Mathrubhumi Logo

തിരക്കഥയില്‍ ഇല്ലാത്തത്‌

Posted on: 28 Jun 2009

നീണ്ട മൗനത്തിന്റെ വല്മീകത്തില്‍ നിന്നും പുറത്തുവരികയാണ് സൂപ്പര്‍ഹിറ്റ് സിനിമകളുടെ ശില്പിയായ ലോഹിതദാസ്. ജീവിതത്തിന്റെ ഉയര്‍ച്ചകളും താഴ്ചകളും അഭ്രപാളികളില്‍ പകര്‍ത്തിയ ഈ കലാകാരന്റെ സ്വന്തം ജീവിതത്തിലും കറുത്തഹാസ്യത്തിന്റെ ദുരനുഭവങ്ങള്‍ പകര്‍ന്നാടിക്കഴിഞ്ഞു. ഇഷ്ടപ്പെട്ട മരച്ചില്ല തേടിപ്പിടിച്ച്, ഓരോ ചുള്ളിക്കമ്പും നാരും ശേഖരിച്ച് ഒരുക്കിയ അരയന്നങ്ങളുടെ വീട്' കൈവിട്ടുപോയിട്ടും പഴയ നല്ലകാലത്തിന്റെ 'തനിയാവര്‍ത്തനം' ഉണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുകയാണ് ഇദ്ദേഹം

''എന്റെ സ്റ്റോക്ക് തീര്‍ന്നതാണോ സിനിമയില്ലാത്തതിനുകാരണമെന്നു ചോദിക്കുന്നവരുണ്ടാവാം. എന്നാല്‍ ചുരുങ്ങിയത് ഇരുപത്തിയഞ്ചു ചിത്രങ്ങള്‍ക്കുള്ള കഥകള്‍ ഇപ്പോള്‍ എന്റെ മനസ്സിലുണ്ട്. ഓരോ കഥയും ഓരോ കല്ലാണ്. കൊത്തിയെടുക്കണമെന്ന് മാത്രമേയുള്ളൂ. കഥ അവസാനിക്കുന്നില്ല. അവ കണ്ടെത്താനുള്ള കണ്ണ് നിലനിര്‍ത്തണമേ എന്നുമാത്രമാണ് എന്റെ പ്രാര്‍ഥന. ഇരുപത്തൊന്നു വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. എനിക്കറിയാം ഇന്നും ഞാന്‍ 'മോസ്റ്റ് വാണ്ടഡ് റൈറ്റര്‍' ആണെന്ന്''.

ഒരു നീണ്ട മൗനത്തിന്റെ വല്മീകത്തില്‍ നിന്നും സ്വയം പുറത്തുവരാന്‍ വെമ്പുന്ന ലോഹിതദാസ് എന്ന, മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന്റെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളാണിത്.

വേട്ടനായ്ക്കളില്‍ നിന്ന് മകളെ സ്വന്തം നെഞ്ചിന്‍ കൂടിനുള്ളിലേക്ക് ഒളിപ്പിക്കാന്‍ തിടുക്കപ്പെട്ട, ഇരുട്ടിനെ ഭയന്ന വിദ്യാധരന്‍, ഓരോ അച്ഛന്റെയും പരിഭ്രാന്തിയാണ്. വിധിയുടെമുന്നില്‍ ജീവിതം കൈവിട്ടുപോവുന്ന, ഒരുറുമ്പിനെപ്പോലും നോവിക്കാനാവാതിരുന്ന സേതു, മലയാളിക്ക് ഒരു കണ്ണീര്‍പ്പൂവിന്റെ നൊമ്പരമാണ്. ജീവിത ദുരന്തങ്ങളുടെ പിന്‍ബലത്തില്‍ കറുത്ത ഹാസ്യം പേറി ചിരിപ്പിക്കാന്‍ പാടുപെടുന്ന ജോക്കറുടെ മനസ്സ് നാമറിഞ്ഞത് അഭ്രപാളിയിലൂടെയാണ്. മലയാളി ഇവരെ ഹൃദയത്തോടു ചേര്‍ത്താണ് സ്‌നേഹിച്ചത്. അവര്‍ക്കൊപ്പം കരഞ്ഞാണ് സ്വയം വിമലീകരിക്കപ്പെട്ടത്.

'തനിയാവര്‍ത്തനം' എന്ന ചിത്രത്തിന് തിരക്കഥയെഴുതി നാടകവേദിയില്‍ നിന്നും ചലച്ചിത്രരംഗത്തെത്തിയ ലോഹിതദാസ് ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളും അവസ്ഥാന്തരങ്ങളും ഏറെ അഭ്രപാളിയിലേക്ക് പകര്‍ത്തിയിട്ടുണ്ട്. കഷ്ടകാലം വരുമ്പോള്‍ സ്വന്തം ജീവിതത്തിലും കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അത്തരം രംഗങ്ങള്‍ കയറിവന്നു വെന്ന് അദ്ദേഹം സമാധാനിക്കുന്നു.
ഇഷ്ടപ്പെട്ട മരച്ചില്ല തേടിപ്പിടിച്ച് ഓരോ ചുള്ളിക്കമ്പും നാരും ശേഖരിച്ച് ഒരുക്കിയ കൂട്. സ്വന്തം 'അരയന്നങ്ങളുടെ വീട്' കൈവിട്ടുപോയതിന്റെ നൊമ്പരത്തിലാണ് ലോഹിതദാസ് എന്ന ജനപ്രിയ ചലച്ചിത്രകാരന്‍ ഇപ്പോള്‍. ഇടവപ്പാതിയില്‍ ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കുതാഴെ അമ്മയുടെ വയറ്റില്‍ മുഖമമര്‍ത്തി കിടന്നപ്പോഴല്ല, സൗഭാഗ്യങ്ങളുടെ ശുഭകാലത്താണ് പുഴയോരത്തെ സ്വപ്നക്കൂട് അദ്ദേഹം പണിതുയര്‍ത്തിയത്. ഒരു മഴവെള്ളപ്പാച്ചിലായെത്തിയ ദൗര്‍ഭാഗ്യത്തില്‍ അത് കൈവിട്ടുപോയി. എങ്കിലും തന്റെ നേട്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും പിന്നില്‍ സിനിമ തന്നെയെന്ന് പറയും ലോഹിതദാസ്.

'മോഹിച്ചുക്കിയ കൂട്' നഷ്ടപ്പെടുന്ന വേദനയുണ്ട്. എങ്കിലും അതെന്നെ തളര്‍ത്തിയിട്ടൊന്നുമില്ല. ഞാന്‍ വന്നത് ഒന്നുമില്ലായ്മയില്‍ നിന്നാണ്. ഉണ്ടായതെല്ലാം സൗഭാഗ്യങ്ങളാണ്. പിന്നെ, ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ ഒരു തിരിച്ചടിയുണ്ടാവും. കാലത്തിന്റെ സ്വഭാവമാണത്. അപ്പോള്‍ ഞാന്‍ ഒന്നേ ആലോചിച്ചുള്ളൂ.എന്റെ മനസ്സ് നഷ്ടമാവരുത് തകര്‍ച്ചകളില്‍ ഭാര്യ സിന്ധുവിന്റെ പിന്തുണയുണ്ടായി. എന്നെക്കാള്‍ ധൈര്യത്തോടെ അവള്‍ കൂടെ നിന്നു.

ഞാനങ്ങനെയൊരു മദ്യപാനിയല്ല. ചീട്ടുകളിച്ചോ അനാവശ്യമായി പണം ധൂര്‍ത്തടിച്ചോ നശിപ്പിച്ച ആളല്ല. ഞാന്‍ ചെയ്ത തെറ്റ് ഒരു സിനിമ നിര്‍മിച്ചു എന്നതാണ്. 'കസ്തൂരിമാനി'ന്റെ റീമേക്കിന് തമിഴ്‌നാട് സര്‍ക്കാറിന്റെ അവാര്‍ഡടക്കം കിട്ടി. എല്ലാ ഭാഗത്തുനിന്നും നല്ല അഭിപ്രായവും വന്നു. പക്ഷേ, റിലീസ് ചെയ്ത് മൂന്നാം നാള്‍ മുതല്‍ ഭയങ്കര മഴയും ചുഴലിക്കാറ്റും. ചെന്നൈ നഗരമാകെ വിറങ്ങലിച്ചു നിന്നു. തിയറ്ററില്‍ വെള്ളം കയറി. ഇരുപത്തിയേഴു ദിവസം ഷോ നടന്നില്ല. അതിനിടെ എന്റെ സിനിമയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. അതോടെ എല്ലാ സമ്പാദ്യവും തീര്‍ന്നിരുന്നു. കുറെ കടം വന്നു. മഴ മാറിയപ്പോള്‍ വീണ്ടും റിലീസ് ചെയ്യാനുള്ള പണം മുടക്കാനുമായില്ല. ഞങ്ങള്‍ സ്വപ്നം കണ്ടു പണിതുയര്‍ത്തിയ വീട് വില്‍ക്കേണ്ടിവന്നു..! ഇപ്പോള്‍ ഭാര്യ പറയും, അടുത്ത പടവും നമ്മള്‍ നിര്‍മിക്കും. കാല്‍ക്കോടിരൂപ എന്റെ കൈയിലുള്ളതായി ഞാന്‍ സ്വപ്നം കണ്ടുവെന്ന്.

സ്വര്‍ണം പൂശിയ പതക്കങ്ങള്‍


''ദാരിദ്ര്യം വരുമ്പോഴാണ് അംഗീകാരമായി കിട്ടിയ സ്വര്‍ണപ്പതക്കങ്ങള്‍ പണയം വെക്കാനൊരുങ്ങിയത്. സ്വര്‍ണ വില കൂടിയപ്പോള്‍ വാങ്ങി കൂടുതല്‍ കാശിന് മാറ്റിവെക്കാമെന്നു കരുതി. നിറം കുറവുണ്ടായിരുന്നു. പോളിഷ് ചെയ്യാന്‍ തട്ടാന്റെ അടുത്തു കൊണ്ടുപോയപ്പോഴാണ്, സ്വര്‍ണ മെഡല്‍ പലതും സ്വര്‍ണമല്ലെന്നറിയുന്നത്! പ്രാദേശിക തലത്തില്‍ കിട്ടിയ അവാര്‍ഡായിരുന്നു അത്. സ്വര്‍ണകമലത്തില്‍ സ്വര്‍ണമേയില്ലെന്ന് നമുക്കറിയാം. എന്നാല്‍ സ്വര്‍ണമാണെന്ന് പറഞ്ഞു തന്ന പലതും അങ്ങനെയായിരുന്നില്ലെന്നതാണ് വാസ്തവം.'' ലോഹിതദാസ് നിസ്സംഗതയോടെ തന്നെ ഈ ചതിക്കഥയും പറഞ്ഞു നിര്‍ത്തുന്നു.

സിനിമ തന്നെ ജീവിതം


''ഇത്രയും കാലത്തിനിടയ്ക്ക് ജീവിച്ചോ എന്ന് ചോദിച്ചാല്‍ ജീവിച്ചില്ലല്ലോ എന്ന് തോന്നുന്ന പോലെ... സിനിമയില്ലാതെ എനിക്കൊരു ജീവിതമുണ്ടായിട്ടില്ല. ഇരുപത്തിനാല് മണിക്കൂറും സിനിമയില്‍ത്തന്നെയാണ്. കുട്ടികള്‍ വളരുന്നതോ ഭാര്യയുണ്ടെന്നതോ അറിയാതെ പ്രവര്‍ത്തിച്ച വര്‍ഷങ്ങളാണ് എല്ലാം. ജീവിതത്തില്‍ പല കാര്യങ്ങളും നഷ്ടമായിട്ടുണ്ട്. അങ്ങനെ ധൃതിപിടിച്ച് സിനിമ ചെയ്യേണ്ട കാര്യമില്ലെന്ന് ഇപ്പോള്‍തോന്നുന്നു. ഇനിയെനിക്ക് കുറച്ചു ജീവിതം വേണം. ഭാര്യയോടും കൂട്ടികളോടുമൊത്തുള്ള ജീവിതം''-കഥാകാരന്‍ നെടുവീര്‍പ്പിട്ടു പറയുന്നു.

എങ്കിലും, 'ജോണി സാഗരിക'യ്ക്കു വേണ്ടിയുള്ള ഒരു ചിത്രത്തിന്റെ പണിപ്പുരയിലാണ് ലോഹിതദാസ് ഇപ്പോള്‍. ഒപ്പം തമിഴില്‍ രണ്ട് പദ്ധതികളുമുണ്ട്.

പ്രേക്ഷകന്റെ കാലപ്പകര്‍ച്ച


രണ്ടു പതിറ്റാണ്ടിലേറെയായി സിനിമാരംഗത്തുള്ള ലോഹിതദാസ് പ്രേക്ഷകരില്‍ വന്ന കാലപ്പകര്‍ച്ച വേദനയോടെയാണ് നോക്കിക്കാണുന്നത്.

''ഇപ്പോള്‍ സിനിമ ചെയ്യാന്‍ പണ്ടത്തെപ്പോലെ സുഗമമായ അന്തരീക്ഷമല്ല. ഒരുപാട് പ്രതിസന്ധികളുണ്ട്. മലയാളിയെ മയക്കിയെടുക്കാന്‍ വലിയ പ്രയാസമായിട്ടുണ്ട്.

നമ്മുടെ ആസ്വാദകര്‍ക്ക് ഒരു പെരുമാറ്റച്ചട്ടമില്ലാതായിരിക്കുന്നു. സിനിമ ഇഷ്ടമായില്ലെങ്കില്‍ ഇറങ്ങിപ്പോവാം. സിനിമകണ്ടു രസിക്കുന്നവരെ എന്തിനാണ് അവര്‍ ശല്യപ്പെടുത്തുന്നത്? തിയറ്ററുകള്‍ മദ്യപിച്ച് സമയം ചെലവഴിക്കാനുള്ള സ്ഥലമായിരിക്കുകയാണിപ്പോള്‍. തിയേറ്റര്‍, സമൂഹത്തിന്റെ മനോരോഗാസ്​പത്രിയാണ്. അവന്റെ എല്ലാ മാനസിക പ്രശ്‌നങ്ങളും മാലിന്യങ്ങളും അറിയാതെ കഴുകി വെളുപ്പിക്കാനുള്ള സ്ഥലമാണ്.

തിയേറ്ററുകളിലെ പ്രേക്ഷകരുടെ സ്വഭാവമാറ്റത്തിന് താരാരാധനയും ഫാന്‍സ് മത്സരങ്ങളും കാരണമായിട്ടുണ്ടെന്ന് ലോഹിതദാസ് പറയുന്നു. ''മലയാളിയെപ്പോലെ ഇത്രമാത്രം താരാരാധനയുള്ളസമൂഹം വേറെയില്ല. താരസംഘങ്ങള്‍ പരസ്​പരം യുദ്ധം ചെയ്യുന്നു. ഒരാളുടെ ചിത്രത്തെ മറ്റൊരാള്‍ ആക്രമിക്കുന്നു. കൂവി തോല്പിക്കുന്നു. ഒരാളുടെ പരാജയം മറ്റുള്ളവര്‍ ആഘോഷിക്കുന്നു.

തമിഴിലും ആരാധകരുണ്ട്. കമലഹാസന്റെ ചിത്രം വരുമ്പോള്‍ ആരാധകര്‍ ആഘോഷിക്കും. പക്ഷേ, രജനി ചിത്രം വരുമ്പോള്‍ അവര്‍ കൂവില്ല. അതാണ് വ്യത്യാസം. അവര്‍ അതും പോയിക്കാണും. ഇവിടെ അച്ചന്‍കുഞ്ഞ് എന്ന നാടകനടന്‍ നായകനായ ചിത്രം നൂറു ദിവസം തികച്ചിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരൊക്കെയില്ലെങ്കില്‍ ആളുകള്‍ തിയേറ്ററിലേക്കില്ല. മമ്മൂട്ടി സ്‌കൂളില്‍ പോവുന്ന കുട്ടിയായി അഭിനയിച്ചാലും ജനം കാണാന്‍ തയ്യാറാണ്.

നമ്മുടെ താരങ്ങള്‍ക്ക് പലപ്പോഴും വളരെ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. എന്നെപ്പോലുള്ളവര്‍ നേരിടുന്ന പ്രതിസന്ധിയാണത്. പണ്ട് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് നല്ല കഥകള്‍ ചെയ്യാമായിരുന്നു. അതിനുള്ള രൂപവും പ്രായവുമായിരുന്നു അവര്‍ക്ക്. 'കിരീട'ത്തിലെ സേതുമാധവനെ അവതരിപ്പിക്കാന്‍ ഇപ്പോള്‍ നമുക്ക് ഒരു നടനെ കണ്ടെത്താനാവില്ല. പുതിയ ഒരാളെ കാണികള്‍ സ്വീകരിക്കുകയുമില്ല. മാത്രവുമല്ല, പുതിയയാളെ പരിചയപ്പെടുത്താനുള്ള ഒരു പരസ്യസംവിധാനവും ഇവിടെ സമ്മതിക്കില്ല. ഒരുപാട് നിബന്ധനകളും മറ്റുമാണ് ചലച്ചിത്രകാരനെ തടവിലിടുന്നത്.''

മലയാളത്തില്‍ ഇപ്പോള്‍ ഓടുന്ന സിനിമകളൊക്കെ നല്ല സിനിമയെന്ന് അഭിപ്രായമില്ല. മിമിക്രിയുടെ പാറ്റേണ്‍ സിനിമയിലേക്കു പ്രയോഗിക്കുന്ന തലമുറ വന്നതാണ് മലയാള സിനിമയ്ക്കു പറ്റിയ പ്രധാന അപചയം. സിനിമ വെറും ചിരിക്കുള്ള വകയായി. വില കുറഞ്ഞ തമാശകള്‍. തലയില്‍ പൊടി വീണ് മലയാള സിനിമ ചിരിക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ചു വര്‍ഷമായി.

അതേസമയം ചിലര്‍ പറയും, ഇതെന്റെ 'പേഴ്‌സണല്‍ സിനിമ'യാണെന്ന്. അത് വിവരദോഷമാണ്. സിനിമയുണ്ടാക്കി പെട്ടിയില്‍ വെച്ച് വിദേശത്തു കൊണ്ടുപോയി വിറ്റാല്‍ മാത്രം പോരല്ലോ. സമൂഹത്തിന് അത് ആവശ്യമില്ലെങ്കില്‍ പിന്നെന്തിനാണ് സിനിമ?'' അദ്ദേഹം ചോദിക്കുന്നു. ഒരു വികാരവും ഉണര്‍ത്താത്ത, പച്ചവെള്ളം പോലെ തണുത്തിരിക്കുന്ന വിരസമായ സിനിമയാണ് നല്ലതെന്നും ലോഹിതദാസിന് അഭിപ്രായമില്ല.

മീര നല്ല സുഹൃത്ത്


തനിക്കുനേരെ ഉയര്‍ന്ന വിവാദപ്പെരുമഴകളെക്കുറിച്ച് വിശദീകരിക്കാനുണ്ട് ലോഹിതദാസിന്. ''ഞാനും മീരാജാസ്മിനും ഒന്നിച്ചാണ് ഏറ്റവും കുറച്ച് ചിത്രങ്ങള്‍ ചെയ്തത്. എന്നാല്‍ ആളുകളുടെ ഒരു ഭാവം എന്റെ ചിത്രത്തില്‍ മാത്രമേ മീര അഭിനയിച്ചിട്ടുള്ളൂ എന്നാണ്. എന്നേക്കാള്‍ കൂടുതല്‍ സത്യന്‍ അന്തിക്കാട്, കമല്‍ ചിത്രങ്ങളിലാണ് മീര അഭിനയിച്ചത്. പിന്നെ പ്രേക്ഷകരല്ല, സിനിമാക്കാര്‍ തന്നെയാണ് എന്നെയും മീരയെയുംകുറിച്ചു ഗോസിപ്പുകള്‍ പറഞ്ഞു പരത്തുന്നത്.

മീരയ്ക്ക് മുമ്പ് പതിനാലുവര്‍ഷം ഞാനിവിടെയുണ്ടായിരുന്നു. എന്റെ സ്വഭാവം മീര അഭിനയിക്കുമ്പോള്‍ മാത്രമായി മാറേണ്ടതല്ലല്ലോ. ഞാനും മീരയും തമ്മില്‍ നല്ലൊരു ബന്ധമുണ്ടെന്നത് സത്യമാണ്. അത് ചിലപ്പോള്‍ പുറമെ നിന്നുള്ള മനോരോഗികള്‍ കാണുമ്പോള്‍ 'അപകടം' എന്നു പറഞ്ഞേക്കാം. മറ്റുള്ളവരെക്കുറിച്ച് ദോഷം പറയുന്നതിലും രസമുണ്ട്. 'ഗോസിപ്പ്' ചിലരുടെ ജീവിതമാര്‍ഗവുമാണ്. ഞാന്‍ സിനിമയുണ്ടാക്കി ജീവിക്കുന്നതുപോലെ ചിലര്‍ മറ്റുള്ളവരെക്കുറിച്ച് ഗോസിപ്പെഴുതി ജീവിക്കുന്നു. അത് അവരുടെ വയറ്റുപ്പിഴപ്പിന്റെ കാര്യമാണ്. എന്നാല്‍ എനിക്കെല്ലാവരോടും സ്നേഹമാണ്. ഞാനത് പ്രകടിപ്പിക്കാറുമുണ്ട്. അതാരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. ഏതുഗോസിപ്പിനിടയ്ക്കും എന്റെ ഭാര്യയും കുട്ടികളും എന്നെ സമ്പൂര്‍ണമായി വിശ്വസിക്കുന്നു, അതില്‍പ്പരം എനിക്കെന്തുവേണം?
മീരയുമായി ഇപ്പോള്‍ അടുപ്പമില്ല. അത് അവളുടെ ജീവിതവുമായി ബന്ധപ്പെട്ടകാര്യമാണ്. 'ചെമ്പട്ടില്‍' ഇനി മീരയാവണം നായികയെന്നില്ല. എങ്കിലും ഇനിയും എന്റെ മറ്റുചിത്രങ്ങളില്‍ മീര അഭിനയിക്കും. അതിലാര്‍ക്കും സംശയം വേണ്ട.''

വിജയഫോര്‍മുല വീണ്ടും


മലയാളത്തില്‍ വന്‍ വിജയം നേടിയ സിനിമകള്‍ എന്നതിനൊപ്പം കലാപരമായും ഏറെ മികച്ചതെന്ന് തെളിയിച്ച ലോഹിതദാസ്-സിബിമലയില്‍ വിജയജോഡികള്‍ വീണ്ടും ഒന്നിക്കുമോയെന്ന് മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവര്‍ക്ക് ആശ്വാസം പകരുന്ന വര്‍ത്തമാനമാണ് ലോഹിതദാസിന് ഇനി പറയാനുള്ളത്.

''അടുത്ത വര്‍ഷം ഞാനും സിബിയും ഒന്നിച്ച് സിനിമ ചെയ്യുന്നുണ്ട്. പഴയതുപോലെ ഞാന്‍ തിരക്കഥയെഴുതും സിബി സംവിധാനം ചെയ്യും. ഞങ്ങള്‍ പിണങ്ങിയോ 'ഈഗോക്ലാഷി'ന്റെ ഭാഗമായോ പിരിഞ്ഞതല്ല. ഇപ്പോഴും സിബി സ്വന്തമായി ചിത്രങ്ങള്‍ സംവിധാനംചെയ്യുമ്പോള്‍ ഞാനും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യാറുണ്ട്. ഞാന്‍ സംവിധായകനായപ്പോള്‍ സിബിക്കുവേണ്ടി എഴുതാന്‍ സമയം കിട്ടാതായതാണ്.

തിരക്കഥാകൃത്ത് സംവിധായകരാകരുത് എന്നത് മലയാളത്തില്‍ മാത്രമുള്ള തെറ്റായ ധാരണയാണ്. ലോകത്തെ മികച്ച സംവിധായകരെല്ലാം നല്ല എഴുത്തുകാരുമാണ്.

പലരും അംഗീകരിക്കാന്‍ മടിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ എനിക്ക് നല്ല ഉറപ്പുണ്ട്, ലോഹിതദാസ് വിലയിരുത്തപ്പെടാന്‍ പോവുന്നത് ലോഹിതദാസിന്റെ മരണശേഷമാണ്. അത് നമ്മള്‍ മലയാളികളുടെ ഒരു പ്രത്യേകതയാണ്. മരിച്ചാലേ നന്നാവുകയുള്ളൂ. പത്മരാജന്‍ ജീവിച്ചിരുന്നപ്പോള്‍ ഇത്ര ആരാധനയും പ്രശംസയും കിട്ടിയിരുന്നില്ല. മരിച്ചുകഴിയുമ്പോഴാണ് 'ഗന്ധര്‍വനായി' ഏറെ ആഘോഷിക്കപ്പെട്ടത്.''
''എന്റെ മനസ്സില്‍ ആരോടും പരിഭവമില്ല, ശത്രുതയില്ല. ഒരു തരത്തിലുമുള്ള കുറ്റബോധവുമില്ല. എന്റെ മനഃസാക്ഷി എനിക്ക് നേരേ വിരല്‍ ചൂണ്ടിയ സന്ദര്‍ഭങ്ങളുണ്ടാവാം. ഞാനതില്‍ അപ്പോള്‍തന്നെ പശ്ചാത്തപിക്കുകയും മാപ്പിരക്കുകയും ചെയ്തിട്ടുണ്ട്.''

കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ ആത്മവിശകലനമെന്നോണം അദ്ദേഹം പറഞ്ഞുനിര്‍ത്തുന്നു.

ഒ. രാധിക



(2008 സപ്തംബര്‍ 21ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss