Mathrubhumi Logo

സിനിമയുടെ സൂത്രധാരന് കണ്ണീര്‍പൂക്കള്‍

Posted on: 29 Jun 2009

ലോഹിതദാസിന്റെ നിര്യാണത്തില്‍ സാംസ്‌കാരികകേരളവും സിനിമാലോകവും വിതുമ്പി. സിനിമാരംഗത്ത് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ തനിക്ക് ആത്മധൈര്യം പകര്‍ന്നത് ലോഹിതദാസാണെന്ന്് സത്യന്‍ അന്തിക്കാട് പറഞ്ഞു. ആത്മവിശ്വാസം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. എനിക്ക് എന്തിനും ഒരു കൈത്താങ്ങ്. ഇന്നലെ വൈകീട്ടും ഫോണിലൂടെ സംസാരിച്ചതാണ്. ഈ മരണം ഏല്പിച്ച മുറിവ് കാലത്തിനു മായ്ക്കാനാവില്ല.

എംടിയെയും പത്മരാജനെയുംപോലെ മലയാള സിനിമയെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ശ്രമിച്ച പ്രതിഭയായിരുന്നു അദ്ദേഹം. ജീവിതഗന്ധികളായിരുന്നു ആ തിരക്കഥകള്‍. സാധാരണക്കാരന്റെ സ്വപ്നങ്ങളും നെടുവീര്‍പ്പുകളും ഗ്രാമത്തിന്റെ വിലാപങ്ങളും അദ്ദേഹം വിഷയമാക്കി. സിനിമാക്കാരനെന്ന ഒരു പൊങ്ങച്ചവും ഉണ്ടായിരുന്നില്ല. പഞ്ചനക്ഷത്രഹോട്ടലുകളെക്കാള്‍ ലോഹി നാടന്‍ ചായക്കടകളെ സ്‌നേഹിച്ചു. ഒന്നിലും അമിതാവേശം കാട്ടാത്ത അദ്ദേഹം വീണ്ടും സിനിമയില്‍ ഒരു നല്ലകാലം കാത്തിരിക്കുകയായിരുന്നു. ആ കഴിവുകള്‍ മലയാള സിനിമയ്ക്ക് പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.

മനസ്സുകളെ അടുപ്പിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ലോഹിതദാസെന്ന് നടനും സംവിധായകനുമായ ലാല്‍ പറഞ്ഞു. നടന്റെ മനസ്സറിയാനുള്ള അദൃശ്യശക്തി അദ്ദേഹത്തിനുണ്ടായിരുന്നു.
ലോഹിതദാസിന്റെ നഷ്ടം മലയാള സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് നടന്‍ ജയറാം പറഞ്ഞു. വലിയ സൗഹൃദവലയത്തിന് ഉടമയായിരുന്നു അദ്ദേഹം. 'രാധാമാധവം' എന്ന ചിത്രം മുതലുള്ള ബന്ധമാണ് അദ്ദേഹവുമായി. തന്നെ മനസ്സില്‍ കണ്ട് ചില കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം രൂപം നല്‍കിയിരുന്നുവെന്നും ജയറാം പറഞ്ഞു.

പ്രേക്ഷകര്‍ക്ക് രസിക്കുന്ന നിലവാരമുള്ള ചിത്രങ്ങള്‍ നല്‍കിയ ആളാണ് ലോഹിതദാസെന്ന് നടന്‍ ജഗദീഷ് പറഞ്ഞു.
ലോഹിതദാസിന്റെ വേര്‍പാടിലൂടെ ചോര്‍ന്നുപോവുന്നത് മലയാളസിനിമയുടെ കരുത്തും സൗന്ദര്യവുമാണെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു.

കഥാകൃത്തും സംവിധായകനും എന്നതിലുപരി കുടുംബസുഹൃത്തിനെയാണ് നഷ്ടമായതെന്ന് നടി കെ.പി.എ.സി. ലളിത. അവസാനമായി കണ്ടത് 'ഭാഗ്യദേവത' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു.ചിത്രീകരണത്തിന്റെ തിരക്കിനിടെ ലോഹിയെ ഞാന്‍ കണ്ടില്ല. 'ലളിത ചേച്ചീ' എന്ന നീട്ടിയുള്ള വിളികേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ലോഹിതദാസ്. താനിവിടെ ഉണ്ടായിരുന്നുവെന്നും പോകാന്‍ തുടങ്ങുകയാണെന്നും പറഞ്ഞ് പിരിയുകയായിരുന്നുവെന്നും കെ.പി.എ.സി. ലളിത പറഞ്ഞു. 'ലോഹിതദാസിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാനേ സാധിച്ചിട്ടുള്ളൂ. അത് വളരെ വലിയ ഭാഗ്യമാണ്. 'അമരം' എന്ന ആ ചിത്രമല്ലാതെ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയാത്തത് നിര്‍ഭാഗ്യവും.' ചലച്ചിത്ര നടന്‍ അശോകന്‍ തന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു. തന്റെ അഭിനയജീവിതത്തിലെ മികച്ച മൂന്ന് വേഷങ്ങള്‍ നല്‍കിയത് ലോഹിതദാസാണെന്ന് മനോജ് കെ. ജയന്‍. 'വളയം' എന്ന ചിത്രത്തിലെ രവി എന്ന വില്ലന്‍വേഷവും ഭരതന്റെ 'വെങ്കല'ത്തിലെ കല്ലടിക്കോട് ഉണ്ണികൃഷ്ണനും 'സല്ലാപ'ത്തിലെ കീമാന്‍ ദിവാകരനുമാണ് അദ്ദേഹം തനിക്ക് നല്‍കിയ നല്ലവേഷങ്ങള്‍.

ആത്മാവിന്റെ ഭാഷയറിഞ്ഞ എഴുത്തുകാരനായിരുന്നു ലോഹിതദാസെന്ന് നടന്‍ ലാലു അലക്‌സ്. സിനിമ എന്താണെന്ന് തന്നെ പഠിപ്പിച്ചത് ലോഹിതദാസാണെന്ന് നടന്‍ വിനു മോഹന്‍. 'നിവേദ്യം' എന്ന ചിത്രത്തില്‍ നായകനായി തന്നെ സിനിമയില്‍ അവതരിപ്പിച്ചത് അദ്ദേഹമാണ്.സിനിമ തുടങ്ങുന്നതിന് മൂന്ന് മാസം മുമ്പ് അദ്ദേഹത്തോടൊപ്പമായിരുന്നു. ഗുരുകുല വിദ്യാഭ്യാസം പോലെയായിരുന്നു ആ കാലഘട്ടം. ഒരുപാട് നടന്മാര്‍ക്ക് മികച്ച വേഷങ്ങള്‍ സമ്മാനിച്ചയാളായിരുന്നു ലോഹിതദാസെന്ന് നടന്‍ നെടുമുടി വേണു. മലയാളത്തിന്റെ മധുരമുള്ള സിനിമകളാണ് ലോഹി നല്‍കിയത്. തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത് 'ഹിസ്‌ഹൈനസ് അബ്ദുള്ള' എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴാണ്.ലോഹിതദാസിന്റെ 'നിവേദ്യം' എന്ന ചിത്രത്തിലായിരുന്നു അവസാനം അഭിനയിച്ചത്. അതൊരു വിടവാങ്ങല്‍ ചിത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും നെടുമുടി വേണു പറഞ്ഞു. ലോഹിതദാസിന്റെ മരണവാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്ന് നടന്‍ ദിലീപ്. വാര്‍ത്തയറിഞ്ഞപ്പോള്‍ ഒരു മരവിപ്പാണ് തോന്നിയത്. ലോഹിസാര്‍ തനിക്ക് മൂത്ത ജ്യേഷ്ഠനെപ്പോലെയായിരുന്നുവെന്നും ദിലീപ് ഓര്‍മ്മിച്ചു.

'തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ നിര്യാണം മലയാളസിനിമയ്ക്ക് തീരാനഷ്ടമാണ് നല്‍കിയത്. മലയാളത്തിന് ഒത്തിരി നല്ല ചിത്രങ്ങള്‍ സംഭാവനചെയ്ത ആ കലാകാരന് എന്റെ സ്‌നേഹാഞ്ജലി'-ഹരിഹരന്‍ പറഞ്ഞു.
'ലോഹിയേട്ടന്‍ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് ഒരു ഗുരുവിനെയാണ്. എനിക്ക് അദ്ദേഹം ഗുരുതുല്യനായിരുന്നു' സംവിധായകന്‍ ശരത് ചന്ദ്രന്‍ വയനാട് പറഞ്ഞു.

അപരിഹാര്യമായ നഷ്ടം - മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ നിര്യാണം കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ വിലമതിക്കാനാവാത്തത്ര മഹത്തായ സംഭാവനകള്‍ നല്‍കിയ പ്രതിഭാശാലിയായിരുന്നു ലോഹിതദാസ്. സാമൂഹിക പ്രതിബദ്ധതയും തനതായ ആവിഷ്‌കാരരീതിയും കൊണ്ട് ലോഹിതദാസിന്റെ സിനിമകള്‍ ജനമനസ്സില്‍ പ്രതിഷ്ഠ നേടി. ലോഹിതദാസിന്റെ അകാലനിര്യാണം സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ലോഹിതദാസിന്റെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അനുശോചിച്ചു. അകാലത്തില്‍ പൊലിഞ്ഞ സര്‍ഗ്ഗപ്രതിഭയാണ് ലോഹിതദാസ്. ജീവിതഗന്ധിയായ കഥകളിലൂടെ സ്‌നേഹവും നന്മയും നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ നിര്യാണം മലയാളസിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാന മന്ത്രിമാരായ എ.കെ. ബാലന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ബിനോയ് വിശ്വം, കോടിയേരി ബാലകൃഷ്ണന്‍, സി. ദിവാകരന്‍, പി.കെ. ശ്രീമതി, സ്​പീക്കര്‍ കെ. രാധാകൃഷ്ണന്‍, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ, എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍മന്ത്രിമാരായ ജി. കാര്‍ത്തികേയന്‍, കെ. മുരളീധരന്‍, ജനതാദള്‍ ദേശീയസമിതിയംഗം ബാലു കിരിയത്ത് എന്നിവരും ഡി.വൈ.എഫ്.ഐ. സംസ്ഥാനസമിതിയും അനുശോചിച്ചു.

നവോത്ഥാനത്തിലേക്ക് നയിച്ച സംവിധായകന്‍ -വയലാര്‍ രവി


മലയാളസിനിമയെ നവോത്ഥാനത്തിലേക്ക് നയിച്ച സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ലോഹിതദാസെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ലോഹിതദാസിന്റെ തിരക്കഥകള്‍ സമഗ്രമായ അനുഭവങ്ങളുടെ ലോകം തുറന്നിട്ടു. ഇത് മലയാളസിനിമയില്‍ ഗുണപരമായ വന്‍മാറ്റങ്ങള്‍ക്ക് കാരണമായി -വയലാര്‍ രവി പറഞ്ഞു.


ജീവിത പ്രതിസന്ധികള്‍ വരച്ചുകാട്ടിയ പ്രതിഭ - വീരേന്ദ്രകുമാര്‍

തൃശ്ശൂര്‍: ചലച്ചിത്രകലയെ ജനകീയമാക്കുന്നതിനൊപ്പം അതിന്റെ കലാമൂല്യം ചോര്‍ന്നുപോകാതെത്തന്നെ മനുഷ്യജീവിതത്തിന്റെ പ്രതിസന്ധികള്‍ വരച്ചുകാട്ടിയ പ്രതിഭയാണ് ലോഹിതാദാസ് എന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. സിനിമയിലും പൊതുരംഗത്തും സൗഹൃദത്തിന്റെ ദുഃഖമാണ് അദ്ദേഹം.
സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ ഒളിഞ്ഞുകിടന്ന സംഭവങ്ങളും സംഘര്‍ഷങ്ങളും ഇതിഹാസതുല്യമായി അഭ്രപാളികളിലേക്ക് പകര്‍ത്താന്‍ ലോഹിതദാസിന് കഴിഞ്ഞൂവെന്നും എം.പി. വീരേന്ദ്രകുമാര്‍ അനുശോചനസന്ദേശത്തില്‍ വ്യക്തമാക്കി.

നഷ്ടമായത് സര്‍ഗാത്മക സാന്നിധ്യം -പി.വി. ചന്ദ്രന്‍


കോഴിക്കോട്: മലയാള സിനിമയിലെ സര്‍ഗാത്മക സാന്നിധ്യമാണ് ലോഹിതദാസിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. മലയാള സിനിമാ ചരിത്രത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന ഒരു പിടി നല്ല സിനിമകള്‍ ലോഹിതദാസിന്റെതായുണ്ട്.
മികച്ച സംവിധായകനും അതിലും മികച്ച തിരക്കഥാകൃത്തുമായിരുന്നു അദ്ദേഹം. മലയാളിയുടെ കലാസ്വാദനത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ച ലോഹിതദാസ് നിത്യസ്മരണയായി നിലനില്‍ക്കും- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു സഹോദരനെ നഷ്ടപ്പെട്ട ദുഃഖം -പി.വി. ഗംഗാധരന്‍



കൊച്ചി: 'തൂവല്‍ക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നീ എന്റെ രണ്ടു സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും ലോഹിതദാസിന്റെതായിരുന്നു. ഒരു സഹോദരനെ നഷ്ടപ്പെട്ട ദുഃഖമാണെനിക്ക്...' - ചലച്ചിത്ര നിര്‍മാതാവും ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന്‍ പറഞ്ഞു.

'മലയാള സിനിമയ്ക്കും സിനിമാസാഹിത്യത്തിനും വന്‍ നഷ്ടമാണ് ലോഹിതദാസിന്റെ മരണം മൂലം ഉണ്ടായിരിക്കുന്നത്. സിനിമയിലൂടെ ജീവിതം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ജനഹൃദയങ്ങളില്‍ ലോഹിതദാസ് എന്നും ജീവിക്കും തീര്‍ച്ച'- അനുശോചന സന്ദേശത്തില്‍ പി.വി. ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.

അനുശോചിച്ചു


തൃശ്ശൂര്‍:സാധാരണജീവിതപരിസരങ്ങളില്‍നിന്ന് കണ്ടെത്തിയതായിരുന്നു ലോഹതദാസിന്റെ കഥാപാത്രങ്ങള്‍. അവര്‍ സംസാരിച്ചത് ജീവിതത്തിന്റെ നിശ്ശബ്ദമായ സത്യങ്ങളാണ്. സിനിമാ കഥാപാത്രങ്ങളില്‍ ഗ്ലാമറിനെ ആദ്യമായി വെടിയുന്നത് ലോഹിതദാസിന്റെ കഥാപാത്രങ്ങളായിരുന്നു. കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍ പറഞ്ഞു. തിരക്കഥയിലേക്ക് 'ഡ്രാമ' കൊണ്ടുവന്നു ഈ മനുഷ്യന്‍-ജയരാജ് ഓര്‍മ്മിച്ചു.

മലയാളസിനിമയില്‍ കഥാപാത്രങ്ങളെ മണ്ണിനോട് ചേര്‍ത്തുനിര്‍ത്തിയ കഥാകാരനായിരുന്നു ലോഹിതദാസെന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു. ഈ കഥാപാത്രങ്ങള്‍, ആന്തരികസംഘര്‍ഷമനുഭവിക്കുന്ന മനുഷ്യരായിരുന്നു. മനുഷ്യരുടെ പ്രത്യക്ഷയാഥാര്‍ത്ഥ്യങ്ങളില്‍ വിശ്വസിച്ചു ലോഹിതദാസെന്ന് ജയരാജ് ഓര്‍മ്മിച്ചു.












ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss