Mathrubhumi Logo

ലോഹി-സിബി: നെരിപ്പോട് ഉയര്‍ത്തുന്ന കഥാകാരനും കൈത്തഴക്കമുള്ള സംവിധായകനും

Posted on: 28 Jun 2009

ലയാള സിനിമയ്ക്ക് ലഭിച്ച നിവേദ്യമായിരുന്നു ലോഹിതദാസ്-സിബി മലയില്‍ കൂട്ടുകെട്ട്. 1987 ല്‍ തനിയാവര്‍ത്തനത്തിലൂടെയാണ് ലോഹി-സിബി സ്​പര്‍ശം സിനിമയ്ക്ക് ലഭിച്ചു തുടങ്ങുന്നത്. നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ ലോഹിയുടെ ആദ്യ തിരക്കഥയായിരുന്നു തനിയാവര്‍ത്തനം. താളം തെറ്റിയ മനസ്സിന്റെ വിഹ്വലതകള്‍ അവതരിപ്പിച്ച തനിയാവര്‍ത്തനത്തിലെ മമ്മൂട്ടിയുടെ ബാലന്‍ മാഷ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. ഏവരും സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന ലോഹിയുടെ ഹൃദയത്തിലേക്ക് കഥയും കഥാപാത്രങ്ങളും ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നെത്തുകയായിരുന്നു.


സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ എഴുതാപ്പുറങ്ങളായിരുന്നു ആ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം. 1988 ല്‍ മമ്മൂട്ടിയെ തന്നെ നായകനാക്കിയ വിചാരണയാണ് ലോഹി തിരക്കഥയ്ക്ക് സിബിയുടെ കയ്യൊപ്പ് ലഭിച്ച മൂന്നാമത്തെ ചിത്രം. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയശേഷി അളന്ന കിരീടം അവരുടെ മാസ്റ്റര്‍പീസായി. അച്ഛന്‍-മകന്‍ ബന്ധത്തിന്റെ തീവ്രതയും നിസ്സഹായത സാധുവായ മനുഷ്യനെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് കിരീടത്തിലൂടെ നാം കണ്ടു. ദശരഥം അതിന്റെ പ്രമേയം കൊണ്ട് തികച്ചും വ്യത്യസ്തമായിരുന്നു. വാടകയ്ക്ക് ഒരു ഗര്‍ഭപാത്രം എന്ന സങ്കല്‍പം തന്റെ എഴുത്തിന് ലോഹി വിഷയമാക്കിയപ്പോള്‍ മലയാളി ആ വിഷയം കേട്ട് ഒരു പക്ഷേ അമ്പരന്നിരിക്കാം. മമ്മൂട്ടിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മുദ്ര കുടുംബബന്ധങ്ങളുടെ താളപ്പിഴകളാണ് ചര്‍ച്ചചെയ്തത്. പണത്തിന് വേണ്ടിയുള്ള ആര്‍ത്തിയും അതിന്റെ പരിണതികളും ചര്‍ച്ചചെയ്ത ധനം ചാര്‍മ്മിളയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രവും കൂടിയാണ്. സംഗീതപ്രധാനമായ മൂന്ന് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്ന് പിന്നീടു വന്നത്. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം. ഇതില്‍ ഭരതത്തിലൂടെ മോഹന്‍ലാലിന് ആദ്യമായി ദേശീയ അവാര്‍ഡും ലഭിച്ചു. ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ഒരു വാടകക്കൊലയാളിയുടെ മനസ്സിന്റെ പരിവര്‍ത്തനമാണ് ലോഹിയും സിബിയും പറഞ്ഞതെങ്കില്‍ ഭരതത്തില്‍ ജ്യേഷ്ഠന്റെ മരണവാര്‍ത്ത മറ്റുള്ളവരെ അറിയിക്കാതെ ഉള്ളിലൊതുക്കേണ്ടി വരുന്ന മനുഷ്യന്റെ വേദനതിങ്ങുന്ന മനസ്സാണ് പ്രേക്ഷകനിലേക്ക് പകര്‍ത്തിയത്. സംഗീതസാന്ദ്രമായ ചിത്രമായിരുന്നു കമലദളം.

കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലായിരുന്നു മോഹന്‍ലാലുമൊത്തുള്ള ഈ കൂട്ടുകെട്ടിന്റെ അവസാന ചിത്രം. 94 ലില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടിയോടൊപ്പം സാഗരം സാക്ഷി ഒരുക്കി ഇവര്‍ . ഭൂതക്കണ്ണാടിയിലൂടെ ലോഹിതദാസ് സ്വതന്ത്ര സംവിധായകനായി മാറുകയും അതോടെ മികച്ച തിരക്കഥകളുടെ പിന്‍ബലമില്ലാതെ പോയ സിബിമലയില്‍ എന്ന സംവിധായകനുണ്ടായ ശൂന്യതയും ചരിത്രമാണ്. കന്മദം, അരയന്നങ്ങളുടെ വീട്, കസ്തൂരിമാന്‍ എന്നീ ചിത്രങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നെങ്കിലും പഴയമാറ്റ് പല ചിത്രങ്ങള്‍ക്കുമുണ്ടായിരുന്നില്ല. ചില ചിത്രങ്ങള്‍ കാലിടറി വീണപ്പോള്‍ ലോഹിയെന്ന നല്ല സിനിമയുടെ സൃഷ്ടാവ് നിസ്സഹായനായി.

ആരോപണങ്ങളുടെ പെരുമഴയും അദ്ദേഹത്തിന് നേര്‍ക്ക് കൂരമ്പുകളായെത്തി. കുറച്ചു കാലം സ്വയം സൃഷ്ടിച്ച മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചു. നിവേദ്യത്തോടെയാണ് ഒറ്റപ്പെടലിന്റെ ലോകത്ത് നിന്ന് അദ്ദേഹം തിരിച്ചുവന്നത്. കസ്തൂരിമാന്‍ തമിഴില്‍ സ്വന്തമായി നിര്‍മ്മിച്ചത് സാമ്പത്തികമായും ലോഹിതദാസിന് ഏറെ തിരിച്ചടികളാണ് നല്‍കിയത്. മോഹിച്ചുണ്ടാക്കിയ വീട് നഷ്ടമായി. അങ്ങനെ നഷ്ടങ്ങളുടെ തിരകള്‍ക്കൊടുവില്‍ സിബിയുമായി ചേര്‍ന്ന് ശക്തമായ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിനിടയിലാണ് നിനച്ചിരിക്കാതെ ഈ വേര്‍പാട്. ഭീഷ്മര്‍ എന്ന ചിത്രത്തിലൂടെ സിബി-ലോഹി-ലാല്‍ കൂട്ടുകെട്ടിന്റെ തിരിച്ചുവരവിനായി മോഹിച്ച പ്രേക്ഷകര്‍ക്കും കടുത്ത വേദനപകര്‍ന്നുകൊണ്ടാണ് തൂലികയ്ക്ക് സ്‌നേഹത്തിന്റെ ഭാഷ ചമച്ച ലോഹിയെന്ന ശുദ്ധസിനിമയുടെ അമരക്കാരന്‍ യാത്രയാകുന്നത്.







ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss