Mathrubhumi Logo
  ramzan

ഖുര്‍ആന്‍ ചിന്തകള്‍

ഡോ. ഹുസൈന്‍ രണ്ടത്താണി Posted on: 18 Sep 2009

വിനയാന്വിതരാവുക

വിശുദ്ധ മാസം വിട പറയുകയാണ്. പാപങ്ങളുടെ കദനഭാരം ഇറക്കി ഹൃദയം സ്ഫുടം ചെയ്ത് യഥാര്‍ഥ വിശ്വാസിയായി, മനുഷ്യനായി നാം മാറിയിട്ടുണ്ടാവണം. ഒന്നു പിന്നോട്ട് തിരിഞ്ഞു നോക്കുക. ഇന്നലെയുടെ പാപങ്ങളില്‍ നിന്ന് നാം മുക്തരല്ലേ. ഇനിയങ്ങോട്ട് പാപരഹിതനായി ജീവിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും തീരുമാനിച്ചല്ലോ? ഇനിയുള്ള നാളുകള്‍ പരമാവധി സൂക്ഷിച്ച് ജീവിക്കുക. തെറ്റിലേക്ക് വഴുതുന്ന മനസ്സിനെ പിടിച്ചുനിറുത്തുക. ഇല്ല, പാപത്തിലേക്കില്ല എന്ന് ദൃഢപ്രതിജ്ഞ ചെയ്തുകൊണ്ടിരിക്കുക. അപ്പോള്‍ നമ്മളറിയാതെ തന്നെ വിനയാന്വിതനായി മാറും. മറ്റുള്ളവരെ ആത്മാര്‍ഥമായി സ്‌നേഹിച്ച് തുടങ്ങും. സ്വാര്‍ത്ഥതയും അഹങ്കാരവും നമ്മെ തൊട്ടുതീണ്ടില്ല. നാവുകൊണ്ട് നല്ലതേ പറയൂ. നോമ്പിന്റെ ഫലം ഇങ്ങനെയാണ് അനുഭവിച്ചറിയേണ്ടത്.

വീണ്ടും ഓര്‍ക്കുക; സ്വാര്‍ത്ഥത ഒരര്‍ഥത്തില്‍ ബഹുദൈവ വിശ്വാസമാണ്. ചെയ്യുന്ന കര്‍മങ്ങള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടാകണം. സ്വാര്‍ത്ഥതയ്ക്കായി കര്‍മം ചെയ്യുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു. ''ജനങ്ങളുടെ സാന്നിധ്യത്തില്‍ നിസ്‌കാരം ഭംഗിയായി നിര്‍വഹിക്കുകയും അവരുടെ അഭാവത്തില്‍ അലസമായി നിസ്‌കരിക്കുകയും ചെയ്യുന്നവര്‍ അല്ലാഹുവിനെയാണ് നിന്ദിക്കുന്നത്.''(നബി വചനം)

അഹങ്കാരം, അസൂയ, അത്യാഗ്രഹം എന്നിവ സകല പാപങ്ങളുടേയും മൂലകാരണങ്ങളാണ്. ആദിമനുഷ്യന്റെ ചരിത്രത്തില്‍ തന്നെ ഈ വിപത്തുകളുടെ തിക്തഫലം ദൈവം നമ്മെ അറിയിച്ചുതന്നില്ലേ? ആദമിന് സാഷ്ടാംഗം നമിക്കാന്‍ മാലാഖമാരോട് അല്ലാഹു കല്പിച്ചപ്പോള്‍ അഹങ്കാരം മൂത്ത ഇബ്‌ലീസ് അതിന് സമ്മതിച്ചില്ല. ഫലമോ, ഇബ്‌ലീസ് പിശാചായി രൂപാന്തരപ്പെട്ടു. അത്യാഗ്രഹമാണ് വിലക്കപ്പെട്ട കനി തിന്നാന്‍ ആദമിനെ പ്രേരിപ്പിച്ചത്. അസൂയ കൊണ്ടാണ് ആദമിന്റെ പുത്രന്‍ സഹോദരനെ വധിച്ചത്. ദുര്‍ഗുണങ്ങള്‍ മനുഷ്യനെ മ്യഗതുല്യനാക്കുന്നു എന്നാണ് ഈ സംഭവങ്ങള്‍ പഠിപ്പിക്കുന്നത്. പണത്തിനും സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കും വേണ്ടി സ്വന്തം സഹോദരനെ വധിക്കുന്ന വാര്‍ത്തകള്‍ നിത്യവും നാം കേട്ടുകൊണ്ടിരിക്കുകയാണ്. വ്രതത്തിലൂടെ സാഹോദര്യം കൈവരിക്കാന്‍ നമുക്ക് കഴിയുമാറാവണം. ആരാധനകള്‍ വഴി മനുഷ്യന്റെ മനസ്സു നന്നാവട്ടെ. ആരാധനകളെ ആവേശമായി കാണുമ്പോള്‍ മനസ്സില്‍ സാമൂഹിക ബോധവും സ്‌നേഹവും ജനിക്കണമെന്നില്ല. അത് വിശ്വാസങ്ങളെ കുറിച്ച് ദുരഭിമാനം വളര്‍ത്തും. സമൂഹത്തെ മാനിക്കാത്ത ആരാധനകള്‍ നിഷ്ഫലമാണെന്ന് അല്ലാഹു പറയുന്നു. ''അശ്രദ്ധരായി നിസ്‌കരിക്കുന്നവര്‍ക്കാണ് നാശം. അവരുടെ പ്രാര്‍ഥനകള്‍ മറ്റുള്ളവരെ കാണിക്കാനാണ്. മറ്റുള്ളവര്‍ക്കുള്ളസഹായം അവര്‍ തടഞ്ഞുവയ്ക്കുകയാണ്.'' 107/47.



ganangal


റംസാന്‍ സ്‌പെഷ്യല്‍ ലേഖനങ്ങള്‍

  12 »
Discuss