Mathrubhumi Logo

സ്‌നേഹത്തിന്റെ തൂവല്‍സ്പര്‍ശങ്ങള്‍

പി വി ഷാജികുമാര്‍ Posted on: 28 Jun 2009

സ്നേഹത്തിന്റെ തൂവല്‍സ്പര്‍ശങ്ങള്‍ സമ്മാനിച്ച് നിങ്ങള്‍ ഓര്‍മച്ചെപ്പിലേക്ക് സൂം ഔട്ട് ചെയ്യുമ്പോള്‍ വരാനിരിക്കുന്ന സെല്ലുലോയ്ഡില്‍ നിന്ന് 'ലോഹ'ത്തിന്റെ കരുത്തുള്ള ജീവിതങ്ങളും പടിയിറങ്ങുംപോലെ...
കഥകള്‍കൊണ്ട്
വേദനിപ്പിച്ച്...
കരയിപ്പിച്ച്...
ഓര്‍മിപ്പിച്ച്...
മെതിച്ചു കളഞ്ഞു പലവട്ടം നിങ്ങള്‍ ഞങ്ങളെ.

ഞങ്ങളുടെ നാട്ടിലെ ഇടവഴികളിലെല്ലാം നിങ്ങളുടെ കഥാപാത്രങ്ങളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അത് ഞങ്ങള്‍ തന്നെയായും നിറം മാറിയിരുന്നു. ഒറ്റപ്പെടുകയും കഷ്ടപ്പെടുകയും ചെയ്യുന്നവന്റെ വേദനകള്‍ ആയിരുന്നു നിങ്ങളുടെ സിനിമകളുടെ സത്യം. അതുകൊണ്ടുതന്നെ ജീവിതം കൊണ്ട് പൊറുതിമുട്ടി പിടയുന്ന നേരങ്ങളില്‍, വഴിപോക്കന്‍ പാടുന്നത് കേട്ടിരിക്കുന്ന ചെങ്കോലിലെ സേതുമാധവന്‍ പലവട്ടം കൂട്ടുവന്നിട്ടുണ്ട് ഞങ്ങള്‍ക്ക്. നിസ്സഹായനായവന് ലോകമുണ്ട് എന്ന് നിങ്ങള്‍ കൂടെക്കൂടെ അറിഞ്ഞും അറിയാതെയും പറഞ്ഞുകൊണ്ടിരുന്നു. ദെസേ്താവയോസ്‌കി എന്ന എഴുത്തിന്റെ ആനക്കാരനെ വായിക്കുന്നതിന് മുമ്പ് നിങ്ങളുടെ കഥാപാത്രങ്ങളായിരുന്നു ഞങ്ങളുടെ ജീവിതത്തിന്റെ ഇരുട്ടിലേക്ക് ചോദ്യവും ഉത്തരവുമായി വന്നത്. ബാലന്‍ മാഷിനെ ഉന്മാദത്തിലേക്ക് സമൂഹം തള്ളിവിടുന്നത് വളരെ ചെറുപ്രായത്തില്‍ കണ്ണ് കലങ്ങി കാണുന്നമ്പോള്‍ മനുഷ്യനായി ജനിച്ചതുകൊണ്ടു മാത്രം ആരും മനുഷ്യനാവില്ല എന്ന സത്യം ആദ്യമായി മനസ്സിലാക്കുകയായിരുന്നു ഞങ്ങള്‍. പിന്നീട് ബാലന്‍ മാഷെ പല ഇടങ്ങളില്‍ പല വഴികളില്‍ ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു.
അങ്ങനെ എത്രയോ നേരങ്ങള്‍... കഥകള്‍...

നിങ്ങളുടെ കഥാപാത്രങ്ങള്‍ ഞങ്ങളോട് സംസാരിച്ചത് നന്മയേയും സ്‌നേഹത്തെയും കുറിച്ച് മാത്രമായിരുന്നു, എല്ലായ്‌പ്പോഴും.... സേതുമാധവനിലൂടെ മേലേടത്ത് രാഘവന്‍നായരിലൂടെ അങ്ങനെയങ്ങനെ.. മനസ്സ് കലുഷിതമാവുമ്പോള്‍, ക്രൂരമാവുമ്പോള്‍, 'വാത്സല്യം' കണ്ട് മണ്ണിനെയും ജീവിതത്തെയും വീണ്ടും സ്‌നേഹിക്കാന്‍ തുടങ്ങിയ ഒരുപാടുപേര്‍ ഞങ്ങളുടെ നാട്ടില്‍ ഇപ്പോഴുമുണ്ട്. ഒടുവില്‍ ഒരഭിമുഖത്തില്‍ ഭരതവും കമലദളവും എഴുതിയത് സംഗീതത്തിന്റെ യാതൊരു സങ്കേതവും പഠിക്കാതെയാണെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ഞെട്ടിപോയി ഞങ്ങള്‍. നിങ്ങളില്‍ ഒരു പത്മരാജനെ കണ്ടു ഞങ്ങള്‍.

നിങ്ങള്‍ സംവിധാനത്തിലേക്കുള്ള വഴിതിരിയുമ്പോള്‍ ഞങ്ങള്‍ ഉറപ്പിച്ചിരുന്നു പത്മരാജന്‍ രണ്ടാം ഭാഗം വരികയാണെന്ന്. ജയിലിന്റെ ഭീമന്‍ മതിലിലൂടെ ഭൂതക്കണ്ണാടി വെച്ച് തെറ്റിയ ലോകത്തെ കാണുന്ന വിദ്യാധരന്‍ എന്ന വാച്ച് റിപ്പയറെ അവതരിപ്പിച്ച് നിങ്ങള്‍ ഒരു പുതിയ ദൃശ്യഭാഷ സൃഷ്ടിച്ചപ്പോള്‍ പത്മരാജനെ ഞങ്ങള്‍ വീണ്ടും കാണുകയായിരുന്നു.

പിന്നീട് പക്ഷേ നിങ്ങള്‍ ഊഹിച്ചതും അവതരിപ്പിക്കപ്പെട്ടതും രണ്ടും രണ്ടായപ്പോള്‍ പൊട്ടിത്തകര്‍ന്നതും വേദനിച്ചതും ഞങ്ങളായിരുന്നു. 'എന്തുപറ്റി നിങ്ങള്‍ക്ക്' എന്ന് ഞങ്ങള്‍ കൂടെകൂടെ ചോദിച്ചുകൊണ്ടിരുന്നു. തെറ്റുകളുടെ തുടരന്‍ രംഗങ്ങള്‍ മാത്രം സമ്മാനിച്ച് നിങ്ങളുടെ
സിനിമകള്‍ വന്നുകൊണ്ടിരുന്നപ്പോള്‍ പ്രതീക്ഷ വിടാതെ ഞങ്ങള്‍ കാത്തു. ഇടയ്‌ക്കെപ്പോഴോ അച്ഛനെ കൊന്നിട്ടായാലും ജോലി കിട്ടിയാല്‍ മതിയായിരുന്നു എന്ന തൊഴില്‍രഹിതന്റെ നിസ്സഹായത അവതരിപ്പിച്ചപ്പോള്‍ (കാരുണ്യം) ഞങ്ങള്‍ക്ക് ഉറപ്പായി നിങ്ങള്‍
തിരിച്ചുവരും....
പക്ഷേ..
നിങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ നിങ്ങളും അവസാനിക്കുന്നു..
വിട പറയുന്നു..……
ജീവിതത്തിന് അപ്പുറത്തുള്ള ആര്‍ദ്രതയുടെ തൂവല്‍ക്കൊട്ടാരത്തിലേക്ക് നിങ്ങള്‍ മറയുമ്പോള്‍ മഴ പെയ്യുകയും വെയില്‍ മാറുകയും ശൈത്യം ഏറുകയും ചെയ്യുന്ന നേരങ്ങളില്‍ പെയ്തു വീണ നിങ്ങളുടെ കഥാപാത്രങ്ങള്‍ ഞങ്ങളുടെ വഴിയില്‍ മൂകരായി നില്‍ക്കുന്നു...



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss