Mathrubhumi Logo

കണ്ണീരോടെ കഥാപാത്രങ്ങള്‍

Posted on: 29 Jun 2009

കൊച്ചി: തണുത്ത പെട്ടിക്കുള്ളില്‍ ലോഹിതദാസ് കണ്ണടച്ചു കിടന്നു. കിരീടത്തിലെ സേതുമാധവനെപ്പോലെ 'എനിക്ക് ജീവിക്കണം' എന്ന മുഖഭാവവുമായി. ലോഹിയുടെ തൂലികയില്‍ നിന്നിറങ്ങിവന്ന കഥാപാത്രങ്ങളത്രയും ചുറ്റും കണ്ണീരണിഞ്ഞു നില്പുണ്ടായിരുന്നു, അച്ചൂട്ടിയും അബ്ദുള്ളയും മുതല്‍ ജൂനിയര്‍ യേശുദാസും ആലുക്ക സാജനും വരെ....
ഇല്ലായ്മയുടെ ഇരുള്‍വഴികളില്‍ നിന്ന് വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് സ്വപ്രയത്‌നം കൊണ്ടു കയറിവന്ന കഥാപ്രതിഭയുടെ അവസാനയാത്ര. പ്രിയപ്പെട്ട ലോഹിതദാസിന് യാത്രാമൊഴി നല്‍കാന്‍ മലയാള സിനിമാത്തറവാട് ഒന്നടങ്കമാണ് മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലേക്കൊഴുകി വന്നത്.

ഒരുപാടാരവങ്ങള്‍ കേട്ട സ്റ്റേഡിയം ഗാലറി ആള്‍ത്തിരക്കില്‍ മൂകമായ ആദ്യ ദിവസമായിരുന്നു ഞായറാഴ്ച. മഹാരാജാസ് സ്റ്റേഡിയത്തില്‍ ഇതാദ്യമായാണ് ഒരു ചലച്ചിത്രകാരന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി വെച്ചതും. ആദ്യം എറണാകുളം ടൗണ്‍ഹാളിലും പിന്നീട് മഹാരാജാസ് ഓഡിറ്റോറിയത്തിലും നിശ്ചയിക്കപ്പെട്ട അന്ത്യോപചാരമാണ് ഒടുവില്‍, വിലാപങ്ങളുടെ മൈതാനം സാക്ഷിയാക്കി സ്റ്റേഡിയത്തിലേക്കെത്തിയത്.

ലിസി ആസ്​പത്രിയില്‍ നിന്ന് ലോഹിതദാസിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് സ്റ്റേഡിയത്തിനു മുന്നിലെത്തുമ്പോള്‍ സമയം ഉച്ചയ്ക്ക് 2.10. പി. രാജീവ് എം.പി.യുടെ നേതൃത്വത്തില്‍, പെട്ടെന്നു തന്നെ സ്റ്റേഡിയം പാവലിയനില്‍ മൃതദേഹം കിടത്തുന്ന സ്ഥലമൊരുക്കിയിരുന്നു. സംവിധായകരായ ജോഷിയും സിബി മലയിലും ചേര്‍ന്നാണ് പവലിയനു നടുവില്‍ വെള്ളവിരിച്ചിടത്ത് ലോഹിയെ കിടത്തിയത്. ഷാജി കൈലാസ് തലയ്ക്കുവെച്ച വിളക്കില്‍ തിരികൊളുത്തി. സാമ്പ്രാണിത്തിരി പുകയുന്നതിനൊപ്പം, വലിയൊരു കൂട ജെമന്തി പെട്ടിക്ക് മുകളില്‍ വിതറപ്പെട്ടു. അച്ഛന്റെ തൊട്ടരുകില്‍ മക്കളായ ചക്കരയും കുഞ്ഞുണ്ണിയും ഇരുന്നു.
നടന്മാരായ ദിലീപ്, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ മൃതദേഹം എത്തുമ്പോള്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. നേരഐത്തി കാത്തുനിന്ന കൊച്ചിന്‍ ഹനീഫ, പെട്ടിയില്‍ പിടിച്ചുനിന്ന് തേങ്ങി. വാവിട്ട് നിലവിളിച്ച ലോഹിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരെ സുഹൃത്തുക്കളെത്തിയാണ് രംഗത്തുനിന്നു നീക്കിയത്. കേന്ദ്രമന്ത്രി കെ.വി. തോമസ് ഇതിനിടയില്‍ വന്നു മടങ്ങി. എം.എല്‍.എമാരായ കെ. ബാബുവും വി.കെ. ഇബ്രാഹിംകുഞ്ഞും ഒപ്പമുണ്ടായിരുന്നു.
മോഹന്‍ലാലും മമ്മൂട്ടിയും കലാഭവന്‍ മണിയും സിദ്ദിഖും മുകേഷും ജഗദീഷും മനോജ് കെ. ജയനും അടക്കം 'അമ്മ' യോഗത്തിനെത്തിയ താരങ്ങളെല്ലാം ഒരുമിച്ച് ലോഹിതദാസിന് അന്തിമോപചാരം അര്‍പ്പിച്ചതും വികാരഭരിതമായ കാഴ്ചയായി. ജയസൂര്യയും ഇന്ദ്രജിത്തും വിനീതും നിഷാന്ത് സാഗറും ഉള്‍പ്പെടെയുള്ള യുവതാരങ്ങളും പ്രിയപ്പെട്ട സംവിധായകന് ആദരാഞ്ജലി അര്‍പ്പിച്ച് നീങ്ങി. ലോഹിയുടെ സിനിമകളില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ബിന്ദു പണിക്കര്‍ കരച്ചിലടക്കാന്‍ പാടുപെട്ടു. നടന്മാരായ ലാലും ലാലു അലക്‌സും ജയറാമും ബാബു ആന്റണിയുമൊക്കെ മൃതദേഹത്തിനു തൊട്ടടുത്ത് മൗനികളായി. സുകുമാരിയും കെ.പി.എ.സി. ലളിതയും ഉള്‍പ്പെടെയുള്ള നടിമാരും ക്യൂ നിന്ന് അന്ത്യോപചാരം അര്‍പ്പിച്ച് നീങ്ങി. ജില്ലാ കളക്ടര്‍ ഡോ. എം. ബീനയും സംവിധായകന്‍ വിനയനും ഇതിനിടെ എത്തിച്ചേര്‍ന്നു.

സംവിധായകരായ കമല്‍, രഞ്ജന്‍ പ്രമോദ്, തിരകഥാകൃത്തുക്കളായ എസ്.എന്‍. സ്വാമി, എ.കെ. സാജന്‍, നിര്‍മ്മാതാക്കളായ സിയാദ് കോക്കര്‍, സാബു ചെറിയാന്‍ തുടങ്ങിയവരൊക്കെ കാര്യങ്ങള്‍ തിരക്കി ഓടിനടന്നു. ഗാലറിയുടെ ഒരരുകില്‍ റീത്തും മുറുകെപ്പിടിച്ച് നിശ്ശബ്ദനായിരുപ്പായിരുന്നു ജോണ്‍പോള്‍.

3.10ഓടെ സാംസ്‌കാരിക മന്ത്രി എം.എ. ബേബി സ്റ്റേഡിയത്തിലേക്കെത്തി. അദ്ദേഹം റീത്ത് സമര്‍പ്പിച്ചയുടന്‍ കൊച്ചിയില്‍ നിന്ന് ലോഹിതദാസിന്റെ അവസാന യാത്രയ്ക്കുള്ള ഒരുക്കങ്ങളായി. ആലുവ ടൗണ്‍ഹാളിലും ചാലക്കുടിയിലും തൃശ്ശൂരും പൊതുദര്‍ശനത്തിനുവെച്ച ശേഷം ലക്കിടിയിലേക്ക്. വികാരതീവ്രമായ തിരക്കഥകളിലൂടെ മലയാള സിനിമാലോകം ആര്‍ദ്രമാക്കിയ കലാകാരന്റെ മടങ്ങിപ്പോക്ക്. ദുരന്ത പര്യവസായിയായ ക്ലൈമാക്‌സ് പോലെ.... കണ്ണീരില്‍ക്കുതിര്‍ന്ന്.





ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss