊന്നിലും ഞാനില്ലായിരുന്നു. എല്ലാം പ്രതിഭാധനനായ ലോഹിയുടെ സൃഷ്ടിവിശേഷങ്ങള്‍ എന്നേ പറയാനുള്ളു.

എം. ഹംസ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. ലോഹിതദാസ് അപ്രശസ്തനായിരുന്ന കാലത്ത് പേരില്ലാതെ തന്റെ കൈയിലെത്തിയ ഒരു തിരക്കഥയില്‍ കരുത്തുറ്റ ഒരു എഴുത്തുകാരന്റെ സ്​പര്‍ശം തിരിച്ചറിഞ്ഞതും അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് ലോഹിതദാസിനെയായിരുന്നെന്നും നടന്‍ ശ്രീനിവാസന്‍ ഓര്‍മിച്ചു.

ഡെപ്യൂട്ടി സ്​പീക്കര്‍ ജോസ്‌ബേബി, എം.പി.മാരായ എം.ബി. രാജേഷ്, പി.കെ. ബിജു, മുന്‍ എം.പി.മാരായ എസ്. ശിവരാമന്‍, എസ്. അജയകുമാര്‍, സിനിമാ പ്രവര്‍ത്തകരായ സിബി മലയില്‍, ബി. ഉണ്ണികൃഷ്‌നന്‍, പി.വി. ബഷീര്‍, സിയാദ് കോക്കര്‍, സിദ്ദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss