Mathrubhumi Logo

നാഴികക്കല്ലുകള്‍ Posted on: 13 Nov 2009

1988 മുംബൈയിലെ ആസാദ് മൈതാനത്ത് ലോര്‍ഡ് ഹാരീസ് ഷീല്‍ഡ് ഇന്‍റര്‍ സ്‌കൂള്‍ ടൂര്‍ണമെന്‍റില്‍ ശാരദാശ്രം വിദ്യാമന്ദിറും സെന്‍റ് സേവ്യേഴ്‌സുമായുള്ള മത്സരം. ക്രീസില്‍ വിനോദ് കാംബ്ലിയും സച്ചിന്‍ തെണ്ടുല്‍ക്കറും. 664 റണ്‍സിന്റെ ഹിമാലയന്‍ കൂട്ടുകെട്ടുയര്‍ത്തി കൂട്ടുകാര്‍ ക്രീസ് വിട്ടു. കാംബ്ലി 349 നോട്ടൗട്ട്. സച്ചിന്‍ പുറത്താവാതെ 326. സ്‌കൂള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഈ പ്രകടനം 2006വരെ നിന്നു ( ഫിബ്രവരി 23-25).

1989
കപില്‍ ദേവിന്റെ നൂറാം ടെസ്റ്റായിരുന്നു കറാച്ചിയിലേത്. നൂറ് ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ ബൗളര്‍. പക്ഷേ, ചരിത്രത്തില്‍ കപിലിന്റെ ഈ അപൂര്‍വ നേട്ടം പില്‍ക്കാലത്ത് മാഞ്ഞുപോയി. സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കറുടെ അരങ്ങേറ്റ ടെസ്‌റ്റെന്ന് അത് പിന്നീട് വാഴ്ത്തപ്പെട്ടു. (നവംബര്‍ 15-19)
*കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ആരവം മുഴക്കുന്ന ആരാധകര്‍ക്കിടയിലൂടെ മൈതാനത്തേയ്ക്ക് ഒരു കൊച്ചുപയ്യന്‍ നടന്നിറങ്ങി. ഫ്ര വീട്ടില്‍പ്പോയി പാലുകുടിച്ചിട്ടു വാടാ...യ്ത്ത ആരാധകര്‍ ആക്രോശിച്ചു. ലോകോത്തര സ്​പിന്നര്‍മാരായ മുഷ്താഖ് അഹമ്മദിന്റെയും അബ്ദുള്‍ ഖാദിറിന്റെയും പന്തുകളെ ബൗണ്ടറിയിലേക്ക് പായിച്ച് ആ കൊച്ചന്‍ മറുപടി നല്‍കി. (നവംബര്‍ 16. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്റെ ആദ്യ ഇന്നിങ്‌സ്.)
* കറാച്ചി ടെസ്റ്റ് വഖാര്‍ യൂനിസിന്റെയും അരങ്ങേറ്റമായിരുന്നു. സിയാല്‍ക്കോട്ടില്‍ നടന്ന പരമ്പരയിലെ നാലാം ടെസ്റ്റില്‍ വഖാറിന്റെ തീപാറുന്ന പന്തുകൊണ്ട് സച്ചിന്റെ മൂക്ക് പൊട്ടി. വൈദ്യസഹായം വേണ്ടെന്നുവെച്ച 16-കാരന്‍ കരിയറിലെ രണ്ടാം അര്‍ധസെഞ്ച്വറിയുമായി ബാറ്റുയര്‍ത്തി.(ഡിസംബര്‍ 14)
*പാകിസ്താനെതിരെ ഗുജ്രന്‍വാലയിലായിരുന്നു ഏകദിന അരങ്ങേറ്റം. നേരിട്ട രണ്ടാം പന്തില്‍ പൂജ്യനായി പുറത്ത്. (ഡിസംബര്‍ 18)

1990
ഓള്‍ഡ് ട്രാഫഡില്‍, ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് സെഞ്ച്വറി (119*)നേടുമ്പോള്‍, പ്രായം 17 വയസും 112 ദിവസവും. (ആഗസ്ത് 14)

1991
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ക്കുടമ (60). വിദേശ പിച്ചില്‍ ആദ്യ കേമന്‍ പുരസ്‌കാരം ലഭിച്ചത് ബൗളിങ് മികവിന്റെ പേരില്‍ (10-1-34-4). ഷാര്‍ജയില്‍ വിന്‍ഡീസിനെതിരെ (ഒക്ടോബര്‍ 22)

1992
ടെസ്റ്റില്‍ 42 സെഞ്ച്വറികള്‍. അതിലേറ്റവും പ്രിയപ്പെട്ടതേത്? പേസ് ബൗളര്‍മാരുടെ സ്വര്‍ഗമായ വാക്കയില്‍, എട്ടിന് 159 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കരകയറ്റിയ 114 റണ്‍സ്. (ഫിബ്രവരി 2-3)
* യോര്‍ക്ക്ഷയറിന്റെ ആദ്യ വിദേശതാരം. (ഏപ്രില്‍)

1993
നാട്ടില്‍ ആദ്യ സെഞ്ച്വറി ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ. 165 റണ്‍സില്‍ 24 ബൗണ്ടറികളും ഒരു സിക്‌സറും. ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം (നവംബര്‍ 11-12)

1994
ഹീറോ ഹോണ്ട കപ്പിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ അവസാന ഓവറില്‍ വേണ്ടത് ആറുറണ്‍സ്. ക്യാപ്റ്റന്‍ അസ്ഹറുദിന്‍ പന്തേല്‍പിക്കുമ്പോള്‍ കാണികള്‍ക്കും അമ്പരപ്പ്. മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ അതിഗംഭീര ഓവര്‍. ഒപ്പം ഇന്ത്യയ്ക്ക് കിരീടവും. (നവംബര്‍ 23)
*കരിയറില്‍ 45 ഏകദിന സെഞ്ച്വറികള്‍. ആദ്യ സെഞ്ച്വറിക്കായി കാത്തിരുന്നത് 79 മത്സരങ്ങള്‍. കൊളംബോയില്‍ നടന്ന വേള്‍ഡ് സീരീസ് ടൂര്‍ണമെന്‍റില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ആദ്യ ഏകദിന സെഞ്ച്വറി. 130 പന്തില്‍ 110 റണ്‍സ് (സപ്തംബര്‍ 9)
* അര്‍ജുന അവാര്‍ഡ്

1995
വിപണിയ്ക്കും പ്രിയങ്കരന്‍. വേള്‍ഡ് ടെല്ലുമായി 31.5 കോടി രൂപയുടെ അഞ്ചുവര്‍ഷത്തെ കരാര്‍. ലോക ക്രിക്കറ്റിലെ ഏറ്റവും ധനാഢ്യന്‍ (ഒക്ടോബര്‍)

1996
കിരീടം നേടിയത് ശ്രീലങ്കയാണെങ്കിലും 1996 ലോകകപ്പിന്റെ താരമായി മാറി. രണ്ട് സെഞ്ച്വറികളും മൂന്ന് അര്‍ധസെഞ്ച്വറികളുമടക്കം 87.16 ശരാശരിയില്‍ 523 റണ്‍സ്. (ഫിബ്രവരി-മാര്‍ച്ച്)
* 23-ാം വയസ്സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ (ആഗസ്ത് എട്ട്)

1997
രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം

1998
ക്യാപ്റ്റന്‍ സ്ഥാനത്ത് പരാജയം. 17 ടെസ്റ്റുകളില്‍ മൂന്ന് ജയം മാത്രം. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്ത് (ജനവരി 2)
* ഷാര്‍ജ കപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ തുടരെ രണ്ട് സെഞ്ച്വറികള്‍. ഇന്ത്യയ്ക്ക് കിരീടം (ഏപ്രില്‍ 22-24)

1999
വീണ്ടും ക്യാപ്റ്റന്‍. മുഹമ്മദ് അസ്ഹറുദീന്റെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പില്‍ പരാജയപ്പെട്ടപ്പോള്‍ നേതൃത്വം ഏറ്റെടുക്കേണ്ടിവന്നു (ജൂലായ് 28 )
* പദ്മശ്രീ

2000
ഷാര്‍ജയില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയത് ഒമ്പത് തവണ. ഒടുവിലത്തെ നേട്ടം ശ്രീലങ്കയ്‌ക്കെതിരെ (ഒക്ടോബര്‍ 20)

2001
പതിനായിരത്തിന്റെ തിളക്കം. ഏകദിന ക്രിക്കറ്റില്‍ ആദ്യം 10,000 റണ്‍സ് തികയ്ക്കുന്ന താരമായി. ഇന്‍ഡോറില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി(139)യുമായി (മാര്‍ച്ച് 31)
* പന്തില്‍ തിരിമറി കാട്ടിയെന്ന് മാച്ച് റഫറി മൈക്ക് ഡെന്നീസിന്റെ കുറ്റാരോപണം. പോര്‍ട്ട് എലിസബത്ത് ടെസ്റ്റിനിടെ ഉണ്ടായ ആരോപണത്തിനെതിരെ ഇന്ത്യയൊന്നാകെ രംഗത്ത്. മാച്ച് റഫറിയോട് തീരുമാനം പുനപ്പരിശോധിക്കാന്‍ ഐ.സി.സി. ആവശ്യപ്പെട്ടു.കരിയറിലാകെ മാന്യത ചോദ്യം ചെയ്യപ്പെട്ട സംഭവം (2001 നവംബര്‍ 19)

2002
ഡോണ്‍ ബ്രാഡ്മാന്റെ 29 സെഞ്ച്വറികള്‍ എന്ന നേട്ടം മറികടക്കുന്നു. ഹെഡിങ്‌ലിയില്‍ ഇംഗ്ലണ്ടിനെതിരെ (ആഗസ്ത് 22-23)

2003
ലോകകപ്പിന്റെ താരം. 61.18 ശരാശരിയില്‍ 673 റണ്‍സ്. ( ഫിബ്രവരി-മാര്‍ച്ച്)

2004
സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ 241 നോട്ടൗട്ട് (ജനവരി 2-4)
* വില്ലനായി പരിക്ക്. ടെന്നീസ് എല്‍ബോയുടെ രംഗപ്രവേശം. (ആഗസ്ത്)

2005
ടെസ്റ്റ് ക്രിക്കറ്റിലും 10.000 റണ്‍സ്. നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാന്‍.കൊല്‍ക്കത്തയില്‍ പാകിസ്താനെതിരെ ( മാര്‍ച്ച് 16)
* ഗാവസ്‌കറും പിന്നില്‍. ഡല്‍ഹിയില്‍ ശ്രീലങ്കയ്‌ക്കെതിരെ 109 റണ്‍സ് നേടി ടെസ്റ്റ് സെഞ്ച്വറി നേട്ടത്തില്‍ ഗാവസ്‌കറെ(34) പിന്തള്ളി (ഡിസംബര്‍ 10)

2006
മുംബൈ ആരാധകരുടെ കൂവല്‍. ഇംഗ്ലണ്ടിനെതിരെ 33 മിനിറ്റിനിടെ നേടിയത് ഒരു റണ്‍സ്. ആരാധകരുടെ കൂക്കിവിളിയ്ക്കിടെ മടക്കം (മാര്‍ച്ച് 19)

2007
ആദ്യമായി നിര്‍ബന്ധിത വിശ്രമം. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍നിന്ന് ഒഴിവാക്കി. (മെയ്)

2008
സിഡ്‌നിയില്‍ പുറത്താകാതെ 154 റണ്‍സ്. ബംഗ്ലാദേശ് ഒഴികെയുള്ള എതിരാളികള്‍ക്കെതിരെ രണ്ടുവര്‍ഷത്തിനിടെ ആദ്യ ടെസ്റ്റ് സെഞ്ച്വറി ( ജനവരി നാല്)
*സി.ബി.സീരീസ് ത്രിരാഷ്ട്ര പരമ്പരയുടെ ആദ്യ ഫൈനലില്‍ സിഡ്‌നിയില്‍ സെഞ്ച്വറി. ഓസ്‌ട്രേലിയയില്‍ ആദ്യ ഏകദിന സെഞ്ച്വറി. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ ത്രിരാഷ്ട്ര ടൂര്‍ണമെന്‍റ് വിജയം (മാര്‍ച്ച് 2)
* ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ്. ഓസ്്‌ട്രേലിയക്കെതിരെ മൊഹാലിയില്‍ നടന്ന ടെസ്റ്റിനിടെ പീറ്റര്‍ സിഡിലിനെ ബൗണ്ടറിയടിച്ച് ബ്രയന്‍ ലാറയുടെ റെക്കോഡ് മറികടന്നു (ഒക്ടോബര്‍ 17)
* പദ്മവിഭൂഷണ്‍

2009
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഹൈദരാബാദില്‍ 175 റണ്‍സ്. തന്റെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സുകളിലൊന്നെന്ന് സച്ചിന്‍.(ഒക്ടോബര്‍ ....)

2010 ഫിബ്രവരി 24ന്
ദക്ഷിണാഫ്രിക്കക്കെതിരെ ഗ്വാളിയറില്‍ ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിയും(200 നോട്ടൗട്ട്) സച്ചിന്‍ നേടി.

2010 ഡിസംബര്‍ 19ന്
ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനില്‍ കരിയറിലെ 50 ാം സെഞ്ച്വറി



ganangal
Discuss Sachin_Video Sachin_PostMessage Sachin_Discussion