
സച്ചിന്‍ @ 21
ആര്‍.ഗിരീഷ്‌കുമാര്‍ Posted on: 13 Nov 2009

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് മാത്യു ഹെയ്ഡന്‍ എന്ന ഉത്തരമാകും ഏറ്റവും കൂടുതല്‍ യോജിക്കുക. വിലയിരുത്തലുകളില്‍ ഇതിഹാസങ്ങളുടെയും ചരിത്ര നായകന്മാരുടെയും പട്ടികയിലൊന്നും ഇടം കിട്ടാതിരുന്ന ഈ ഓസ്‌ട്രേലിയക്കാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അന്തസ്സോടെ വിരമിക്കുകയും ചെയ്തു. എന്നാല്‍, തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്താണെന്ന് ചോദിച്ചാല്‍ ദൈവത്തെ നേരില്‍ക്കണ്ടുവെന്നാകും ഹെയ്ഡന്‍ ഉത്തരം പറയുക. അതിനോട് ഇതും കൂട്ടിച്ചേര്‍ത്തുപറയും-'' ഞാന്‍ ദൈവത്തെക്കണ്ടു. അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി നാലാം നമ്പരില്‍ ബാറ്റ് ചെയ്യുന്നു''
സച്ചിന്‍ ക്രീസിലിറങ്ങിയാല്‍, എല്ലാവരും അവരുടെ ടി.വി സെറ്റുകള്‍ ഓണ്‍ചെയ്യും. ഒപ്പം, എല്ലാവരും അവരുടെ ജീവിതങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യും-പ്രശംസാവചനങ്ങള്‍ക്ക് നന്നേ പിശുക്ക് കാട്ടുന്ന ബി.ബി.സിയ്ക്ക് സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാര്യത്തില്‍ മാത്രം അതില്ല. ഹെല്‍മറ്റിനും ചുരുണ്ട തലമുടിയ്ക്കും തലയോട്ടിയ്ക്കും താഴെ എന്തോ ഒന്നുണ്ട്, ശാസ്ത്രത്തിനും വിശദീകരിക്കാനാവാത്തത്. ബി.ബി.സി.യുടെ നിര്‍വചനം തുടരുന്നു.
ലോകത്ത് രണ്ടുതരം ബാറ്റ്‌സ്മാന്മാരുണ്ടെന്ന് പഴയ സിംബാബ്‌വെ ക്യാപ്റ്റന്‍ ആന്‍ഡി ഫ്ലാവര്‍ നിരീക്ഷിക്കുന്നു. ഒന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. മറ്റൊന്ന് കളിക്കളത്തിലുള്ള എല്ലാവരും. ക്രിക്കറ്റ് കളിക്കുന്നവരെല്ലാം ആഗ്രഹിക്കുന്നത് സച്ചിന്‍ തെണ്ടുല്‍ക്കറാകാനാണെന്ന് ആന്‍ഡ്രു സൈമണ്ട്‌സ് പറയുന്നു. സച്ചിന്‍ പ്രതിഭയും താന്‍ വെറുമൊരു മനുഷ്യനുമാണെന്ന് ബ്രയന്‍ ലാറസമ്മതിക്കുന്നു.
സച്ചിനെക്കുറിച്ചുള്ള നല്ല വാക്കുകള്‍ ഇനിയുമേറെയുണ്ട്. ഇത്രയും പുകഴ്ത്തലുകള്‍ക്ക് സച്ചിനെ പ്രാപ്തനാക്കുന്നത് അല്ലെങ്കില്‍ പ്രാപ്തനാക്കിയതെന്താണ്?. 16-ാം വയസ്സില്‍ പാകിസ്താനെതിരെ കറാച്ചിയില്‍ അരങ്ങേറിയതുമുതല്‍ ഇന്നോളമുള്ള 21 വര്‍ഷങ്ങളില്‍ ക്രീസില്‍ കാഴ്ചവെച്ച മികച്ച പ്രകടനങ്ങള്‍തന്നെ. ഒരുനിമിഷംകൊണ്ട് ഓര്‍ത്തെടുക്കാവുന്ന എത്രയെത്ര ഇന്നിങ്‌സുകള്‍ മനസ്സില്‍നിന്ന് മായാതെ നില്‍ക്കുന്നു. ബി.ബി.സി വിശദീകരിക്കുന്നതുപോലെ, ശാസ്ത്രത്തിന് വെളിപ്പെടാത്തതരം ഒരു മാന്ത്രികത അന്നുമിന്നും സച്ചിന്റെ ബാറ്റില്‍ നിലനില്‍ക്കുന്നു.
1990 ആഗസ്ത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡില്‍, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം. ഗ്രഹാം ഗൂച്ചിന്റെയും മൈക്കല്‍ ആതേര്‍ട്ടണിന്റെയും റോബിന്‍ സ്മിത്തിന്റെയും സെഞ്ച്വറി പ്രകടനങ്ങളില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 519 റണ്‍സെടുത്തു. ഇന്ത്യയും വിട്ടുകൊടുത്തില്ല. മുഹമ്മദ് അസ്ഹറുദീന്റെ സെഞ്ച്വറി ഇന്ത്യയെയും 432-ല്‍ എത്തിച്ചു. രണ്ടാമിന്നിങ്‌സില്‍ അലന്‍ ലാംബിന്റെ സെഞ്ച്വറി ഇംഗ്ലണ്ടിന് 407 റണ്‍സിന്റെ ലീഡ് സമ്മാനിച്ചു. ജയിക്കില്ലെങ്കിലും സമനില ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ പൊടുന്നനെ നിലയില്ലാക്കയത്തിലായി. 127 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അവശേഷിക്കുന്നത് ഒരേയൊരു അംഗീകൃത ബാറ്റ്‌സ്മാന്‍. 17 വയസ്സുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍. ആദ്യ ഇന്നിങ്‌സില്‍ 68 റണ്‍സ് നേടിയ സച്ചിന്‍ വിചാരിച്ചാലും ടീമിനെ രക്ഷിക്കാനായെന്ന് വലില്ല. ഡെവണ്‍ മാല്‍ക്കത്തെയും ആന്‍ഗസ് ഫ്രേസറിനെയും എഡ്ഡി ഹെമ്മിങ്‌സിനെയും പോലുളളവര്‍ എറിയാനുണ്ട്.
നാലുമണിക്കൂറോളം ക്രീസില്‍നിന്ന് തെണ്ടുല്‍ക്കര്‍ കളി തിരിച്ചു. 189 പന്തുകളില്‍നിന്ന് 17 ബൗണ്ടറികളടക്കം 119 റണ്‍സ്. മനോജ് പ്രഭാകറുമൊത്ത് 163 റണ്‍സിന്റെ കൂട്ടുകെട്ട്. മത്സരം സമനിലയിലായപ്പോള്‍, കളിയിലെ താരമാരെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. സച്ചിന്‍ തെണ്ടുല്‍ക്കര്‍. 17-ാം വയസ്സില്‍ പക്വതയുള്ള രണ്ടിന്നിങ്‌സുകളിലൂടെ ടീമിനെ രക്ഷിച്ച ബാറ്റിങ് മികവ് അംഗീകരിക്കപ്പെട്ടു. സച്ചിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു അത്. ഓര്‍മയയിലിന്നും നില്‍ക്കുന്നു ആ പ്രകടനം.
രണ്ടുവര്‍ഷം കൂടി കഴിഞ്ഞ് ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ സച്ചിന്‍ കുറെക്കൂടി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റാണ്. മൂന്ന് ടെസ്റ്റുകള്‍ ജയിച്ച് പരമ്പര നേടിക്കഴിഞ്ഞ ഓസീസിന് ഇന്ത്യയെ നാണംകെടുത്താന്‍ ഒരുവഴികൂടിയുണ്ട്. പേസ് ബൗളര്‍മാരുടെ മൈതാനമെന്ന പേരുകേട്ട വാക്കയില്‍ അവസാന ടെസ്റ്റ്. അവരുടെ പ്രതീക്ഷ തെറ്റിയില്ല. മൈക്ക് വിറ്റ്‌നിയും മെര്‍വ് ഹ്യൂസും ക്രെയ്ഗ് മക്‌ഡെര്‍മോട്ടും ചേര്‍ന്ന് ഇന്ത്യയുടെ നടുവൊടിച്ചു. 300 റണ്‍സിന് അവര്‍ ജയിക്കുകയും ചെയ്തു. പക്ഷേ, ആ ടെസ്റ്റിലും സച്ചിന്റെ പ്രതിഭ വേറിട്ടുനിന്നു.
ആദ്യ ഇന്നിങ്‌സില്‍, മൂന്നിന് 100 എന്ന നിലയില്‍ നില്‍ക്കെയാണ് സച്ചിന്‍ ക്രീസിലെത്തുന്നത്. എന്നാല്‍, പിന്നീട് 59 റണ്‍സിനിടെ അഞ്ചുവിക്കറ്റുകള്‍കൂടി വീണു. എട്ടിന് 159 എന്നതായി നില. എന്നാല്‍, 161 പന്തുകളില്‍നിന്ന് 114 റണ്‍സുമായി സച്ചിന്‍ തന്റെ റോള്‍ ഭംഗിയാക്കി. ക്രീസിലെത്തിയശേഷം പിറന്ന 140 റണ്‍സില്‍ 114-ഉം സച്ചിന്റെ സംഭാവനയായിരുന്നു. പ്രതിഭയുടെ വരവറിയിച്ച മറ്റൊരിന്നിങ്‌സായി അത് മാറി.
കരിയറിന്റെ തുടക്കത്തിലെ ഈ രണ്ട് ഇന്നിങ്‌സുകള്‍ മാത്രം മതി കളിക്കാരനെന്ന നിലയ്ക്ക് സച്ചിനെന്ന പ്രതിഭയുടെ ആഴമളക്കാന്‍. പെര്‍ത്തുപോലെ ബൗളര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചുകളിലും സധൈര്യം ബാറ്റ് വീശിയ സച്ചിന്‍, കൗമാരപ്രായത്തില്‍ത്തന്നെ തന്റെ മികവ് പ്രകടമാക്കിയിരുന്നു. ഇനിയുമെത്ര ഇന്നിങ്‌സുകള്‍. 1996-97ല്‍ കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയുടെ തീപാറുന്ന പേസ് ബൗളിങ്ങിനെ എതിരിട്ട് നേടിയ 169 റണ്‍സ്. ഷാര്‍ജയില്‍ തുടരെ രണ്ട് സെഞ്ച്വറികളുമായി ഓസ്‌ട്രേലിയയെ പൊറുതിമുട്ടിച്ച പ്രകടനങ്ങള്‍. ഏറ്റവുമൊടുവില്‍ ഹൈദരാബാദില്‍ ഓസ്‌ട്രേലിയക്കെതിരെ നടത്തിയ ഒറ്റയാള്‍പ്പോരാട്ടം വരെ അതു നീളുന്നു. 79-ാം മത്സരംവരെ ഏകദിനത്തില്‍ സെഞ്ച്വറി നേടാനാകാതെ കഷ്ടപ്പെട്ട ഒരാള്‍, പിന്നീട് 45 തവണ മൂന്നക്കം കടന്നുവെന്നോര്‍ക്കുക. 24 തവണയാണ് സച്ചിന്‍ 90-നും 99-നും ഇടയില്‍ വീണത്. ബാറ്റിങ്ങില്‍ സച്ചിന്റെ സ്ഥിരതയും ഏത് സാഹചര്യങ്ങളെയും മറികടക്കാനുമുള്ള മികവാണ് ടെസ്റ്റിലും ഏകദിനത്തിലുമായി നേടിയ 96 സെഞ്ച്വറികള്‍ വിളിച്ചുപറയുന്നത്. ബ്രാഡ്മാന്റെ സ്വപ്‌ന ടീമില്‍ ഇടം നേടിയ ഏക സമകാലിക ക്രിക്കറ്റര്‍ എന്നതാവാം ഒരുപക്ഷേ, കളിക്കാരനെന്ന നിലയ്ക്ക് സച്ചിന്‍ നേടിയ ഏറ്റവും വലിയ അംഗീകാരം. തന്റെ പ്രവര്‍ത്തന രംഗത്തെ ഏറ്റവും മഹാനായ മനുഷ്യനെന്ന ടൈം മാസികയുടെ വിലയിരുത്തലും സച്ചിന്‍ എന്ന മഹാപ്രതിഭയുടെ മികവിന്റെ അടയാളമായി ചേര്‍ത്തുവായിക്കാം.
ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും ക്രിക്കറ്റിന് കൈവന്ന ജനപ്രീതിയില്‍ ഗണ്യമായൊരു സംഭാവന സച്ചിന്റേതാണ്. ഇത്രമാത്രം ആരാധിക്കപ്പെട്ട മറ്റൊരു താരം കളിയുടെ ചരിത്രത്തിലില്ല. ക്രിക്കറ്റ് എന്റെ മതവും സച്ചിന്‍ അതിലെ ദൈവവുമാണെന്ന ചൊല്ല് അത് വിളിച്ചുപറയുന്നു. ഇന്ത്യയിലും ക്രിക്കറ്റിന് വേരോട്ടമുള്ള എല്ലായിടത്തും സച്ചിന്‍ ഒരുപോലെ ആരാധിക്കപ്പെടുന്നു. ഒരുപക്ഷേ, കളിയിലെ ഏക ആഗോളതാരവും സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാവാം.