Mathrubhumi Logo

അത്യുന്നതങ്ങളില്‍ സച്ചിന് സ്തുതി

കെ.വിശ്വനാഥ്‌ Posted on: 13 Nov 2009

ഏറെ കേട്ട് മുഷിഞ്ഞ ഒരു വാചകം വീണ്ടും പറയേണ്ടി വരുന്നു. ക്രിക്കറ്റ് മതമാണെങ്കില്‍, സച്ചിനാണ് ദൈവം. സച്ചിന്‍ തെണ്ടുല്‍ക്കറുടെ കരിയറിന്റെ മധ്യഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഇങ്ങനെയൊരു മുദ്രാവാക്യം കണ്ടെത്തിയത്. 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏഴാം ലോകകപ്പിലെ മല്‍സരത്തിനിടെ ഗ്യാലറിയില്‍ ഏതോ സച്ചിന്‍ ആരാധകന്‍ ഉയര്‍ത്തിയ ബാനറിലാണ് ഈ മുദ്രാവാക്യം ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്നാണ് അറിവ്. താരാരാധനയില്‍ അഭിരമിക്കാത്ത ക്രിക്കറ്റ്പ്രണയികള്‍ ആ മുദ്രാവാക്യം കേട്ട് മുഖം ചുളിച്ചു. പക്ഷെ കടുത്ത സച്ചിന്‍ ആരാധകര്‍ക്ക് (സോറി, ഇതെഴുതുന്ന ആളും അതില്‍ ഉള്‍പ്പെടുന്നു.) ഇതിനേക്കാള്‍ മധുരമുള്ള ഒരു വാചകം ക്രിക്കറ്റിലില്ല. പ്രതിഭ, ഇതിഹാസം, പ്രതിഭാസം, രക്ഷകന്‍ തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ ഉപയോഗിച്ച് മടുത്ത ശേഷമാണ് ദൈവത്തില്‍ എത്തിച്ചേര്‍ന്നത്. സത്യത്തില്‍ ക്രിക്കറ്റിലെ ദൈവം എന്ന് വിളിക്കപ്പെടാന്‍ സച്ചിന് അര്‍ഹതയില്ലേ ?


ശാരീരികവും മാനസികവുമായ ക്ഷമത അനിവാര്യമായ ക്രിക്കറ്റ് പോലൊരു ഗെയിമില്‍ അന്താരാഷ്ട്രതലത്തില്‍ തുടര്‍ച്ചയായി ഇരുപത് വര്‍ഷം കളിക്കുകയും 32,000 റണ്ണുകളും 96 സെഞ്ച്വറികളും (ടെസ്റ്റിലും ഏകദിനത്തിലും കൂടെ) നേടുകയും ചെയ്യുന്നത് ദൈവികമല്ലെങ്കില്‍ അമാനുഷികമാണ്. ക്രിക്കറ്റിലെ ഔന്നിത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സച്ചിനൊപ്പം എന്നും ഉയര്‍ത്തപ്പെടുന്ന പേര് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റേതാണ്. സച്ചിനോ ബ്രാഡ്മാനോ എന്നൊരു താരതമ്യമല്ല ഉദ്ദേശിച്ചത്. അങ്ങനെയൊരു താരതമ്യത്തില്‍ അര്‍ഥമില്ല. കാരണം ബ്രാഡ്മാനും സച്ചിനും കളിച്ച ക്രിക്കറ്റ് തികച്ചും വ്യത്യസ്തമായ ഗെയിം ആണ്. ബ്രാഡ്മാന്റെ കാലത്ത് നിന്ന് സച്ചിന്റെ കാലത്തേക്ക് എത്തുമ്പോഴേക്ക് ക്രിക്കറ്റ് അത്രയ്ക്ക് മാറിക്കഴിഞ്ഞിരുന്നു. ഒന്നു രണ്ടു കാര്യങ്ങള്‍ മാത്രം അതുമായി ബന്ധപ്പെട്ട് പറയാം. ബ്രാഡ്മാന്റെ അന്താരാഷ്ട്ര കരിയര്‍ 20 വര്‍ഷം നീണ്ടു നിന്നിരുന്നു. എന്നാല്‍ ദീര്‍ഘമായ ഇടവേളകള്‍ ഉണ്ടായിരുന്നു. കളിച്ചത് കേവലം 52 ടെസ്റ്റുകള്‍ മാത്രം. വേണ്ടത്രയോ അതിലധികമോ വിശ്രമം ബ്രാഡ്മാന് ലഭിച്ചിരുന്നു. ബ്രാഡ്മാന് ടെസ്റ്റുകളില്‍ മാത്രം കളിച്ചാല്‍ മതിയായിരുന്നു എന്നുകൂടി ഓര്‍ക്കണം. ടെസ്റ്റ് മാച്ചുകള്‍ക്ക് യോജിച്ച വിധത്തില്‍ തന്റെ ഗെയ്മിനെ ഫോക്കസ് ചെയ്തു നിര്‍ത്താം എന്ന സൗകര്യം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍, സച്ചിന്‍ നിരന്തരം ഏകദിന, ടെസ്റ്റ് മല്‍സരങ്ങള്‍ മാറി മാറി കളിക്കുന്നു. ഒരേസമയം രണ്ടു ക്യാരക്റ്ററുള്ള കളിക്കാരനായി മാറേണ്ട അവസ്ഥയല്ലേ ഇത്? ഒരു കാര്യം കൂടി. ബ്രാഡ്മാന്‍ കളിക്കുന്ന കാലത്ത് ക്രിക്കറ്റ് അത്രയ്ക്ക് പ്രൊഫഷണലായിട്ടില്ല. അതുകാരണം ചുരുങ്ങിയപക്ഷം അത്ര മികച്ചതല്ലാത്ത ഫീല്‍ഡിങ്ങിനെ നേരിട്ടാല്‍ മതിയെന്ന ആനുകൂല്യമെങ്കിലും ബ്രാഡ്മാനുണ്ടായിരുന്നു. സച്ചിന്‍ എതിരിട്ട ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളുടെ ഫീല്‍ഡിങ് നിലവാരം പരിഗണിക്കുമ്പോള്‍ എത്ര റണ്ണുകളാണ് സച്ചിന് കിട്ടാതെ പോയിരിക്കുന്നത്, എത്ര തവണയാണ് എതിര്‍ ഫീല്‍ഡര്‍മാരുടെ മികവു കൊണ്ടു മാത്രം സച്ചിന് വിക്കറ്റ് നഷ്ടമായത്? സച്ചിന്‍ ബ്രാഡ്മാനേക്കാള്‍ മികച്ചവനാണെന്ന് സമര്‍ഥിക്കുകയല്ല. മറിച്ച് സച്ചിനെ ക്രിക്കറ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ ഓര്‍മിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നു മാത്രം.

ഇനി സച്ചിനെതിരെ ഉയരുന്ന പ്രധാന ആരോപണത്തിലേക്ക് വരാം. സച്ചിന്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ച പല സമയത്തും ടീമിനെ വിജയിപ്പിക്കാനായിട്ടില്ല എന്നതാണ് അത്. 1999ല്‍ പാകിസ്താനെതിരെ ചെന്നൈ ടെസ്റ്റില്‍ പുറംവേദന അവഗണിച്ച് മണിക്കൂറുകളോളം ബാറ്റ് ചെയ്ത് 136 റണ്‍സെടുത്ത സച്ചിന്‍ ഇന്ത്യക്ക് ജയം കൈയെത്തും ദൂരത്ത് നില്‍ക്കെ പുറത്താവുകയും തുടര്‍ന്ന് ഇന്ത്യ നേരിയ മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്തത്മുതല്‍ 2009 ല്‍ ഓസ്‌ട്രേലിയക്കെതിരെ ഹൈദരാബാദില്‍ സച്ചിന്‍ 175 റണ്‍സെടുത്തിട്ടും ഇന്ത്യ തോറ്റ ഏകദിന മല്‍സരം വരെ ചൂണ്ടിക്കാണിച്ചാണ് ഇങ്ങനെയൊരു വാദം ഉന്നയിക്കുന്നത്. പക്ഷെ ഒരു കാര്യം ഇവിടെ സൗകര്യപൂര്‍വം വിസ്മരിക്കപ്പെടുന്നു. ഇങ്ങനെ സച്ചിന്‍ കളിച്ചിട്ടും ഇന്ത്യ തോറ്റ മല്‍സരങ്ങളില്‍ മിക്കതും തികച്ചും ദുഷ്‌കരമായ സാഹചര്യത്തില്‍ മിക്കവാറും സച്ചിന്‍ ഏകനായി പൊരുതിയവയായിരുന്നു. 99ലെ വിഖ്യാതമായ ചെന്നൈ ടെസ്റ്റില്‍ ബാറ്റിങ് തികച്ചും ദുഷ്‌കരമായിരുന്ന അവസാന ദിവസം വസീം അക്രവും വഖാര്‍ യൂനുസും സഖ്‌ലൈന്‍ മുഷതാഖുമുള്‍പ്പെട്ട ശക്തമായ പാക് ബൗളിങ്‌നിരയോട് ഒറ്റയ്ക്ക് പൊരുതിനില്‍ക്കുകയായിരുന്നു സച്ചിന്‍. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് കഴിഞ്ഞാലുള്ള രണ്ട് സ്‌കോറുകള്‍ നയന്‍ മോംഗിയയുടെ 52ഉം രാഹുല്‍ദ്രാവിഡിന്റെ പത്തും മാത്രമായിരുന്നു! ഹൈദരാബാദ് ഏകദിനത്തില്‍ സച്ചിന്റെ 175 കഴിഞ്ഞാലുള്ള രണ്ടക്ക സ്‌കോറുകള്‍ സുരേഷ് റൈനയുടെ 59ഉം സെവാഗിന്റെ 38ഉം രവീന്ദ്ര ജഡേജയുടെ 23ഉം മാത്രമായിരുന്നു. സച്ചിന്‍ പുറത്താവുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ 3 വിക്കറ്റുകള്‍ അവശേഷിക്കെ 17 പന്തില്‍ 19 റണ്‍സ് മതിയായിരുന്നു. ഇത് നേടാന്‍ നമ്മുടെ വാലറ്റക്കാര്‍ക്ക് കഴിയാത്തതില്‍ സച്ചിന്‍ എന്തു പിഴച്ചു? സച്ചിന്‍ ഒരു മാച്ച് വിന്നറല്ലെന്ന വാദത്തിന് കണക്കുകള്‍ തന്നെ മറുപടി നല്‍കും. 1932ല്‍ ടെസ്റ്റ് മാച്ചുകള്‍ കളിക്കാന്‍ തുടങ്ങിയ ഇന്ത്യ ഇതേവരെ നേടിയ 99 വിജയങ്ങളില്‍ 51 ലും 1989ല്‍ ഇന്ത്യന്‍ ടീമിലെത്തിയ സച്ചിന്‍ പങ്കാളിയാണ്. സച്ചിന്‍ ടീമിലെത്തിയതിന് ശേഷമാണ് ഇന്ത്യ ഗണ്യമായ രീതിയില്‍ ജയം നേടാന്‍ തുടങ്ങിയത് എന്നര്‍ഥം. ഇനി പറയൂ, സച്ചിനല്ലെങ്കില്‍ ആരാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ മാച്ച് വിന്നര്‍?

അവസാനമായി ഒരു ചോദ്യം കൂടി-ഒരു മികച്ച പ്രൊഫഷണലിന് വേണ്ട അടിസ്ഥാനഗുണങ്ങള്‍ എന്തൊക്കെയാവണം?

ചെയ്യുന്ന തൊഴിലിനോടുള്ള പ്രതിബദ്ധതയാണ് അതില്‍ പരമപ്രധാനം. തൊഴിലേതുമാവട്ടെ അതിന് വേണ്ടി സ്വയം അര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ മികച്ച ഒരു പ്രൊഫഷണലാവാനുള്ള ആദ്യപടി നിങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനാവുക, നിരന്തരം സ്വയമേവ പരിഷ്‌കരിക്കാന്‍ കഴിയുക.-ഇവകൂടി ഒരു യഥാര്‍ത്ഥ പ്രൊഫഷണലിന്റെ മുഖ്യലക്ഷണങ്ങളാണ്. ഏതാരു കായിക താരത്തിന്റേയും കരിയര്‍ അവസാനിപ്പിക്കാന്‍ പോന്ന ഒരു രോഗം അഥവാ ശാരീരികാവസ്ഥയാണ് ടെന്നീസ് എല്‍ബോ. ടെന്നീസ് എല്‍ബോ ഉള്‍പ്പെടെയുള്ള രോഗങ്ങളേയും നിരവധി പരിക്കുകളേയും വിജയകരമായി അതിജീവിച്ചു കൊണ്ടാണ് സച്ചിന്റെ കരിയര്‍ ഈ ഇരുപത്തൊന്നാം വര്‍ഷത്തിലും മുന്നോട്ടുപോകുന്നത്. ഒപ്പം തന്റെ ഗെയ്മിനെ കാലത്തിനും തന്റെ ശാരീരിക അവസ്ഥയ്ക്കും ടെസ്റ്റും ഏകദിനവും ത്രിദിന മാച്ചുകളും ഉള്‍പ്പെടയുള്ള മല്‍സരഘടനയ്ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് പരിഷ്‌കരിക്കാനും സച്ചിന് കഴിഞ്ഞിട്ടുണ്ട്. ഗോ, സച്ചിന്‍, ഗോ...





ganangal
Discuss Sachin_Video Sachin_PostMessage Sachin_Discussion