അമരാവതിയുടെ മണ്ണില്‍ ലോഹിതദാസിന് അന്ത്യവിശ്രമം
Posted on: 29 Jun 2009

സ്വപ്നങ്ങളുടെ പട്ടുകമ്പളത്തില്‍ തന്നെ ഉറക്കുകയും സര്‍ഗാത്മകതയുടെ പ്രഭാതങ്ങളിലേക്ക് വിളിച്ചുണര്‍ത്തുകയും ചെയ്ത 'അമരാവതി'യുടെ മണ്ണില്‍ത്തന്നെയാണ് ലോഹിതദാസിന് അന്ത്യവിശ്രമം.
തിങ്കളാഴ്ച പകല്‍ 11.10 ന് വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ശവസംസ്‌കാരം. ഭാര്യ സിന്ധുവിന്റെ സാന്നിധ്യത്തില്‍ മക്കളായ ഹരികൃഷ്ണനും വിജയ്ശങ്കറും ചിതയ്ക്ക് തീകൊളുത്തി.
ഞായറാഴ്ച രാത്രി പഴയലക്കിടിയിലെ അകലൂരില്‍ ഇടവഴികള്‍ കടന്ന് നെല്‍പ്പാടങ്ങള്‍ക്കുനടുവിലുള്ള 'അമരാവതി' എന്ന വീട്ടില്‍ ലോഹിതദാസിന്റെ മൃതദേഹം എത്തിയപ്പോള്‍ തുടങ്ങി സുഹൃത്തുക്കളുടെയും പൊതുജനങ്ങളുടെയും പ്രവാഹം. ഞായറാഴ്ച രാത്രി ഒമ്പതരയ്ക്ക് പൂമുഖത്ത് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തിന് സിനിമാരംഗത്തുള്ളവരും ജനപ്രതിനിധികളുമടക്കം സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി. തിങ്കളാഴ്ച മൃതദേഹം ചിതയിലേക്കെടുക്കുംവരെ അഭ്രപാളികളിലൂടെ പ്രിയങ്കരനായ കഥാകൃത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു.
മമ്മൂട്ടി, ശ്രീനിവാസന്‍, ദിലീപ്, മഞ്ജുവാരിയര്‍, മീരാജാസ്മിന്‍, ഭാമ, വിനുമോഹന്‍, മോഹന്‍രാജ്, മാള അരവിന്ദന്‍, മധുപാല്‍, ലാല്‍, കവിയൂര്‍പൊന്നമ്മ തുടങ്ങിയ നടീനടന്മാര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
സംവിധാന-നിര്‍മാണ രംഗത്തുള്ളവരുടെ നീണ്ട നിര തന്നെ പ്രിയസുഹൃത്തിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നു. സംവിധായകരായ സിബി മലയില്‍, സത്യന്‍ അന്തിക്കാട്, കമല്‍, ജോഷി, രഞ്ജിത്, ബ്ലെസ്സി, ബി.ഉണ്ണിക്കൃഷ്ണന്‍, തമ്പി കണ്ണന്താനം, ലെനിന്‍ രാജേന്ദ്രന്‍, സിദ്ധിക്, ടി.വി.ചന്ദ്രന്‍, ജയരാജ്, ഷാജി കൈലാസ്, വി.എം.വിനു, ജോസ് തോമസ്, ഹരികുമാര്‍, ലാല്‍ ജോസ്, രഘുനാഥ് പലേരി, ബാബു, സുന്ദര്‍ദാസ്, വിനോദ് വിജയന്‍, തോമസ് സെബാസ്റ്റ്യന്‍, അമ്പിളി, ലോഹിതദാസിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരായ മഹേഷ്, പ്രശാന്ത് മാധവന്‍, ആന്‍േറാ ജോസഫ് എന്നിവര്‍ എത്തിയിരുന്നു.
നിര്‍മാതാക്കളായ കിരീടം ഉണ്ണി, എം.രഞ്ജിത്, സുരേഷ്‌കുമാര്‍, സാബു ചെറിയാന്‍, വിന്ധ്യന്‍, രാജു (ഷോഗണ്‍ ഫിലിംസ്), സിയാദ്‌കോക്കര്‍, കല്ലിയൂര്‍ ശശി, ആര്യാടന്‍ ഷൗക്കത്ത്, തിരക്കഥാകൃത്തുക്കളായ ടി.എ.റസാഖ്, ഗിരീഷ്‌കുമാര്‍, എസ്.എന്‍.സ്വാമി, ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ.എസ്.ശ്രീകുമാര്‍, ക്യാമറാമാന്‍മാരായ അഴകപ്പന്‍, വേണു, എസ്.കുമാര്‍, എഡിറ്റര്‍ രാജാമുഹമ്മദ്, ശ്രീജിത്ത് എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.
സി.വി.ബാലകൃഷ്ണന്‍, കൈതപ്രം ദാമോദരന്‍നമ്പൂതിരി, ഔസേപ്പച്ചന്‍, വിദ്യാധരന്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു.
ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയും എം.ഹംസ എം.എല്‍.എ., എം.ബി.രാജേഷ് എം.പി. എന്നിവര്‍ ഞായറാഴ്ച രാത്രിമുതല്‍ തിങ്കളാഴ്ച ശവസംസ്‌കാരച്ചടങ്ങുകള്‍ തീരുംവരെ ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കി.
കെ.ഇ.ഇസ്മയില്‍ എം.പി., മുന്‍മന്ത്രി വി.സി.കബീര്‍, പി.കെ.ബിജു എം.പി., ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന്‍, സി.പി.എം. ജില്ലാ സെക്രട്ടറി പി.ഉണ്ണി, ഡി.സി.സി. പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍, സ്വരലയ സെക്രട്ടറി ടി.ആര്‍.അജയന്‍, കുഞ്ചന്‍സ്മാരകം ചെയര്‍മാന്‍ എം.രാമകൃഷ്ണന്‍, കവി പി.ടി.നരേന്ദ്രമേനോന്‍, സുകുമാരി നരേന്ദ്രമേനോന്‍, മണ്ണൂര്‍ രാജകുമാരനുണ്ണി, കെ.ആര്‍.പ്രമോദ് (മാതൃഭൂമി ഇലക്‌ട്രോണിക് മീഡിയ മാനേജര്‍), കെ.സജീവന്‍(കേരള ഫിലിം ഓഡിയന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്), സെക്രട്ടറി ബാബു അണ്ടത്തോട്, ടോംയാസ് ചീഫ് എക്‌സിക്യൂട്ടീവ് തോമസ് പാവറട്ടി എന്നിവര്‍ ആദരാഞ്ജലിയര്‍പിച്ചു.
മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ക്കുവേണ്ടി കളക്ടര്‍ എ.ടി.ജെയിംസ് റീത്ത്‌സമര്‍പ്പിച്ചു. റവന്യുമന്ത്രി കെ.പി.രാജേന്ദ്രന്‍, വൈദ്യുതിവകുപ്പ് മന്ത്രി എ.കെ.ബാലന്‍, സാംസ്‌കാരികവകുപ്പ് മന്ത്രി എം.എ.ബേബി എന്നിവര്‍ക്കുവേണ്ടിയും റീത്ത്‌സമര്‍പ്പിച്ചു.
ആദരസൂചകമായി ലക്കിടി-പേരൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കടകളടച്ച് ദുഃഖാചരണം നടത്തി. സ്‌കൂളുകള്‍ക്ക് അവധി നല്‍കി.