
50@സെഞ്ചൂറിയന്‍
Posted on: 20 Dec 2010

സെഞ്ചൂറിയന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 50-ാമത്തെ സെഞ്ച്വറിയും തികച്ച് ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നാഴികക്കല്ല് പിന്നിട്ടു. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു സച്ചിന്റെ ഈ ചരിത്രനേട്ടം.
സച്ചിന്റെ അഭിമാനാര്‍ഹമായ നേട്ടത്തിനിടയിലും ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ കീഴടങ്ങിയത്. ഇന്ത്യന്‍ ഇന്നിങ്‌സ് 459 റണ്‍സില്‍ അവസാനിക്കുമ്പോള്‍ കരിയറിലെ അമ്പതാംസെഞ്ചുറിയുമായി ക്രീസില്‍ ഉറച്ചുനിന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 111 റണ്‍സുമായി അപരാജിതനായി ക്രീസിലുണ്ടായിരുന്നു.
അനിവാര്യമായ ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കാനുള്ള സച്ചിന്റെ പോരാട്ടത്തിന് വാലറ്റത്ത് പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. തോല്‍വി ഉറപ്പിച്ചിരുന്നെങ്കിലും സച്ചിന്‍ ക്രീസിലുള്ളതിനാല്‍ രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്നിങ്‌സ് പരാജയം ഒഴിവാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ശ്രീശാന്തിനെ(3) അഞ്ചാം ദിവസം തുടക്കത്തില്‍ തന്നെ മോര്‍ക്കല്‍ പുറത്താക്കി. പിന്നാലെ അവസാന ബാറ്റ്‌സ്മാനായ ഉനക്ദടും(1) പുറത്താകുമ്പോള്‍ ഇന്നിങ്‌സ് തോല്‍വി എന്ന നാണക്കേടില്‍ നിന്ന് 25 റണ്‍സ് അകലെയായിരുന്നു ടീം ഇന്ത്യ. 454-8 എന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് അഞ്ച് റണ്‍സ് മാത്രമാണ് ഇന്ന് കൂട്ടിച്ചേര്‍ക്കാനായത്. ഇതില്‍ നാല് റണ്‍സും സച്ചിന്റെ സംഭാവനയാണ്. ക്രിസ്മസ് ദിനത്തില്‍ ഡര്‍ബനിലാണ് രണ്ടാം ടെസ്റ്റ്. ഒന്നാം ഇന്നിങ്‌സിലെ വന്‍ തകര്‍ച്ചയാണ് സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിധിയെഴുതിയത്. 136 എന്ന ദുര്‍ബലമായ സ്‌കോറില്‍ പുറത്തായതിന് പിന്നാലെ നാലിന് 620 എന്ന കൂറ്റന്‍ സ്‌കോര്‍ ആതിഥേയര്‍ പടുത്തുയര്‍ത്തുകയും ചെയ്തതതോടെ ഇന്ത്യക്ക് തോല്‍വി സുനിശ്ചിതമായി. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങ് നിര രണ്ടാം ഇന്നിങ്‌സില്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്. പക്ഷേ 459 റണ്‍സ് തോല്‍വി ഒഴിവാക്കാന്‍ മതിയാകാതെ വന്നു.
* ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് 50-ാം സെഞ്ച്വറി
* സെഞ്ച്വറി നേട്ടത്തില്‍ അര്‍ധസെഞ്ച്വറി തികയ്ക്കുന്ന ആദ്യ കളിക്കാരന്‍
* അഭേദ്യമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നേട്ടം കുറിച്ചത് ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനില്‍ ( 107*)
* 175 ടെസ്റ്റില്‍ സച്ചിന്‍ നേടിയത് 14509 റണ്‍സ്, അര്‍ധ സെഞ്ച്വറി 59
* 442 ഏകദിനങ്ങളില്‍ 17598 റണ്‍സ്, 46 സെഞ്ച്വറി, 93 അര്‍ധസെഞ്ച്വറി