Mathrubhumi Logo

അകലൂരിനെ വന്ന് കണ്ട് കീഴടക്കിയ കഥാകാരന്‍

Posted on: 29 Jun 2009

പത്തിരിപ്പാല: 13 വര്‍ഷംമുമ്പാണ് ലോഹിതദാസ് ലക്കിടി അകലൂരില്‍ വല്ലില്ലം എന്ന വീടുവാങ്ങി താമസത്തിനെത്തിയത്. പിന്നീട് പേര് 'അമരാവതി'യെന്നാക്കി.

1996ലാണ് ഒന്നരയേക്കര്‍ സ്ഥലവും മച്ചിട്ട മൂന്നു നിലയുള്ള പത്തായപ്പുരയും വാങ്ങിയത്. ലോഹിതദാസ് എന്ന സിനിമാപ്രതിഭയെ പിന്നീടാണ് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്.

വീട്ടില്‍നിന്നിറങ്ങി ഇടവഴികളില്‍ കൂടിനിന്നവര്‍ക്കിടയിലേക്ക് ചിരിച്ചുകൊണ്ട് കടന്നുവന്ന് ലോഹിതദാസ് പറഞ്ഞു. 'ഞാന്‍ താമസം തുടങ്ങ്വാണ്. ഇനി നിങ്ങള്‍ക്കൊപ്പമുണ്ടാകും.' പിന്നീട് അകലൂര്‍ സിനിമാ സംവിധായകരുടെയും സൂപ്പര്‍ നടന്മാരുടെയും നിര്‍മാതാക്കളുടെയും വിശ്രമകേന്ദ്രമായി മാറി.

'സാറ് താമസംതൊടങ്ങിയത് മുതല്‍ ഞാന്‍ കൂടെയുണ്ട്. സാറിനൊന്നും പറ്റരുതേ ഈശ്വരാ...' അമരാവതിയിലെ ലോഹിതദാസിന്റെ സഹായിയായ പൊന്നന്‍ വാര്‍ത്തയറിഞ്ഞ് വിതുമ്പി. 'കാരുണ്യം' സിനിമയില്‍ പൊന്നന്‍ ചെറിയൊരു റോളില്‍ അഭിനയിക്കുകയും ചെയ്തു. ഹിറ്റായപ്പോള്‍ ലോഹി പൊന്നന് ഉപഹാരവും നല്‍കി.

'അമരാവതി'യിലെ ഇലക്ട്രിക്‌വര്‍ക്കുകള്‍ ചെയ്യുന്നത് അപ്പുക്കുട്ടനാണ്. 'തിങ്കളാഴ്ചവരാന്ന് പറഞ്ഞാ കഴിഞ്ഞയാഴ്ച സാറ് പോയത്...' അപ്പുക്കുട്ടനും വാക്കുകള്‍ മുറിഞ്ഞു.

'ഞങ്ങളോടൊക്കെ എവിടുന്ന് കണ്ടാലും വിശേഷം ചോദിക്കും. ഞങ്ങടെ കുട്ടിയെ ഈശ്വരനെന്തിനാ ഇത്രപെട്ടെന്ന്...' പുലാക്കാട്ടില്‍ മീനാക്ഷിയമ്മയ്ക്കും കാളിക്കും ദുഃഖമടക്കാനായില്ല.

'അമരാവതി'ക്ക് അടുത്തുള്ള ലക്ഷ്മിനരസിംഹ ക്ഷേത്രത്തിന്റെ രക്ഷാധികാരിയാണ് ലോഹിതദാസ്.

നൂറ്റാണ്ടുകളായി റോഡില്ലാതിരുന്ന ക്ഷേത്രത്തിലേക്ക് റോഡ് സൗകര്യം തന്നത് ലോഹിസാറാണെന്ന് എന്‍.എസ്.എസ്. അകലൂര്‍ വെസ്റ്റ് കരയോഗം പ്രസിഡന്റ് കുഞ്ചുണ്ണിനായര്‍ പറഞ്ഞു.

കാരുണ്യം, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കസ്തൂരിമാന്‍, ഓര്‍മച്ചെപ്പ്, സൂത്രധാരന്‍ തുടങ്ങി ഒടുവിലിറങ്ങിയ നിവേദ്യം വരെയുള്ള ചിത്രങ്ങള്‍ക്ക് ലോഹിതദാസ് രൂപകല്പന നല്‍കിയത് 'അമരാവതി'യിലെ പൂമുഖത്തെ ചാരുകസേരയിലിരുന്നാണ്.

സിനിമയുടെ തിരക്കില്‍നിന്നകന്ന് ഏകാഗ്രത ആഗ്രഹിച്ചാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് അകലൂരിലെത്തിയതെങ്കിലും അകലൂരിന്റെ സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ മുഴുനീളസാന്നിധ്യമായി ലോഹിതദാസ്.

എത്ര വൈകിക്കിടന്നാലും പുലര്‍ച്ചെ ഉണരും. പാടവരമ്പിലൂടെ നടന്ന് പുലാക്കാട്ട് ഇടവഴികള്‍താണ്ടി അകലൂര്‍ ശിവന്‍കോവില്‍പറമ്പിലെത്തും. രാധാകൃഷ്‌നന്റെ ചായക്കടയിലിരുന്ന് പത്രവായനയ്‌ക്കൊപ്പം രണ്ട് കട്ടന്‍ചായ. വീട്ടിലേക്ക് മടങ്ങുംവഴി കുശലമന്വേഷിച്ചെത്തുന്നവരോടൊപ്പം കുറച്ചുനിമിഷം ചെലവിടും. അകലൂരിലെത്തിയാല്‍ ഇതായിരുന്നു മലയാളസിനിമയിലെ വിലയേറിയ തിരക്കഥാകാരന്‍.

അകലൂരില്‍ താമസം തുടങ്ങിയ കാലംമുതല്‍ ഭക്ഷണവും വീട്ടുജോലികളും ഒരുക്കുന്നത് വിശാലാക്ഷിയാണ്. വിശാലത്തിന്റെ ഭര്‍ത്താവ് ഹരിദാസനും മക്കള്‍ക്കും ലോഹി ഗുരുതുല്യനാണ്.

ലോഹിതദാസിന്റെ മരണവിവരമറിഞ്ഞപ്പോള്‍ മുഖംപൊത്തി ഹരിദാസ് നിലത്തിരുന്നു. 'ലോഹിസാര്‍...' എന്നുവിളിച്ച് വിതുമ്പി.

ഒരു രാത്രി സെക്കന്‍ഡ്‌ഷോയ്ക്ക് പത്തിരിപ്പാല സി.കെ.എം. തിയേറ്ററില്‍ കാറില്‍നിന്നിറങ്ങിയ കള്ളിമുണ്ടുടുത്ത രണ്ടുപേരെ തിയേറ്റര്‍ ജീവനക്കാരന്‍ തിരിച്ചറിഞ്ഞില്ല. കൗണ്ടറില്‍നിന്ന് ടിക്കറ്റെടുത്ത് ഇരുവരും ഹാളില്‍ കയറി. മുറ്റത്തുനിന്ന ചെറുപ്പക്കാരന്‍ ജീവനക്കാരനോട് ചോദിച്ചു 'ആ പോയതാരാന്ന് മനസ്സിലായോ. ലോഹിതദാസും സത്യന്‍ അന്തിക്കാടുമാണ്'. ജീവനക്കാരന്‍ ഇരുവര്‍ക്കുമടുത്തെത്തി 'സാര്‍ ടിക്കറ്റ് വേണ്ട. പണം തിരികെ തരാം' എന്നു പറഞ്ഞപ്പോള്‍ 'സാരമില്ല ടിക്കറ്റെടുത്താലല്ലേ സിനിമയ്ക്ക് പണംകിട്ടൂ'-എന്നായിരുന്നു ലോഹിതദാസിന്റെ മറുപടി.

പാലപ്പുറം നിര്‍മലാനന്ദഗിരി ആശ്രമത്തിലെ ആയുര്‍വേദ ആസ്​പത്രിയിലെ മരുന്നാണ് ലോഹിതദാസ് കഴിച്ചിരുന്നത്. അമരാവതിയുടെ മുന്‍വശത്തെ മേശയ്ക്കു മുകളില്‍ അരിഷ്ടം, കഷായം കുപ്പികള്‍ എപ്പോഴും കാണാം.

വീടിനുചുറ്റും കാടുകയറിക്കിടക്കുന്നത് ലോഹിക്ക് ഇഷ്ടമായിരുന്നെന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു. ഇത്ര വര്‍ഷമായിട്ടും തൊടിയിലെ ഒരു മരക്കൊമ്പുപോലും മുറിച്ചിട്ടില്ല.

അകലൂര്‍പ്പൂരം, പറക്കോട്ടുകാവ് വേല, ലക്കിടി നേര്‍ച്ച ഉത്സവങ്ങള്‍ക്കൊക്കെ കൈയയച്ച് സംഭാവന നല്‍കുന്നതിനൊപ്പം ഉത്സവപ്പറമ്പുകളില്‍ കാഴ്ചകണ്ട് നടക്കാനും നാട്ടുകാരിലൊരാളായി ലോഹിതദാസുണ്ടായിരുന്നു.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss