Mathrubhumi Logo

പണിതീരാത്ത വീടുപോലെ ജീവിതം ബാക്കിനിര്‍ത്തി

Posted on: 29 Jun 2009

പാലക്കാട്: 'എന്റെ ജീവിതം പണിതീരാത്ത വീടുപോലെയാണ്' എന്ന വാക്കുകള്‍ അറംപറ്റി. ചെയ്തുതീര്‍ക്കാന്‍ ഒരുപാട് ബാക്കിനിര്‍ത്തി ലോഹിതദാസ് കണ്‍വെട്ടത്തുനിന്ന് മായുമ്പോള്‍ ആ വാക്കുകളോര്‍ത്ത് അമ്പരക്കുകയാണ് ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ.

വയലാര്‍ രാമവര്‍മയുടെ അസംഖ്യം ആരാധകരില്‍ ഒരാളായിരിക്കാം ലോഹിതദാസ്. എന്നാല്‍ വയലാറിന്റെ മകന് ഈ ആരാധകനെക്കുറിച്ച് ഓര്‍ക്കാന്‍മാത്രം അനുഭവങ്ങളുണ്ട്. 'ചക്കരമുത്ത്' എന്ന സിനിമയ്ക്ക് പാട്ടെഴുതാനാണ് ആദ്യമായി ലോഹിതദാസുമായുള്ള കൂടിക്കാഴ്ച.

'അദ്ദേഹം ആദ്യത്തെ ദിവസം എന്നെക്കുറിച്ചോ പാട്ടിനെക്കുറിച്ചോ ഒന്നും ചോദിച്ചും പറഞ്ഞുമില്ല. അച്ഛനെക്കുറിച്ചായിരുന്നു സംസാരം. നിന്റെ അച്ഛന്‍ എഴുതിയില്ലേ, 'പണിതീരാത്ത വീട്ടിലെ' വിശേഷങ്ങള്‍. അതുപോലെയാണെന്റെ ജീവിതം. ഒരിക്കലും പണിതീരാത്ത വീട്' ലോഹിതദാസ് അതുപറഞ്ഞത് 'അമരാവതി'യെന്ന വീടിന്റെ പടിപ്പുരയ്ക്കല്‍നിന്ന് ശരത്ചന്ദ്രവര്‍മ ഓര്‍ക്കുമ്പോള്‍ ചിത കത്തിത്തുടങ്ങിയിരുന്നു.

'വീടുകള്‍ മാറുന്നത് അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നെന്ന് തോന്നുന്നു. ജീവിതവും ഇടയ്ക്ക് ഇടഞ്ഞ് മുറിഞ്ഞുനിന്ന് വീണ്ടും മുന്നോട്ടു നടന്ന്... ഏതായാലും 'ചക്കരമുത്തി'നുവേണ്ടി താനെഴുതിയ വരികള്‍ അദ്ദേഹത്തിന് സ്വീകാര്യമായില്ല. എനിക്കും കൂടുതല്‍ സമയമുണ്ടായിരുന്നില്ല. അടുത്ത പടത്തില്‍ നോക്കാമെന്നുപറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് 'നിവേദ്യ'ത്തിലും എഴുതാന്‍ ക്ഷണിച്ചു. നടന്നില്ല. പകരം അദ്ദേഹംതന്നെ എഴുതി. 'കോലക്കുഴല്‍വിളി കേട്ടോ' അതിന് അവാര്‍ഡും ലഭിച്ചു. ഞാന്‍ പറഞ്ഞു, അത് സാര്‍ അര്‍ഹിക്കുന്നതുകൊണ്ടാണ് എനിക്ക് എഴുതാനാവാതെ പോയതെന്ന്.'

അപ്പോഴും അച്ഛനെ ഓര്‍മിപ്പിച്ചു. എഴുതേണ്ടത് കടലാസിലല്ല, കേള്‍ക്കുന്നവന്റെ മനസ്സിലാണെന്ന ഓര്‍മപ്പെടുത്തല്‍. 'ചെമ്പട്ടില്‍വെച്ച രുദ്രവീണയാണ് വയലാര്‍' എന്ന ലോഹിതദാസിന്റെ വിശേഷണം മകന് മറക്കാനാവാത്തതാണ്.

അകത്ത് സിനിമയിലെ സഹപ്രവര്‍ത്തകര്‍ വേദനയടക്കി വീട്ടുകാര്യങ്ങള്‍ അന്വേഷിക്കുന്നു. 'കിരീട'വും 'ചെങ്കോലും' നഷ്ടപ്പെട്ട വേദന പരസ്​പരം കെട്ടിപ്പിടിച്ച് കരഞ്ഞുതീര്‍ക്കുന്ന സിബിമലയിലും കിരീടം ഉണ്ണിയും. ബ്ലെസിയുടെയും മഞ്ജുവിന്റെയും മമ്മൂട്ടിയുടെയും നിറകണ്ണുകള്‍. അടക്കിയ വിതുമ്പലുകള്‍, നെഞ്ചുനീറി ലോഹിതദാസിന്റെ ഭാര്യയും മക്കളും. തനിക്കുമുമ്പേ മകനെ വിളിച്ചുകൊണ്ടുപോയ ദൈവത്തോട് പരാതിപറയാന്‍പോലും വയ്യാത്ത 85കാരിയായ ലോഹിതദാസിന്റെ അമ്മ മായിയമ്മ. നഷ്ടങ്ങളുടെ കഥയറിയാതെ കഥാകാരന്‍ യാത്രയുമായി.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss