Mathrubhumi Logo

കഥയുടെ കിരീടം

Posted on: 29 Jun 2009

പ്രണയവും സ്വപ്നങ്ങളും പാരമ്പര്യവും നഷ്ടമായ ലോകത്തിന് സാന്ത്വനംപോലെയായിരുന്നു ലോഹിയുടെ ചിത്രങ്ങള്‍. മനസ്സില്‍ ഒത്തിരി നന്മകള്‍ കാത്തുസൂക്ഷിച്ച ഒരു വല്യേട്ടനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്. 1955 മെയ് 10ന് കരുണാകരന്റെയും മായിയമ്മയുടെയും മകനായി ചാലക്കുടിയിലാണ് ലോഹിതദാസ് ജനിച്ചത്.എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബി.എസ്‌സി.യില്‍ ബിരുദം നേടിയ ലോഹിതദാസ് ചെറുകഥാരചനയിലൂടെയാണ് സാഹിത്യരംഗത്ത് കടന്നുവന്നത്. പിന്നീട് നാടകമായിരുന്നു ഈ കലാകാരന്റെ തട്ടകം. ആദ്യനാടകമായ 'സിന്ധു ശാന്തമായൊഴുകുന്നു' തോപ്പില്‍ ഭാസിയായിരുന്നു അരങ്ങിലെത്തിച്ചത്. തുടര്‍ന്ന് വൈക്കം മാളവികയ്ക്കുവേണ്ടി രചിച്ച 'അവസാനം വന്ന അതിഥി'യും 'സ്വപ്നം വിതയ്ക്കുന്നവരും' ഏറെ ശ്രദ്ധേയമായി.

നാടകരംഗത്തുനിന്ന് തുടങ്ങിയ തിലകനുമായുള്ള ബന്ധമാണ് ലോഹിതദാസിനെ സിനിമയില്‍ എത്തിച്ചത്. സിബി മലയിലിന് ഈ എഴുത്തുകാരനെ തിലകന്‍ പരിചയപ്പെടുത്തി. സമൂഹം ഭ്രാന്തനാക്കി മുദ്രകുത്തിയ ബാലന്‍മാസ്റ്ററുടെ കഥപറഞ്ഞ 'തനിയാവര്‍ത്തനം' ആ കൂട്ടുകെട്ടില്‍ പിറന്നു. ജീവിത നിഗൂഢതകളായി പലപ്പോഴും മാറാറുള്ള ചില യാഥാര്‍ഥ്യങ്ങളുടെ കലര്‍പ്പില്ലാത്ത അവതരണമായിരുന്നു തനിയാവര്‍ത്തനത്തിലൂടെ ലോഹിതദാസ് അനാവരണം ചെയ്തത്. മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും മികച്ച തിരക്കഥയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡും കന്നിച്ചിത്രം നേടി. തുടര്‍ന്ന് ആ കൂട്ടുകെട്ടില്‍ പിറന്ന നിരവധി ഹിറ്റ്ചിത്രങ്ങള്‍ മലയാളത്തിലുണ്ടായി. കിരീടം, മുദ്ര, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ധനം, ചെങ്കോല്‍ തുടങ്ങിയ ചിത്രങ്ങള്‍ ആ കൂട്ടുകെട്ടിലെ മികച്ച ചിത്രങ്ങളായിരുന്നു.ആത്മനൊമ്പരത്തിന്റെ നെരിപ്പോടില്‍നിന്ന് ലോഹിതദാസ് സൃഷ്ടിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകഹൃദയങ്ങളില്‍ സന്താപത്തിന്റെയും സന്തോഷത്തിന്റെയും വറ്റാത്ത ഉറവകളായി. പലപ്പോഴും കണ്ടുമറന്ന കഥാപാത്രങ്ങള്‍ ജീവിതത്തില്‍ പടവെട്ടി നീങ്ങിയപ്പോള്‍ പ്രേക്ഷകര്‍ ആ ജീവിതം ആഘോഷത്തോടെ സ്വീകരിച്ചു.

മമ്മൂട്ടി നായകനായ ഭൂതക്കണ്ണാടിയായിരുന്നു ലോഹിതദാസ് സംവിധാനംചെയ്ത ആദ്യചിത്രം. ലോഹിതദാസ് എന്ന എഴുത്തുകാരനും സംവിധായകനും ഒന്നിക്കുന്നത് ഇവിടെനിന്നാണ്. തുടര്‍ന്ന് കാരുണ്യം, ഓര്‍മച്ചെപ്പ്, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്രം, ചക്കരമുത്ത്, നിവേദ്യംവരെ നീണ്ട ചിത്രങ്ങള്‍ ലോഹിതദാസ് സംവിധാനംചെയ്തു.
അപരാജിതരും അജയ്യരുമായ നായകന്മാര്‍ മലയാളസിനിമയില്‍ അരങ്ങുതകര്‍ക്കുമ്പോള്‍ ദുര്‍ബലരും പരാജിതരുമായ മനുഷ്യരാണ് ലോഹിതദാസിന്റെ കഥാപാത്രങ്ങള്‍.

ബൈജു പി. സെന്‍







ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss